7നഗരത്തിൽ ചുറ്റി സഞ്ചരിക്കുന്ന കാവല്ക്കാർ എന്നെ കണ്ടു; അവർ എന്നെ അടിച്ച്, മുറിവേല്പിച്ചു; മതിൽകാവല്ക്കാർ എന്റെ മൂടുപടം എടുത്തുകളഞ്ഞു.
8യെരൂശലേംപുത്രിമാരേ, നിങ്ങൾ എന്റെ പ്രിയനെ കണ്ടെങ്കിൽ “ഞാൻ പ്രേമവിവശയായിരിക്കുന്നു എന്ന് അവനെ അറിയിക്കണം” എന്ന് ഞാൻ നിങ്ങളോട് ആണയിടുന്നു.
9സ്ത്രീകളിൽ അതി സുന്ദരിയായുള്ളവളേ, നിന്റെ പ്രിയന് മറ്റ് പ്രിയന്മാരെക്കാൾ എന്തു വിശേഷതയുള്ളു? നീ ഇങ്ങനെ ഞങ്ങളോട് ആണയിടേണ്ടതിന് നിന്റെ പ്രിയന് മറ്റു പ്രിയന്മാരെക്കാൾ എന്തു വിശേഷതയുള്ളു?
10എന്റെ പ്രിയൻ വെണ്മയും ചുവപ്പും ഉള്ളവൻ, പതിനായിരംപേരിൽ അതിശ്രേഷ്ഠൻ തന്നെ.
11അവന്റെ ശിരസ്സ് അതിവിശേഷമായ തങ്കം; അവന്റെ കുറുനിരകൾ ചുരുണ്ടും കാക്കയെപ്പോലെ കറുത്തും ഇരിക്കുന്നു.
12അവന്റെ കണ്ണ് നീർത്തോടുകളുടെ അരികത്തുള്ള പ്രാവുകൾക്ക് തുല്യം; അത് പാലുകൊണ്ട് കഴുകിയതും ചേർച്ചയായി പതിച്ചതും ആകുന്നു.
13അവന്റെ കവിൾ സുഗന്ധസസ്യങ്ങളുടെ തടവും നറുന്തൈകളുടെ വാരവും, അവന്റെ അധരം താമരപ്പൂവുംപോലെ ഇരിക്കുന്നു; അതു മൂറിൻ തൈലം പൊഴിച്ചുകൊണ്ടിരിക്കുന്നു;
14അവന്റെ കൈകൾ ഗോമേദകം പതിച്ചിരിക്കുന്ന സ്വർണ്ണദണ്ഡുകൾ; അവന്റെ ശരീരം നീലരത്നം പതിച്ച ദന്ത നിർമ്മിതം.
15അവന്റെ തുട തങ്കച്ചുവട്ടിൽ നിർത്തിയ വെൺകൽത്തൂൺ; അവന്റെ രൂപം ലെബാനോനെപ്പോലെ, ദേവദാരുപോലെ തന്നെ ശ്രേഷ്ഠമാകുന്നു.