Text copied!
CopyCompare
മലയാളം ബൈബിള്‍ - അപ്പൊ. പ്രവൃത്തികൾ - അപ്പൊ. പ്രവൃത്തികൾ 28

അപ്പൊ. പ്രവൃത്തികൾ 28:13-30

Help us?
Click on verse(s) to share them!
13ഒരു ദിവസം കഴിഞ്ഞിട്ട് തെക്കൻ കാറ്റ് അടിച്ചതിനാൽ രണ്ടാംദിവസം ഞങ്ങൾ പുത്യൊലി പട്ടണത്തിൽ എത്തി.
14അവിടെ ചില സഹോദരന്മാരെ കണ്ട്, തങ്ങളോടുകൂടെ ഏഴ് നാൾ താമസിക്കേണം എന്ന് അവർ അപേക്ഷിച്ചു; പിന്നെ ഞങ്ങൾ റോമിൽ എത്തി.
15അവിടുത്തെ സഹോദരന്മാർ ഞങ്ങളുടെ വർത്തമാനം കേട്ടിട്ട് അപ്യപുരവും ത്രിമണ്ഡപവും വരെ ഞങ്ങളെ എതിരേറ്റുവന്നു; അവരെ കണ്ടിട്ട് പൗലൊസ് ദൈവത്തെ വാഴ്ത്തുകയും ധൈര്യം പ്രാപിക്കുകയും ചെയ്തു.
16റോമയിൽ എത്തിയശേഷം തനിക്ക് കാവലായ പടയാളിയോടുകൂടെ വേറിട്ട് പാർപ്പാൻ പൗലൊസിന് അനുവാദം കിട്ടി.
17മൂന്ന് ദിവസം കഴിഞ്ഞിട്ട് അവൻ യെഹൂദന്മാരിൽ പ്രധാനികളായവരെ വിളിപ്പിച്ചു. അവർ വന്നുകൂടിയപ്പോൾ അവരോട് പറഞ്ഞത്: “സഹോദരന്മാരേ, ഞാൻ ജനത്തിനോ പിതാക്കന്മാരുടെ ആചാരങ്ങൾക്കോ വിരോധം ഒന്നും ചെയ്തിട്ടില്ലാതിരിക്കെ എന്നെ യെരൂശലേമിൽനിന്ന് ബദ്ധനായി റോമക്കാരുടെ കയ്യിൽ ഏല്പിച്ചു.
18അവർ വിസ്തരിച്ചപ്പോൾ മരണയോഗ്യമായത് ഒന്നും എന്നിൽ കാണാത്തതുകൊണ്ട് എന്നെ വിട്ടയപ്പാൻ അവർ ആഗ്രഹിച്ചിരുന്നു.
19എന്നാൽ അവരുടെ ആഗ്രഹത്തിന് യെഹൂദന്മാർ എതിർപറഞ്ഞതുകൊണ്ട്; എന്റെ ജനങ്ങൾക്കെതിരെ അന്യായം ബോധിപ്പിക്കുവാൻ എനിക്ക് യാതൊന്നും ഇല്ലെങ്കിലും ഞാൻ കൈസരെ അഭയം ചൊല്ലേണ്ടിവന്നു.
20ഇതു മുഖാന്തരം നിങ്ങളെ കണ്ട് സംസാരിക്കണം എന്നുവിചാരിച്ച് ഞാൻ നിങ്ങളെ വിളിപ്പിച്ചു. യിസ്രായേലിന്റെ ദൃഢവിശ്വാസത്തിനുവേണ്ടിയാകുന്നു ഞാൻ ഈ ചങ്ങലയാൽ ബന്ധിയ്ക്കപ്പെട്ടിരിക്കുന്നത്.”
21അവർ അവനോട്: “നിന്റെ സംഗതിയ്ക്ക് യെഹൂദ്യയിൽനിന്ന് ഞങ്ങൾക്ക് എഴുത്തു വരികയോ സഹോദരന്മാരിൽ ആരും വന്ന് നിന്നെക്കുറിച്ച് യാതൊരു ദോഷവും പറകയോ ചെയ്തിട്ടില്ല.
22എങ്കിലും എല്ലായിടത്തും ഈ വിഭാഗം ജനങ്ങൾക്ക് വിരോധമായി സംസാരിക്കുന്നു എന്ന് ഞങ്ങൾ അറിയുന്നതുകൊണ്ട് നിന്റെ വിശ്വാസം ഇന്നത് എന്ന് നീ തന്നെ പറഞ്ഞുകേൾപ്പാൻ ആഗ്രഹിക്കുന്നു” എന്നു പറഞ്ഞു.
23ഒരു ദിവസം നിശ്ചയിച്ചിട്ട് അനേകർ അവന്റെ പാർപ്പിടത്തിൽ അവന്റെ അടുക്കൽ വന്നു; അവൻ അവരോട് ദൈവരാജ്യത്തിന് സാക്ഷ്യം പറഞ്ഞു, മോശെയുടെ ന്യായപ്രമാണവും പ്രവാചകപുസ്തകങ്ങളും ആധാരമാക്കി യേശുവിനെക്കുറിച്ച് അവർ വിശ്വസിക്കാൻ തക്കവണ്ണം രാവിലെ തുടങ്ങി സന്ധ്യവരെ വിവരിച്ചു.
24അവൻ പറഞ്ഞത് ചിലർ സമ്മതിച്ചു; മറ്റുള്ളവർ വിശ്വസിച്ചില്ല.
25അവർ തമ്മിൽ യോജിക്കാതെ പിരിഞ്ഞുപോകുമ്പോൾ പൗലൊസ് അവരോട് ഒരു വാക്ക് പറഞ്ഞതെന്തെന്നാൽ:
26“ ‘നിങ്ങൾ ചെവികൊണ്ട് കേട്ടിട്ടും ഗ്രഹിക്കാതിരിക്കും; കണ്ണുകൊണ്ട് കണ്ടിട്ടും കാണാതിരിക്കും; കണ്ണുകൊണ്ട് കാണാതെയും ചെവികൊണ്ട് കേൾക്കാതെയും ഹൃദയംകൊണ്ട് ഗ്രഹിച്ച് മനന്തിരിയാതെയും.
27ഞാൻ അവരെ സൗഖ്യമാക്കാതെയും ഇരിക്കേണ്ടതിന് ഈ ജനത്തിന്റെ ഹൃദയം തടിച്ചിരിക്കുന്നു. അവരുടെ ചെവി കേൾക്കുവാൻ മന്ദമായിരിക്കുന്നു; അവരുടെ കണ്ണ് അടച്ചിരിക്കുന്നു എന്ന് ഈ ജനത്തിന്റെ അടുക്കൽ പോയി പറക’ എന്നിങ്ങനെ പരിശുദ്ധാത്മാവ് യെശയ്യാപ്രവാചകൻ മുഖാന്തരം നിങ്ങളുടെ പിതാക്കന്മാരോട് പറഞ്ഞിരിക്കുന്നത് ശരിതന്നെ.
28ആകയാൽ ദൈവം തന്റെ ഈ രക്ഷ ജാതികൾക്ക് അയച്ചിരിക്കുന്നു; അവർ കേൾക്കും എന്നു നിങ്ങൾ അറിഞ്ഞുകൊൾവിൻ.”
29അവൻ സ്വന്തമായി വാടകയ്ക്കെടുത്ത വീട്ടിൽ രണ്ട് വർഷം മുഴുവൻ താമസിച്ച്, തന്റെ അടുക്കൽ വരുന്നവരെ ഒക്കെയും സ്വീകരിച്ചു.
30പൂർണ്ണ പ്രാഗത്ഭ്യത്തോടെ യാതൊരു വിഘ്നവും കൂടാതെ ദൈവരാജ്യം പ്രസംഗിച്ചും കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ച് ഉപദേശിച്ചും പോന്നു.

Read അപ്പൊ. പ്രവൃത്തികൾ 28അപ്പൊ. പ്രവൃത്തികൾ 28
Compare അപ്പൊ. പ്രവൃത്തികൾ 28:13-30അപ്പൊ. പ്രവൃത്തികൾ 28:13-30