Text copied!
CopyCompare
മലയാളം ബൈബിള്‍ - യാക്കോബ്

യാക്കോബ് 4

Help us?
Click on verse(s) to share them!
1നിങ്ങളുടെ ഇടയിൽ കലഹവും തർക്കവും എവിടെ നിന്ന് വന്നു? അത് നിങ്ങളുടെ അവയവങ്ങളിൽ പോരാടുന്ന ഭോഗതാല്പര്യങ്ങളിൽ നിന്നല്ലയോ?
2നിങ്ങൾ ആഗ്രഹിച്ചിട്ടും പ്രാപിക്കുന്നില്ല; നിങ്ങൾ കൊല്ലുകയും അസൂയപ്പെടുകയും ചെയ്തിട്ടും ഒന്നും നേടുന്നില്ല; നിങ്ങൾ കലഹിക്കുകയും ശണ്ഠയിടുകയും ചെയ്തിട്ടും യാചിക്കാത്തതുകൊണ്ട് പ്രാപിക്കുന്നില്ല.
3നിങ്ങൾ യാചിക്കുന്നു എങ്കിലും നിങ്ങളുടെ ഭോഗതാല്പര്യങ്ങൾക്കായി ചെലവിടേണ്ടതിന് തെറ്റായി യാചിക്കുകകൊണ്ട് ഒന്നും ലഭിക്കുന്നില്ല.
4വ്യഭിചാരിണികളായുള്ളോരേ, ലോകസ്നേഹം ദൈവത്തോട് ശത്രുത്വം ആകുന്നു എന്ന് നിങ്ങൾ അറിയുന്നില്ലയോ? ആകയാൽ ലോകത്തിന്റെ സ്നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവൻ ദൈവത്തിന്റെ ശത്രുവായി തന്നത്താൻ ആക്കുന്നു.
5“അവൻ നമ്മിൽ വസിക്കുമാറാക്കിയ ആത്മാവ് അസൂയയ്ക്കായി കാംക്ഷിക്കുന്നു” എന്ന് തിരുവെഴുത്ത് വെറുതെ സംസാരിക്കുന്നു എന്ന് തോന്നുന്നുവോ?
6എന്നാൽ അവൻ അധികം കൃപ നല്കുന്നു; അതുകൊണ്ട് “ദൈവം അഹങ്കാരികളോട് എതിർത്തുനില്ക്കുകയും താഴ്മയുള്ളവർക്ക് കൃപ നല്കുകയും ചെയ്യുന്നു” എന്ന് പറഞ്ഞിരിക്കുന്നു.
7അതുകൊണ്ട് നിങ്ങൾ ദൈവത്തിന് കീഴടങ്ങുവിൻ; പിശാചിനോട് എതിർത്തുനിൽക്കുവിൻ; എന്നാൽ അവൻ നിങ്ങളെ വിട്ട് ഓടിപ്പോകും.
8ദൈവത്തോട് അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോട് അടുത്തുവരും. പാപികളേ, കൈകളെ വെടിപ്പാക്കുവിൻ; ഇരുമനസ്സുള്ളവരേ, ഹൃദയങ്ങളെ ശുദ്ധീകരിക്കുവിൻ;
9വിലപിക്കുകയും ദുഃഖിക്കുകയും കരയുകയും ചെയ്യുവിൻ; നിങ്ങളുടെ ചിരി ദുഃഖമായും സന്തോഷം വിഷാദമായും തീരട്ടെ.
10കർത്താവിന്റെ സന്നിധിയിൽ താഴുവിൻ; എന്നാൽ അവൻ നിങ്ങളെ ഉയർത്തും.
11സഹോദരന്മാരേ, അന്യോന്യം കുറ്റപ്പെടുത്തരുത്; തന്റെ സഹോദരനെ കുറ്റപ്പെടുത്തുകയോ വിധിക്കുകയോ ചെയ്യുന്നവൻ ന്യായപ്രമാണത്തെ കുറ്റപ്പെടുത്തുകയും വിധിക്കുകയും ചെയ്യുന്നു. ന്യായപ്രമാണത്തെ വിധിക്കുന്നു എങ്കിൽ നീ ന്യായപ്രമാണത്തെ അനുഷ്ഠിക്കുന്നവനല്ല, വിധിക്കുന്നവനത്രെ.
12ന്യായപ്രമാണകർത്താവും ന്യായാധിപതിയും ഒരുവനേയുള്ളു: രക്ഷിയ്ക്കുവാനും നശിപ്പിക്കുവാനും കഴിവുള്ളവൻ തന്നെ; എന്നാൽ അയൽക്കാരനെ വിധിക്കുവാൻ നീ ആർ?
13“ഇന്നോ നാളെയോ ഞങ്ങൾ ഇന്നിന്ന പട്ടണത്തിൽ പോയി അവിടെ ഒരുവർഷം താമസിച്ച് വ്യാപാരം ചെയ്ത് ലാഭം ഉണ്ടാക്കും” എന്ന് പറയുന്നവരേ, കേൾക്കുവിൻ:
14നാളെ എന്ത് സംഭവിക്കും എന്ന് നിങ്ങൾ അറിയുന്നില്ലല്ലോ; നിങ്ങളുടെ ജീവൻ എങ്ങനെയുള്ളത്? അല്പനേരത്തേക്ക് കാണുന്നതും പിന്നെ മറഞ്ഞു പോകുന്നതുമായ മൂടൽമഞ്ഞ് പോലെയാകുന്നു.
15പ്രത്യുത, കർത്താവിന് ഇഷ്ടമുണ്ടെങ്കിൽ ഞങ്ങൾ ജീവിച്ചിരുന്ന് ഇന്നിന്നത് ചെയ്യും എന്നാണ് പറയേണ്ടത്.
16എന്നാൽ നിങ്ങളോ അഹങ്കാരത്താൽ പ്രശംസിക്കുന്നു; ഈവക പ്രശംസ എല്ലാം ദോഷം ആകുന്നു.
17നന്മ ചെയ്യുവാൻ അറിഞ്ഞിട്ടും ചെയ്യാത്തവന് അത് പാപം തന്നെ.