116ഞാൻ ജീവിച്ചിരിക്കേണ്ടതിന് നിന്റെ വചനപ്രകാരം എന്നെ താങ്ങണമേ; എന്റെ പ്രത്യാശയിൽ ഞാൻ ലജ്ജിച്ചുപോകരുതേ.
117ഞാൻ രക്ഷപെടേണ്ടതിന് എന്നെ താങ്ങണമേ; നിന്റെ ചട്ടങ്ങൾ ഞാൻ നിരന്തരം അനുസരിക്കും.
118നിന്റെ ചട്ടങ്ങൾ ഉപേക്ഷിക്കുന്ന സകലരേയും നീ നിരസിക്കുന്നു; അവരുടെ വഞ്ചന വ്യർത്ഥമാകുന്നു.
119ഭൂമിയിലെ സകലദുഷ്ടന്മാരെയും നീ മാലിന്യം പോലെ നീക്കിക്കളയുന്നു; അതുകൊണ്ട് നിന്റെ സാക്ഷ്യങ്ങൾ എനിക്കു പ്രിയമാകുന്നു.
120നിന്നെക്കുറിച്ചുള്ള ഭയം നിമിത്തം എന്റെ ദേഹം വിറയ്ക്കുന്നു; നിന്റെ വിധികൾനിമിത്തം ഞാൻ ഭയപ്പെടുന്നു.
121ഞാൻ നീതിയും ന്യായവും പ്രവർത്തിക്കുന്നു; എന്റെ പീഡകന്മാർക്ക് എന്നെ ഏല്പിച്ചുകൊടുക്കരുതേ.
122അടിയന്റെ നന്മയ്ക്കുവേണ്ടി ഉത്തരവാദി ആയിരിക്കണമേ; അഹങ്കാരികൾ എന്നെ പീഡിപ്പിക്കരുതേ.
123എന്റെ കണ്ണ് നിന്റെ രക്ഷയെയും നിന്റെ നീതിയുടെ വചനത്തെയും കാത്തിരുന്ന് ക്ഷീണിക്കുന്നു.
124നിന്റെ ദയക്കു തക്കവണ്ണം അടിയനോടു പ്രവർത്തിച്ച്, നിന്റെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചുതരണമേ.
125ഞാൻ നിന്റെ ദാസൻ ആകുന്നു; നിന്റെ സാക്ഷ്യങ്ങൾ ഗ്രഹിക്കുവാൻ എനിക്കു ബുദ്ധി നല്കണമേ.
126യഹോവേ, ഇത് നിനക്കു പ്രവർത്തിക്കുവാനുള്ള സമയമാകുന്നു; അവർ നിന്റെ ന്യായപ്രമാണം ദുർബ്ബലമാക്കിയിരിക്കുന്നു.
127അതുകൊണ്ട് നിന്റെ കല്പനകൾ എനിക്ക് പൊന്നിലും തങ്കത്തിലും അധികം പ്രിയമാകുന്നു.
128അതുകൊണ്ട് നിന്റെ സകലപ്രമാണങ്ങളും സത്യമെന്ന് കരുതി, ഞാൻ സകലവ്യാജമാർഗ്ഗങ്ങളും വെറുക്കുന്നു.
129നിന്റെ സാക്ഷ്യങ്ങൾ അതിശയകരമാകയാൽ എന്റെ മനസ്സ് അവ പ്രമാണിക്കുന്നു.
130നിന്റെ വചനങ്ങളുടെ പ്രവേശനം പ്രകാശം പ്രദാനം ചെയ്യുന്നു; അത് അല്പബുദ്ധികളെ ബുദ്ധിമാന്മാരാക്കുന്നു.
131നിന്റെ കല്പനകൾക്കായി വാഞ്ഛിക്കുകയാൽ ഞാൻ വായ് തുറന്ന് കിതയ്ക്കുന്നു.
132തിരുനാമത്തെ സ്നേഹിക്കുന്നവർക്ക് നീ ചെയ്യുന്നതുപോലെ എങ്കലേക്കു തിരിഞ്ഞ് എന്നോടു കൃപ ചെയ്യണമേ.
133എന്റെ കാലടികൾ നിന്റെ വചനത്തിൽ സ്ഥിരമാക്കണമേ; യാതൊരു നീതികേടും എന്നെ ഭരിക്കരുതേ.
134മനുഷ്യന്റെ പീഡനത്തിൽനിന്ന് എന്നെ വിടുവിക്കണമേ; എന്നാൽ ഞാൻ നിന്റെ പ്രമാണങ്ങൾ അനുസരിക്കും.
135അടിയന്റെമേൽ നിന്റെ മുഖം പ്രകാശിപ്പിച്ച് നിന്റെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരണമേ.
136അവർ നിന്റെ ന്യായപ്രമാണം അനുസരിക്കാത്തതിനാൽ എന്റെ കണ്ണിൽനിന്ന് ജലനദികൾ ഒഴുകുന്നു.