Text copied!
Bibles in Malayalam

1. രാജാക്കന്മാർ 22:11-26 in Malayalam

Help us?

1. രാജാക്കന്മാർ 22:11-26 in മലയാളം ബൈബിള്‍

11 കെനയനയുടെ മകൻ സിദെക്കീയാവ് ഇരിമ്പുകൊണ്ട് കൊമ്പുകൾ ഉണ്ടാക്കി, ‘ഇവകൊണ്ട് അരാമ്യർ ഒടുങ്ങുംവരെ നീ അവരെ കുത്തിക്കളയും എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു’ എന്ന് പറഞ്ഞു.
12 പ്രവാചകന്മാരൊക്കെയും അങ്ങനെ തന്നെ പ്രവചിച്ചു: “ഗിലെയാദിലെ രാമോത്തിലേക്ക് പുറപ്പെടുക; നീ ജയാളിയാകുക; യഹോവ അത് രാജാവിന്റെ കയ്യിൽ ഏല്പിക്കും ” എന്ന് അവർ പറഞ്ഞു.
13 മീഖായാവിനെ വിളിപ്പാൻ പോയ ദൂതൻ അവനോട്: “ഇതാ, പ്രവാചകന്മാരുടെ എല്ലാവരുടെയും വാക്കുകൾ ഒരുപോലെ രാജാവിന് ഗുണമായിരിക്കുന്നു; നിന്റെ വാക്കും അവരുടേതുപോലെ ആയിരിക്കേണം; നീയും ഗുണമായി പറയേണമേ ” എന്ന് പറഞ്ഞു.
14 അതിന് മീഖായാവ്: “യഹോവയാണ, യഹോവ എന്നോട് അരുളിച്ചെയ്യുന്നത് തന്നേ ഞാൻ പ്രസ്താവിക്കും” എന്ന് പറഞ്ഞു.
15 അവൻ രാജാവിന്റെ അടുക്കൽ വന്നപ്പോൾ രാജാവ് അവനോട്: “മീഖായാവേ, ഞങ്ങൾ ഗിലെയാദിലെ രാമോത്തിലേക്ക് യുദ്ധത്തിന് പോകണോ വേണ്ടായോ” എന്ന് ചോദിച്ചു. അതിന് അവൻ: “പുറപ്പെടുവിൻ; നിങ്ങൾ ജയാളികളാകും; യഹോവ അത് രാജാവിന്റെ കയ്യിൽ ഏല്പിക്കും ” എന്ന് പറഞ്ഞു.
16 രാജാവ് അവനോട്: “യഹോവയുടെ നാമത്തിൽ സത്യമല്ലാത്തതൊന്നും പറയരുതെന്ന് എത്ര പ്രാവശ്യം ഞാൻ നിന്നെക്കൊണ്ട് സത്യം ചെയ്യിക്കണം ” എന്ന് ചോദിച്ചു.
17 അതിന് അവൻ പറഞ്ഞത്: “ഇടയനില്ലാത്ത ആടുകളെപ്പോലെ യിസ്രായേൽ ഒക്കെയും പർവ്വതങ്ങളിൽ ചിതറിയിരിക്കുന്നത് ഞാൻ കണ്ടു; അപ്പോൾ യഹോവ: ‘ഇവർക്കു നാഥനില്ല; അവർ ഓരോരുത്തൻ സ്വന്തം ഭവനങ്ങളിലേക്ക് സമാധാനത്തോടെ മടങ്ങിപ്പോകട്ടെ’ എന്ന് കല്പിച്ചു”.
18 അപ്പോൾ യിസ്രായേൽരാജാവ് യെഹോശാഫാത്തിനോട്: “ഇവൻ എന്നെക്കുറിച്ച് തിന്മയല്ലാതെ നന്മ പ്രവചിക്കയില്ലെന്ന് ഞാൻ നിന്നോട് പറഞ്ഞില്ലയോ ” എന്ന് പറഞ്ഞു.
19 അതിന് മിഖായാവ് പറഞ്ഞത്: “എന്നാൽ നീ യഹോവയുടെ വചനം കേൾക്ക: യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗ്ഗത്തിലെ സൈന്യം ഒക്കെയും അവന്റെ അടുക്കൽ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു.
20 ‘ആഹാബ് ചെന്ന് ഗിലെയാദിലെ രാമോത്തിൽവെച്ച് പട്ടുപോകത്തക്കവണ്ണം ആരവനെ വശീകരിക്കും’ എന്ന് യഹോവ ചോദിച്ചതിന് ഒരുത്തൻ ഇങ്ങനെയും ഒരുത്തൻ അങ്ങനെയും പറഞ്ഞു.
21 എന്നാറെ ഒരു ആത്മാവ് മുമ്പോട്ടു വന്ന് യഹോവയുടെ സന്നിധിയിൽ നിന്നു: ‘ഞാൻ അവനെ വശീകരിക്കും’ എന്ന് പറഞ്ഞു.
22 ‘എങ്ങനെ’ എന്ന് യഹോവ ചോദിച്ചതിന് അവൻ: ‘ഞാൻ അവന്റെ സകല പ്രവാചകന്മാരുടെയും വായിൽ ഭോഷ്കിന്റെ ആത്മാവായി പ്രവർത്തിക്കും’ എന്ന് പറഞ്ഞു. ‘നീ അവനെ വശീകരിക്കും, നിനക്ക് സാധിക്കും; നീ ചെന്ന് അങ്ങനെ ചെയ്ക’ എന്ന് യഹോവ കല്പിച്ചു.
23 ആകയാൽ ഇതാ, യഹോവ ഭോഷ്കിന്റെ ആത്മാവിനെ നിന്റെ ഈ സകലപ്രവാചകന്മാരുടെയും വായിൽ കൊടുത്തിരിക്കുന്നു; യഹോവ നിനക്ക് അനർത്ഥം വിധിച്ചുമിരിക്കുന്നു ” എന്ന് പറഞ്ഞു.
24 അപ്പോൾ കെനയനയുടെ മകൻ സിദെക്കീയാവ് അടുത്തുചെന്ന് മീഖായാവിന്റെ ചെകിട്ടത്ത് അടിച്ച്: “നിന്നോട് അരുളിച്ചെയ്‌വാൻ യഹോവയുടെ ആത്മാവ് എന്നെ വിട്ട് ഏത് വഴിയായി കടന്നുവന്നു” എന്ന് ചോദിച്ചു.
25 അതിന് മീഖായാവ്: “നീ ഒളിക്കുവാൻ അറ തേടിനടക്കുന്ന ദിവസത്തിൽ നീ കാണും ” എന്ന് പറഞ്ഞു.
26 അപ്പോൾ യിസ്രായേൽരാജാവ് പറഞ്ഞത്: “മീഖായാവിനെ പിടിച്ച് നഗരാധിപതിയായ ആമോന്റെയും രാജകുമാരനായ യോവാശിന്റെയും അടുക്കൽ കൊണ്ടുചെന്ന് അവനെ കാരാഗൃഹത്തിൽ അടക്കുക.
1. രാജാക്കന്മാർ 22 in മലയാളം ബൈബിള്‍