8ഈ പ്രസ്താവന കേട്ടപ്പോൾ പീലാത്തോസ് ഏറ്റവും ഭയപ്പെട്ടു,
9അവൻ പിന്നെയും ആസ്ഥാനത്തിൽ ചെന്ന്; ‘നീ എവിടെ നിന്നു ആകുന്നു’ എന്നു യേശുവിനോടു ചോദിച്ചു. യേശു അവനോട് മറുപടിയൊന്നും പറഞ്ഞില്ല.
10അപ്പോൾ പീലാത്തോസ് അവനോട്: നീ എന്നോട് സംസാരിക്കുന്നില്ലയോ? എനിക്ക് നിന്നെ ക്രൂശിപ്പാൻ അധികാരമുണ്ടെന്നും, നിന്നെ വിട്ടയപ്പാൻ അധികാരമുണ്ടെന്നും നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന്
11യേശു അവനോട്: ഉയരത്തിൽനിന്ന് നൽകപ്പെട്ടില്ലായിരുന്നെങ്കിൽ എന്റെമേൽ നിനക്ക് ഒരധികാരവും ഉണ്ടാകയില്ലായിരുന്നു; അതുകൊണ്ട് എന്നെ നിന്റെ പക്കൽ ഏല്പിച്ചവന് അധികം പാപം ഉണ്ട് എന്നു ഉത്തരം പറഞ്ഞു.
12ഈ വാക്കുനിമിത്തം പീലാത്തോസ് അവനെ വിട്ടയപ്പാൻ ശ്രമിച്ചു. യഹൂദന്മാരോ: നീ ഇവനെ വിട്ടയച്ചാൽ കൈസരുടെ സ്നേഹിതൻ അല്ല; തന്നെത്താൻ രാജാവാക്കുന്നവൻ എല്ലാം കൈസരോട് മത്സരിക്കുന്നുവല്ലോ എന്നു ആർത്തുപറഞ്ഞു.
13ഈ വാക്കുകൾ കേട്ടപ്പോൾ പീലാത്തോസ് യേശുവിനെ പുറത്തു കൊണ്ടുവന്നു, ‘കല്ത്തളമെന്നും’ എബ്രായഭാഷയിൽ ‘ഗബ്ബഥാ’ എന്നും വിളിക്കപ്പെടുന്ന സ്ഥലത്തുള്ള ന്യായാസനത്തിൽ ഇരുന്നു.
14അപ്പോൾ പെസഹയുടെ ഒരുക്കനാൾ ഏകദേശം ആറാം മണിനേരം ആയിരുന്നു. അവൻ യെഹൂദന്മാരോട്: “ഇതാ, നിങ്ങളുടെ രാജാവ്” എന്നു പറഞ്ഞു.
15അവരോ: അവനെ കൊണ്ടുപോക, അവനെ കൊണ്ടുപോക; അവനെ ക്രൂശിയ്ക്ക! എന്നു നിലവിളിച്ചു. നിങ്ങളുടെ രാജാവിനെ ഞാൻ ക്രൂശിക്കേണമോ എന്നു പീലാത്തോസ് അവരോട് ചോദിച്ചു; അതിന് മുഖ്യപുരോഹിതന്മാർ: ഞങ്ങൾക്കു കൈസരല്ലാതെ മറ്റൊരു രാജാവില്ല എന്നു ഉത്തരം പറഞ്ഞു.
16അപ്പോൾ അവൻ യേശുവിനെ ക്രൂശിക്കേണ്ടതിന് അവർക്ക് ഏല്പിച്ചുകൊടുത്തു.