24ഇതു കീറരുത്; ആർക്ക് വരും എന്നു ചീട്ടിടുക എന്നു അവർ തമ്മിൽ പറഞ്ഞു. “എന്റെ വസ്ത്രം അവർ പകുത്തെടുത്തു എന്റെ അങ്കിക്കായി ചീട്ടിട്ടു” എന്നുള്ള തിരുവെഴുത്തിന് ഇതിനാൽ നിവൃത്തി വന്നു. പടയാളികൾ ഇങ്ങനെ ഒക്കെയും ചെയ്തു.
25യേശുവിന്റെ ക്രൂശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു.
26യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും നില്ക്കുന്നതു കണ്ടിട്ട്: സ്ത്രീയേ, ഇതാ നിന്റെ മകൻ എന്നു അമ്മയോട് പറഞ്ഞു.
27പിന്നെ ശിഷ്യനോട്: ഇതാ നിന്റെ അമ്മ എന്നും പറഞ്ഞു. ആ നാഴികമുതൽ ആ ശിഷ്യൻ അവളെ തന്റെ വീട്ടിൽ കൈക്കൊണ്ട്.
28അതിന്റെശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ട് തിരുവെഴുത്തുകൾ നിവൃത്തിയാകുംവണ്ണം: “എനിക്ക് ദാഹിക്കുന്നു” എന്നു പറഞ്ഞു.
29അവിടെ പുളിച്ച വീഞ്ഞ് നിറഞ്ഞൊരു പാത്രം വെച്ചിട്ടുണ്ടായിരുന്നു; അവർ ഒരു സ്പോങ്ങ് പുളിച്ചവീഞ്ഞ് നിറച്ച് ഈസോപ്പുതണ്ടിന്മേൽ ആക്കി അവന്റെ വായോട് അടുപ്പിച്ചു.
30യേശു പുളിച്ചവീഞ്ഞ് കുടിച്ചശേഷം: “ഇത് നിവൃത്തിയായിരിക്കുന്നു” എന്നു പറഞ്ഞു തല ചായ്‌ച്ച് ആത്മാവിനെ ഏല്പിച്ചുകൊടുത്തു.
31അന്ന് ഒരുക്കനാളും ആ ശബ്ബത്ത് നാൾ വലിയതും ആകകൊണ്ട് ശരീരങ്ങൾ ശബ്ബത്തിൽ ക്രൂശിന്മേൽ ഇരിക്കരുത് എന്നുവച്ച് അവരുടെ കാലുകൾ ഒടിച്ച് ശരീരങ്ങൾ താഴെയിറക്കേണം എന്നു യെഹൂദന്മാർ പീലാത്തോസിനോട് അപേക്ഷിച്ചു.
32ആകയാൽ പടയാളികൾ വന്നു ഒന്നാമത്തവന്റെയും യേശുവിനോടുകൂടെ ക്രൂശിക്കപ്പെട്ട മറ്റവന്റെയും കാലുകൾ ഒടിച്ചു.
33അവർ യേശുവിന്റെ അടുക്കൽ വന്നപ്പോൾ, അവൻ മരിച്ചുകഴിഞ്ഞിരുന്നു എന്നു കാൺകയാൽ അവന്റെ കാലുകൾ ഒടിച്ചില്ല.
34എങ്കിലും പടയാളികളിൽ ഒരുവൻ കുന്തംകൊണ്ട് അവന്റെ വിലാപ്പുറത്ത് കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.
35ഇതു കണ്ടവൻ സാക്ഷ്യം പറഞ്ഞിരിക്കുന്നു; അവന്റെ സാക്ഷ്യം സത്യം ആകുന്നു; നിങ്ങളും വിശ്വസിക്കേണ്ടതിന് താൻ സത്യം പറയുന്നു എന്നു അവൻ അറിയുന്നു.
36“അവന്റെ ഒരു അസ്ഥിയും ഒടിഞ്ഞുപോകയില്ല” എന്നുള്ള തിരുവെഴുത്ത് നിവൃത്തിയാകേണ്ടതിന് ഇതു സംഭവിച്ചു.