19ആഴ്ചയുടെ ഒന്നാംനാളായ ആ ദിവസം, നേരം വൈകിയപ്പോൾ ശിഷ്യന്മാർ ഇരുന്ന സ്ഥലത്ത് യെഹൂദന്മാരെ പേടിച്ചു വാതിൽ അടച്ചിരിക്കെ യേശു വന്നു അവരുടെ നടുവിൽ നിന്നുകൊണ്ടു: “നിങ്ങൾക്ക് സമാധാനം” എന്നു അവരോട് പറഞ്ഞു.
20ഇതു പറഞ്ഞിട്ട് അവൻ കയ്യും വിലാപ്പുറവും അവരെ കാണിച്ചു; അപ്പോൾ കർത്താവിനെ കണ്ടിട്ട് ശിഷ്യന്മാർ സന്തോഷിച്ചു.
21യേശു പിന്നെയും അവരോട്: “നിങ്ങൾക്ക് സമാധാനം; ” പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു എന്നു പറഞ്ഞു.
22ഇങ്ങനെ പറഞ്ഞശേഷം അവൻ അവരുടെമേൽ ഊതി അവരോട്: പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ.
23ആരുടെ പാപങ്ങൾ നിങ്ങൾ മോചിക്കുന്നവോ അവർക്ക് മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങൾ നിർത്തുന്നുവോ അവർക്ക് നിർത്തിയിരിക്കുന്നു എന്നു പറഞ്ഞു.
24എന്നാൽ യേശു വന്നപ്പോൾ പന്തിരുവരിൽ ഒരുവനായ ദിദിമൊസ് എന്ന തോമസ് അവരോടുകൂടെ ഉണ്ടായിരുന്നില്ല.
25പിന്നീട് മറ്റുള്ള ശിഷ്യന്മാർ അവനോട്: “ഞങ്ങൾ കർത്താവിനെ കണ്ട്” എന്നു പറഞ്ഞപ്പോൾ: ഞാൻ അവന്റെ കൈകളിൽ ആണിപ്പഴുത് കാണുകയും ആണിപ്പഴുതിൽ വിരൽ ഇടുകയും അവന്റെ വിലാപ്പുറത്ത് കൈ ഇടുകയും ചെയ്തിട്ടല്ലാതെ വിശ്വസിക്കയില്ല എന്നു അവൻ അവരോട് പറഞ്ഞു.
26എട്ട് ദിവസം കഴിഞ്ഞിട്ട് ശിഷ്യന്മാർ പിന്നെയും അകത്ത് കൂടിയിരിക്കുമ്പോൾ തോമസും ഉണ്ടായിരുന്നു. വാതിൽ അടച്ചിരിക്കെ യേശു വന്നു അവരുടെ നടുവിൽ നിന്നുകൊണ്ടു: “നിങ്ങൾക്ക് സമാധാനം” എന്നു പറഞ്ഞു.
27പിന്നെ തോമസിനോട്: നിന്റെ വിരൽ ഇങ്ങോട്ട് നീട്ടി എന്റെ കൈകളെ കാണുക; നിന്റെ കൈ നീട്ടി എന്റെ വിലാപ്പുറത്ത് ഇടുക; അവിശ്വാസി ആകാതെ വിശ്വാസിയായിരിക്ക എന്നു പറഞ്ഞു.
28തോമസ് അവനോട്: എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ എന്നു ഉത്തരം പറഞ്ഞു.
29യേശു അവനോട്: നീ എന്നെ കണ്ടതുകൊണ്ട് വിശ്വസിച്ചു; കാണാതെ വിശ്വസിച്ചവർ ഭാഗ്യവാന്മാർ എന്നു പറഞ്ഞു.
30ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതല്ലാതെ മറ്റു അനേകം അടയാളങ്ങളും യേശു തന്റെ ശിഷ്യന്മാരുടെ സാന്നിദ്ധ്യത്തിൽ ചെയ്തു.