14എന്റെ കൈ ജനതകളുടെ ധനത്തെ ഒരു പക്ഷിക്കൂടിനെപ്പോലെ എത്തിപ്പിടിച്ചു; ഉപേക്ഷിച്ചുകളഞ്ഞ മുട്ടകളെ ശേഖരിക്കുന്നതുപോലെ, ഞാൻ സർവ്വഭൂമിയെയും കൂട്ടിച്ചേർത്തു; ചിറക് അനക്കുകയോ ചുണ്ടു തുറക്കുകയോ ചിലയ്ക്കുകയോ ചെയ്യുവാൻ ഒന്നും ഉണ്ടായിരുന്നില്ല’ എന്ന് അവൻ പറയുന്നുവല്ലോ.”
15വെട്ടുന്നവനോടു കോടാലി വമ്പു പറയുമോ? അറുക്കുന്നവനോട് ഈർച്ചവാൾ വലിപ്പം കാട്ടുമോ? അതോ, വടിപിടിക്കുന്നവനെ വടി പൊക്കുന്നതുപോലെയും മരമല്ലാത്തവനെ കോൽ ഉയർത്തുന്നതുപോലെയും ആകുന്നു.
16അതുകൊണ്ട് സൈന്യങ്ങളുടെ യഹോവയായ കർത്താവ് അവന്റെ തടിച്ചുകൊഴുത്തവരുടെ ഇടയിൽ ക്ഷയം അയയ്ക്കും; അവന്റെ മഹത്ത്വത്തിൻ കീഴിൽ തീ കത്തുംപോലെ ഒന്നു കത്തും.
17യിസ്രായേലിന്റെ വെളിച്ചം ഒരു തീയായും അവന്റെ പരിശുദ്ധൻ ഒരു ജ്വാലയായും ഇരിക്കും; അതു കത്തി, ഒരു ദിവസംകൊണ്ട് അവന്റെ മുള്ളുകളും മുൾച്ചെടികളും ദഹിപ്പിച്ചുകളയും.
18അവൻ അവന്റെ കാടിന്റെയും തോട്ടത്തിന്റെയും മഹത്ത്വത്തെ ദേഹിദേഹവുമായി നശിപ്പിക്കും; അത് ഒരു രോഗി ക്ഷയിച്ചു പോകുന്നതു പോലെയിരിക്കും.
19അവന്റെ കാട്ടിൽ ശേഷിച്ചിരിക്കുന്ന വൃക്ഷങ്ങൾ ചുരുക്കം ആയിരിക്കും; ഒരു ബാലന് അവയെ എണ്ണി എഴുതാം.
20ആ നാളിൽ യിസ്രായേലിൽ ശേഷിച്ചവരും യാക്കോബ് ഗൃഹത്തിലെ രക്ഷിതഗണവും അവരെ അടിച്ചവനെ ഇനി ആശ്രയിക്കാതെ, യിസ്രായേലിന്റെ പരിശുദ്ധനായ യഹോവയെ പരമാർത്ഥമായി ആശ്രയിക്കും.
21ഒരു ശേഷിപ്പു മടങ്ങിവരും (ശെയാർ-യാശൂബ്); യാക്കോബിന്റെ ശേഷിപ്പു വീരനാം ദൈവത്തിങ്കലേക്കു മടങ്ങിവരും.
22യിസ്രായേലേ, നിന്റെ ജനം കടല്ക്കരയിലെ മണൽപോലെ ആയിരുന്നാലും അതിൽ ഒരു ശേഷിപ്പു മാത്രം മടങ്ങിവരും; നീതി കവിഞ്ഞൊഴുകുന്ന സംഹാരം നിർണ്ണയിക്കപ്പെട്ടിരിക്കുന്നു.