19 “എന്റെ അപ്പനും നിന്റെ അപ്പനും തമ്മിൽ ഉണ്ടായിരുന്ന സഖ്യത പോലെ നമുക്ക് തമ്മിലും ഒരു സഖ്യതയിൽ ഏർപ്പെടാം; ഇതാ, ഞാൻ നിനക്ക് സമ്മാനമായി വെള്ളിയും പൊന്നും കൊടുത്തയക്കുന്നു; യിസ്രായേൽരാജാവായ ബയെശാ എന്നെ വിട്ടുപോകേണ്ടതിന് നീ ചെന്ന് അവനോടുള്ള നിന്റെ സഖ്യത ത്യജിക്കേണം ” എന്ന് പറയിച്ചു.
20 ബെൻ-ഹദദ് ആസാരാജാവിന്റെ അപേക്ഷ കേട്ട്, തന്റെ സേനാപതികളെ യിസ്രായേൽപട്ടണങ്ങൾക്ക് നേരെ അയച്ച് ഈയോനും ദാനും ആബേൽ-ബേത്ത്-മയഖയും കിന്നെരോത്ത് മുഴുവനും നഫ്താലിദേശമൊക്കെയും പിടിച്ചടക്കി.
21 ബയെശാ അത് കേട്ടപ്പോൾ രാമാ പണിയുന്നത് നിർത്തലാക്കി, തിർസ്സയിൽ തന്നേ പാർത്തു.
22 ആസാരാജാവ് ഒരു വിളംബരം പ്രസിദ്ധമാക്കി യെഹൂദയെ മുഴുവനും വിളിച്ചുകൂട്ടി; അവർ ചെന്ന് ബയെശാ പണിത് ഉറപ്പിച്ചിരുന്ന രാമയുടെ കല്ലും മരവും എടുത്ത് കൊണ്ടുവന്നു; ആസാരാജാവ് അവകൊണ്ട് ബെന്യാമീനിലെ ഗേബയും മിസ്പയും പണിത് ഉറപ്പിച്ചു.
23 ആസയുടെ മറ്റുള്ള സകല ചരിത്രങ്ങളും അവന്റെ വീര്യപ്രവൃത്തികളും അവൻ ചെയ്തതൊക്കെയും, പട്ടണങ്ങൾ പണിതതും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. എന്നാൽ അവന്റെ വാർദ്ധക്യകാലത്ത് അവന്റെ കാലുകൾക്ക് രോഗം ബാധിച്ചു.