Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 89:19-50 in Malayalam

Help us?

സങ്കീർത്തനങ്ങൾ 89:19-50 in മലയാളം ബൈബിള്‍

19 അന്ന് നീ ദർശനത്തിൽ നിന്റെ ഭക്തന്മാരോട് അരുളിച്ചെയ്തത്; “ഞാൻ വീരനായ ഒരുത്തന് സഹായം നല്കുകയും ജനത്തിൽനിന്ന് ഒരു വൃതനെ ഉയർത്തുകയും ചെയ്തു.
20 ഞാൻ എന്റെ ദാസനായ ദാവീദിനെ കണ്ടെത്തി; എന്റെ വിശുദ്ധതൈലംകൊണ്ട് അവനെ അഭിഷേകം ചെയ്തു.
21 എന്റെ കൈ അവനോടുകൂടി സ്ഥിരമായിരിക്കും; എന്റെ ഭുജം അവനെ ബലപ്പെടുത്തും.
22 ശത്രു അവനെ തോല്പിക്കുകയില്ല; വഷളൻ അവനെ പീഡിപ്പിക്കുകയും ഇല്ല.
23 ഞാൻ അവന്റെ വൈരികളെ അവന്റെ മുമ്പിൽ തകർക്കും; അവനെ വെറുക്കുന്നവരെ സംഹരിക്കും,
24 എന്നാൽ എന്റെ വിശ്വസ്തതയും ദയയും അവനോടുകൂടി ഇരിക്കും; എന്റെ നാമത്തിൽ അവന്റെ കൊമ്പ് ഉയർന്നിരിക്കും.
25 അവന്റെ കൈ ഞാൻ സമുദ്രത്തിന്മേലും അവന്റെ വലങ്കൈ നദികളുടെമേലും നീട്ടുമാറാക്കും.
26 അവൻ എന്നോട്: ‘നീ എന്റെ പിതാവ്, എന്റെ ദൈവം, എന്റെ രക്ഷയുടെ പാറ’ എന്നിങ്ങനെ വിളിച്ചുപറയും.
27 ഞാൻ അവനെ ആദ്യജാതനും ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠനുമാക്കും.
28 ഞാൻ അവന് എന്റെ ദയ എന്നേക്കും കാണിക്കും; എന്റെ നിയമം അവനുവേണ്ടി സ്ഥിരമായി നില്ക്കും.
29 ഞാൻ അവന്റെ സന്തതിയെ ശാശ്വതമായും അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിർത്തും.
30 അവന്റെ പുത്രന്മാർ എന്റെ ന്യായപ്രമാണം ഉപേക്ഷിക്കുകയും എന്റെ വിധികൾ അനുസരിച്ചുനടക്കാതിരിക്കുകയും
31 എന്റെ ചട്ടങ്ങൾ ലംഘിക്കുകയും എന്റെ കല്പനകൾ പ്രമാണിക്കാതിരിക്കുകയും ചെയ്താൽ
32 ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദർശിക്കും.
33 എങ്കിലും എന്റെ ദയ ഞാൻ അവനിൽ നിന്നു നീക്കിക്കളയുകയില്ല; എന്റെ വിശ്വസ്തതയ്ക്ക് ഭംഗം വരുത്തുകയുമില്ല.
34 ഞാൻ എന്റെ നിയമം ലംഘിക്കുകയോ എന്റെ അധരങ്ങളിൽനിന്നു പുറപ്പെട്ടതിന് മാറ്റം വരുത്തുകയോ ചെയ്യുകയില്ല.
35 ഞാൻ ഒരിക്കൽ എന്റെ വിശുദ്ധിയിൽ സത്യം ചെയ്തിരിക്കുന്നു; ദാവീദിനോട് ഞാൻ ഭോഷ്കുപറയുകയില്ല.
36 അവന്റെ സന്തതി ശാശ്വതമായും അവന്റെ സിംഹാസനം എന്റെ മുമ്പിൽ സൂര്യനെപ്പോലെയും ഇരിക്കും.
37 അതു ചന്ദ്രനെപ്പോലെയും ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും എന്നേക്കും സ്ഥിരമായിരിക്കും.” സേലാ.
38 എങ്കിലും നീ ഉപേക്ഷിച്ച് തള്ളിക്കളയുകയും നിന്റെ അഭിഷിക്തനോട് കോപിക്കുകയും ചെയ്തു.
39 നിന്റെ ദാസനോടുള്ള നിയമത്തെ നീ തള്ളിക്കളഞ്ഞു; അവന്റെ കിരീടത്തെ നീ നിലത്തിട്ട് അശുദ്ധമാക്കിയിരിക്കുന്നു.
40 നീ അവന്റെ വേലി എല്ലാം പൊളിച്ചു; അവന്റെ കോട്ടകളെയും ഇടിച്ചുകളഞ്ഞു.
41 വഴിപോകുന്ന എല്ലാവരും അവനെ കൊള്ളയിടുന്നു; തന്റെ അയല്ക്കാർക്ക് അവൻ നിന്ദ ആയിത്തീർന്നിരിക്കുന്നു.
42 നീ അവന്റെ വൈരികളുടെ വലം കൈ ഉയർത്തി; അവന്റെ സകലശത്രുക്കളെയും സന്തോഷിപ്പിച്ചു.
43 അവന്റെ വാളിന്റെ വായ്ത്തല നീ മടക്കി; യുദ്ധത്തിൽ അവനെ നില്ക്കുമാറാക്കിയതുമില്ല.
44 അവന്റെ തേജസ്സ് നീ ഇല്ലാതെയാക്കി; അവന്റെ സിംഹാസനം നിലത്ത് തള്ളിയിട്ടു.
45 അവന്റെ യൗവനത്തെ നീ ചുരുക്കി; നീ അവനെ ലജ്ജകൊണ്ട് മൂടിയിരിക്കുന്നു. സേലാ.
46 യഹോവേ, നീ നിത്യം മറഞ്ഞുകളയുന്നതും നിന്റെ ക്രോധം തീപോലെ ജ്വലിക്കുന്നതും എത്രത്തോളം?
47 എന്റെ ആയുസ്സ് എത്രചുരുക്കം എന്ന് ഓർക്കണമേ; എന്തു വ്യർത്ഥതയ്ക്കായി നീ മനുഷ്യപുത്രന്മാരെ ഒക്കെയും സൃഷ്ടിച്ചു?
48 ജീവിച്ചിരുന്ന് മരണം കാണാതെയിരിക്കുന്ന മനുഷ്യൻ ആര്? തന്റെ പ്രാണനെ പാതാളത്തിന്റെ കയ്യിൽ നിന്ന് വിടുവിക്കുന്നവനും ആരാണ്? സേലാ.
49 കർത്താവേ, നിന്റെ വിശ്വസ്തതയിൽ നി ദാവീദിനോട് സത്യംചെയ്ത നിന്റെ പുരാതനകൃപകൾ എവിടെ?
50 കർത്താവേ, അടിയങ്ങളുടെ നിന്ദ ഓർക്കണമേ; എന്റെ മാർവ്വിടത്തിൽ ഞാൻ സകല ജനതതിയുടെയും നിന്ദ വഹിക്കുന്നതു തന്നെ.
സങ്കീർത്തനങ്ങൾ 89 in മലയാളം ബൈബിള്‍