Text copied!
Bibles in Malayalam

1. രാജാക്കന്മാർ 2:19-31 in Malayalam

Help us?

1. രാജാക്കന്മാർ 2:19-31 in മലയാളം ബൈബിള്‍

19 അങ്ങനെ ബത്ത്-ശേബ അദോനീയാവിനുവേണ്ടി ശലോമോൻരാജാവിനോട് സംസാരിപ്പാൻ അവന്റെ അടുക്കൽ ചെന്നു. രാജാവ് എഴുന്നേറ്റ് അവളെ വന്ദനം ചെയ്ത്, തന്റെ സിംഹാസനത്തിൽ ഇരുന്നു; രാജമാതാവിന് ഇരിപ്പിടം ഒരുക്കി; അവൾ അവന്റെ വലത്തുഭാഗത്ത് ഇരുന്നു.
20 “ഞാൻ നിന്നോട് ഒരു ചെറിയ കാര്യം അപേക്ഷിക്കുന്നു; എന്റെ അപേക്ഷ തള്ളിക്കളയരുത്” എന്ന് അവൾ പറഞ്ഞു. രാജാവ് അവളോട്: “അമ്മ ചോദിച്ചാലും; ഞാൻ ആ അപേക്ഷ തള്ളിക്കളകയില്ല” എന്ന് പറഞ്ഞു.
21 അപ്പോൾ അവൾ: “ശൂനേംകാരത്തി അബീശഗിനെ നിന്റെ സഹോദരൻ അദോനീയാവിന് ഭാര്യയായി കൊടുക്കേണം ” എന്ന് പറഞ്ഞു.
22 ശലോമോൻരാജാവ് തന്റെ അമ്മയോട്: “ശൂനേംകാരത്തി അബീശഗിനെ അദോനീയാവിന് വേണ്ടി ചോദിക്കുന്നത് എന്ത്? രാജത്വത്തെയും അവന് വേണ്ടി ചോദിക്കരുതോ? അവൻ എന്റെ ജ്യേഷ്ഠനല്ലോ; അവനും പുരോഹിതൻ അബ്യാഥാരിനും സെരൂയയുടെ മകൻ യോവാബിനും വേണ്ടി തന്നേ എന്ന് ഉത്തരം പറഞ്ഞു.
23 അദോനീയാവ് ഈ കാര്യം ചോദിച്ചത് തന്റെ ജീവനാശത്തിനായിട്ടല്ലെങ്കിൽ ദൈവം തക്കവണ്ണവും അധികവും എന്നോട് ചെയ്യട്ടെ;
24 ആകയാൽ എന്നെ സ്ഥിരപ്പെടുത്തിയവനും എന്നെ എന്റെ അപ്പനായ ദാവീദിന്റെ സിംഹാസനത്തിൽ ഇരുത്തി തന്റെ വാഗ്ദാനപ്രകാരം എനിക്ക് ഒരു ഗൃഹം പണിതവനുമായ യഹോവയാണ, ഇന്നു തന്നേ അദോനീയാവ് മരിക്കേണം” എന്ന് ശലോമോൻരാജാവ് കല്പിച്ച് യഹോവയുടെ നാമത്തിൽ സത്യം ചെയ്തു.
25 പിന്നെ ശലോമോൻരാജാവ് യെഹോയാദയുടെ മകൻ ബെനായാവിനെ അയച്ചു; അവൻ അദോനിയാവിനെ വെട്ടിക്കൊന്നുകളഞ്ഞു.
26 അബ്യാഥാർപുരോഹിതനോട് രാജാവ്: “നീ അനാഥോത്തിലെ നിന്റെ ജന്മഭൂമിയിലേക്ക് പൊയ്ക്കൊൾക; നീ മരണയോഗ്യനാകുന്നു; എങ്കിലും നീ എന്റെ അപ്പനായ ദാവീദിന്റെ മുമ്പാകെ കർത്താവായ യഹോവയുടെ പെട്ടകം ചുമന്നതിനാലും എന്റെ അപ്പൻ അനുഭവിച്ച സകലകഷ്ടങ്ങളും നീയും കൂടി അനുഭവിച്ചതിനാലും ഞാൻ ഇന്ന് നിന്നെ കൊല്ലുന്നില്ല” എന്ന് പറഞ്ഞു.
27 ഇങ്ങനെ യഹോവ ശീലോവിൽവെച്ച് ഏലിയുടെ കുടുംബത്തെക്കുറിച്ച് അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന് ശലോമോൻ അബ്യാഥാരിനെ യഹോവയുടെ പൌരോഹിത്യത്തിൽനിന്ന് നീക്കിക്കളഞ്ഞു.
28 ഈ വാർത്തകൾ യോവാബ് അറിഞ്ഞപ്പോൾ--യോവാബ് അബ്ശാലോമിന്റെ പക്ഷം ചേർന്നിരുന്നില്ലെങ്കിലും അദോനീയാവിന്റെ പക്ഷം ചേർന്നിരുന്നു--അവൻ യഹോവയുടെ കൂടാരത്തിൽ ഓടിച്ചെന്ന് യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചു.
29 യോവാബ് യഹോവയുടെ കൂടാരത്തിലേക്ക് ഓടിച്ചെന്ന് യാഗപീഠത്തിന്റെ അടുക്കൽ നില്ക്കുന്ന വിവരം ശലോമോൻരാജാവ് അറിഞ്ഞു. അപ്പോൾ ശലോമോൻ യെഹോയാദയുടെ മകൻ ബെനായാവിനെ അയച്ച്: “നീ ചെന്ന് അവനെ വെട്ടിക്കളക” എന്ന് കല്പിച്ചു.
30 ബെനായാവ് യഹോവയുടെ കൂടാരത്തിൽ ചെന്ന്: “നീ പുറത്തുവരാൻ രാജാവ് കല്പിക്കുന്നു ” എന്ന് അവനോട് പറഞ്ഞു. “ഇല്ല; ഞാൻ ഇവിടെ തന്നേ മരിക്കും” എന്ന് അവൻ മറുപടി പറഞ്ഞു. ബെനായാവ് ചെന്ന്: യോവാബ് തന്നോട് ഇപ്രകാരം പറയുന്നു എന്ന് രാജാവിനെ ബോധിപ്പിച്ചു.
31 രാജാവ് അവനോട് കല്പിച്ചത് “അവൻ പറഞ്ഞതുപോലെ നീ ചെയ്ക; അവനെ വെട്ടിക്കൊന്നു കുഴിച്ചിടുക; യോവാബ് കാരണംകൂടാതെ ചിന്തിയ രക്തം നീ ഇങ്ങനെ എന്നിൽനിന്നും എന്റെ പിതൃഭവനത്തിൽനിന്നും നീക്കിക്കളക.
1. രാജാക്കന്മാർ 2 in മലയാളം ബൈബിള്‍