Text copied!
Bibles in Malayalam

സദൃശവാക്യങ്ങൾ 19:3-26 in Malayalam

Help us?

സദൃശവാക്യങ്ങൾ 19:3-26 in മലയാളം ബൈബിള്‍

3 മനുഷ്യന്റെ ഭോഷത്തം അവന്റെ വഴിയെ മറിച്ചുകളയുന്നു; അവന്റെ ഹൃദയം യഹോവയോട് കോപിക്കുന്നു.
4 സമ്പത്ത് സ്നേഹിതന്മാരെ വർദ്ധിപ്പിക്കുന്നു; എളിയവന്റെ കൂട്ടുകാരനോ അവനോട് അകന്നിരിക്കുന്നു.
5 കള്ളസ്സാക്ഷിക്ക് ശിക്ഷ വരാതിരിക്കുകയില്ല; ഭോഷ്ക്ക് പറയുന്നവൻ രക്ഷപെടുകയുമില്ല.
6 പ്രഭുവിന്റെ പ്രീതി സമ്പാദിക്കുവാൻ പലരും നോക്കുന്നു; ദാനം ചെയ്യുന്നവന് ഏവനും സ്നേഹിതൻ.
7 ദരിദ്രന്റെ സഹോദരന്മാരെല്ലാം അവനെ പകയ്ക്കുന്നു; അവന്റെ സ്നേഹിതന്മാർ എത്രയധികം അകന്നുനില്ക്കും? അവൻ വാക്കുകൾ പറഞ്ഞ് അവരെ പിന്തുടർന്നാലും അവർ അവനെ ഉപേക്ഷിക്കുന്നു.
8 ബുദ്ധി സമ്പാദിക്കുന്നവൻ തന്റെ പ്രാണനെ സ്നേഹിക്കുന്നു; വിവേകം കാത്തുകൊള്ളുന്നവൻ നന്മ പ്രാപിക്കും.
9 കള്ളസ്സാക്ഷിക്ക് ശിക്ഷ വരാതിരിക്കുകയില്ല; ഭോഷ്ക്ക് പറയുന്നവൻ നശിച്ചുപോകും.
10 സുഖജീവിതം ഭോഷന് യോഗ്യമല്ല; പ്രഭുക്കന്മാരുടെമേൽ ദാസൻ എങ്ങനെ ഭരണം നടത്തും?
11 വിവേകബുദ്ധിയാൽ മനുഷ്യന് ദീർഘക്ഷമ വരുന്നു; ലംഘനം ക്ഷമിക്കുന്നത് അവന് ഭൂഷണം.
12 രാജാവിന്റെ ക്രോധം സിംഹഗർജ്ജനത്തിനു തുല്യം; അവന്റെ പ്രസാദമോ പുല്ലിന്മേലുള്ള മഞ്ഞുപോലെ.
13 മൂഢനായ മകൻ അപ്പന് നിർഭാഗ്യം; ഭാര്യയുടെ കലഹം തീരാത്ത ചോർച്ച പോലെ.
14 ഭവനവും സമ്പത്തും പിതാക്കന്മാരിൽ നിന്ന് ലഭിക്കുന്ന അവകാശം; ബുദ്ധിയുള്ള ഭാര്യയോ യഹോവയുടെ ദാനം.
15 മടി ഗാഢനിദ്രയിൽ വീഴിക്കുന്നു; അലസചിത്തൻ പട്ടിണികിടക്കും.
16 കല്പന പ്രമാണിക്കുന്നവൻ പ്രാണനെ കാക്കുന്നു; നടപ്പ് സൂക്ഷിക്കാത്തവൻ മരണശിക്ഷ അനുഭവിക്കും.
17 എളിയവനോട് കൃപ കാണിക്കുന്നവൻ യഹോവയ്ക്ക് വായ്പ കൊടുക്കുന്നു; അവൻ ചെയ്ത നന്മയ്ക്ക് അവിടുന്ന് പകരം കൊടുക്കും.
18 പ്രത്യാശയുള്ളേടത്തോളം നിന്റെ മകനെ ശിക്ഷിക്കുക; എങ്കിലും അവനെ കൊല്ലുവാൻ തക്കവണ്ണം ഭാവിക്കരുത്.
19 മുൻകോപി പിഴ കൊടുക്കേണ്ടിവരും; നീ അവനെ വിടുവിച്ചാൽ അത് പിന്നെയും ചെയ്യേണ്ടിവരും.
20 പില്ക്കാലത്ത് നീ ജ്ഞാനിയാകേണ്ടതിന് ആലോചന കേട്ട് പ്രബോധനം കൈക്കൊള്ളുക.
21 മനുഷ്യന്റെ ഹൃദയത്തിൽ പല വിചാരങ്ങളും ഉണ്ട്; യഹോവയുടെ ആലോചനയോ നിലനില്ക്കും.
22 ഒരു മനുഷ്യനിൽ പ്രതീക്ഷിക്കുന്നത് ദയയാണ്; ഭോഷ്ക്ക് പറയുന്നവനെക്കാൾ ദരിദ്രൻ ഉത്തമൻ.
23 യഹോവാഭക്തി ജീവനിലേയ്ക്ക് നയിക്കുന്നു; അതുള്ളവൻ തൃപ്തനായി വസിക്കും; അനർത്ഥം അവന് നേരിടുകയില്ല.
24 മടിയൻ തന്റെ കൈ തളികയിൽ പൂഴ്ത്തുന്നു; വായിലേക്ക് തിരികെ കൊണ്ടുവരുകയില്ല.
25 പരിഹാസിയെ അടിച്ചാൽ അല്പബുദ്ധി വിവേകം പഠിക്കും; ബുദ്ധിമാനെ ശാസിച്ചാൽ അവൻ പരിജ്ഞാനം പ്രാപിക്കും.
26 അപ്പനോട് അതിക്രമം കാണിക്കുകയും അമ്മയെ ഓടിച്ചുകളയുകയും ചെയ്യുന്നവൻ ലജ്ജയും അപമാനവും വരുത്തുന്ന മകനാകുന്നു.
സദൃശവാക്യങ്ങൾ 19 in മലയാളം ബൈബിള്‍