24അതുകൊണ്ടു സൈന്യങ്ങളുടെ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “സീയോനിൽ വസിക്കുന്ന എന്റെ ജനമേ, അശ്ശൂർ വടികൊണ്ടു നിന്നെ അടിക്കുകയും മിസ്രയീമിലെ രീതിയിൽ നിന്റെ നേരെ ചൂരൽ ഓങ്ങുകയും ചെയ്താലും നീ അവനെ ഭയപ്പെടണ്ടാ.
25ഇനി അല്പസ്മയം കഴിഞ്ഞ് എന്റെ ക്രോധവും അവരുടെ സംഹാരത്തോടെ എന്റെ കോപവും തിർന്നുപോകും.”
26ഓറേബ് പാറയ്ക്കരികിൽ വച്ചുള്ള മിദ്യാന്റെ സംഹാരത്തിൽ എന്നപോലെ സൈന്യങ്ങളുടെ യഹോവ അവന്റെ നേരെ ഒരു ചമ്മട്ടി പൊക്കും; അവിടുന്ന് തന്റെ വടി സമുദ്രത്തിന്മേൽ നീട്ടും; മിസ്രയീമിൽ ചെയ്തതുപോലെ അതിനെ ഓങ്ങും.
27ആ നാളിൽ അവന്റെ ചുമടു നിന്റെ തോളിൽനിന്നും അവന്റെ നുകം നിന്റെ കഴുത്തിൽനിന്നും നീങ്ങിപ്പോകും; അഭിഷേകതൈലം നിമിത്തം നുകം തകർന്നുപോകും.
28അവൻ അയ്യാത്തിൽ എത്തി, മിഗ്രോനിൽകൂടി കടന്നു; മിക്മാശിൽ തന്റെ പടക്കോപ്പു വച്ചിരിക്കുന്നു.
29അവർ ചുരം കടന്നു; ഗേബയിൽ രാത്രി പാർത്തു; റാമാ നടുങ്ങുന്നു; ശൗലിന്റെ ഗിബെയാ ഓടിപ്പോയി.
30ഗല്ലീംപുത്രീ, ഉറക്കെ നിലവിളിക്കുക; ലയേശേ, ശ്രദ്ധിച്ചുകേൾക്കുക; അനാഥോത്തേ, ഉത്തരം പറയുക.
31മദ്മേനാ പലായനം ചെയ്യുന്നു; ഗെബീംനിവാസികൾ രക്ഷയ്ക്കായി ഓടുന്നു.