13എന്നാൽ അവിടെ പുരുഷാരം ഉണ്ടായിരിക്കയാൽ യേശു മാറിക്കളഞ്ഞതുകൊണ്ടു അവൻ ആരെന്ന് സൌഖ്യം പ്രാപിച്ചവൻ അറിഞ്ഞില്ല.
14അനന്തരം യേശു അവനെ ദൈവാലയത്തിൽവച്ച് കണ്ട് അവനോട്: നോക്കു, നിനക്ക് സൌഖ്യമായല്ലോ; അധികം തിന്മയായത് ഭവിക്കാതിരിക്കുവാൻ ഇനി പാപം ചെയ്യരുത് എന്നു പറഞ്ഞു.
15ആ മനുഷ്യൻ പോയി തന്നെ സൌഖ്യമാക്കിയത് യേശു ആണെന്ന് യെഹൂദന്മാരോട് അറിയിച്ചു.
16യേശു ശബ്ബത്തിൽ അത് ചെയ്തതുകൊണ്ടു യെഹൂദന്മാർ അവനെ ഉപദ്രവിച്ചു.
17യേശു അവരോട്: എന്റെ പിതാവ് ഇന്നുവരെയും പ്രവർത്തിക്കുന്നു; ഞാനും പ്രവർത്തിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
18അങ്ങനെ അവൻ ശബ്ബത്തിനെ ലംഘിച്ചതുകൊണ്ടു മാത്രമല്ല, ദൈവം സ്വന്തപിതാവ് എന്നു പറഞ്ഞു തന്നെത്താൻ ദൈവത്തോടു സമമാക്കിയതുകൊണ്ടും യെഹൂദന്മാർ അവനെ കൊല്ലുവാൻ അധികമായി ശ്രമിച്ചു പോന്നു.
19ആകയാൽ യേശു അവരോട് ഉത്തരം പറഞ്ഞത്: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പിതാവ് ചെയ്തു കാണുന്നത് അല്ലാതെ പുത്രന് സ്വയമായി ഒന്നും ചെയ്‌വാൻ കഴിയുകയില്ല; അവൻ ചെയ്യുന്നതു എല്ലാം പുത്രനും അപ്രകാരം തന്നേ ചെയ്യുന്നു.
20പിതാവ് പുത്രനെ സ്നേഹിക്കയും താൻ ചെയ്യുന്നതു ഒക്കെയും അവന് കാണിച്ചുകൊടുക്കുകയും ചെയ്യുന്നു; നിങ്ങൾ ആശ്ചര്യപ്പെടത്തക്കവിധം ഇവയിൽ വലിയ പ്രവൃത്തികളും അവന് കാണിച്ചുകൊടുക്കും.
21പിതാവ് മരിച്ചവരെ ഉയിർത്തെഴുന്നേല്പിച്ച് അവർക്ക് ജീവൻ നൽകുന്നതുപോലെതന്നെ പുത്രനും താൻ ഇച്ഛിക്കുന്നവർക്ക് ജീവൻ നൽകുന്നു.
22എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന് പിതാവ് ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന് കൊടുത്തിരിക്കുന്നു.
23പുത്രനെ ബഹുമാനിയ്ക്കാത്തവൻ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല.
24ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ട് എന്നെ അയച്ചവനെ വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ട്; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവങ്കലേക്ക് കടന്നിരിക്കുന്നു.
25ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: മരിച്ചവർ ദൈവപുത്രന്റെ ശബ്ദം കേൾക്കുകയും കേൾക്കുന്നവർ ജീവിക്കയും ചെയ്യുന്ന നാഴികവരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു.
26പിതാവിന് തന്നിൽതന്നേ ജീവനുള്ളതുപോലെ, പുത്രനും തന്നിൽതന്നേ ജീവനുണ്ടാകുവാൻ തക്കവണ്ണം അവൻ അങ്ങനെ നല്കിയിരിക്കുന്നു.
27അവൻ മനുഷ്യപുത്രൻ ആകയാൽ ന്യായവിധി നടത്തുവാൻ പിതാവ് അവന് അധികാരവും നല്കിയിരിക്കുന്നു.
28ഇതിങ്കൽ ആശ്ചര്യപ്പെടരുത്; കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേൾക്കുവാനുള്ള സമയം വരുന്നു,
29നന്മ ചെയ്തിട്ടുള്ളവർ ജീവന്റെ ഉയിർപ്പിനായും തിന്മ ചെയ്തിട്ടുള്ളവർ ശിക്ഷാവിധിയ്ക്കുള്ള ഉയിർപ്പിനായും പുറത്തു വരും.
30എനിക്ക് സ്വന്തമായി ഒന്നും ചെയ്‌വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‌വാൻ ഇച്ഛിക്കുന്നതുകൊണ്ട് എന്റെ വിധി നീതിയുള്ളത് ആകുന്നു.
31ഞാൻ എന്നെക്കുറിച്ച് തന്നേ സാക്ഷ്യം പറഞ്ഞാൽ എന്റെ സാക്ഷ്യം സത്യമല്ല.
32എന്നെക്കുറിച്ച് സാക്ഷ്യം പറയുന്നത് മറ്റൊരുത്തൻ ആകുന്നു; അവൻ എന്നെക്കുറിച്ച് പറയുന്ന സാക്ഷ്യം സത്യം എന്നു ഞാൻ അറിയുന്നു.
33നിങ്ങൾ യോഹന്നാന്റെ അടുക്കൽ ആളയച്ച്; അവൻ സത്യത്തിന് സാക്ഷ്യം പറഞ്ഞിരിക്കുന്നു.
34ഞാൻ മനുഷ്യരുടെ സാക്ഷ്യം സ്വീകരിക്കുന്നില്ല, എങ്കിലും നിങ്ങൾ രക്ഷിയ്ക്കപ്പെടുവാനത്രേ ഞാൻ ഇതു പറയുന്നത്.
35യോഹന്നാൻ ജ്വലിച്ചു പ്രകാശിക്കുന്ന വിളക്കു ആയിരുന്നു; നിങ്ങൾ അല്പകാലത്തേക്ക് അവന്റെ വെളിച്ചത്തിൽ ഉല്ലസിക്കുവാൻ ഇച്ഛിച്ചു.