Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 81:1-12 in Malayalam

Help us?

സങ്കീർത്തനങ്ങൾ 81:1-12 in മലയാളം ബൈബിള്‍

1 സംഗീതപ്രമാണിക്ക്; ഗത്ഥ്യരാഗത്തിൽ; ആസാഫിന്റെ ഒരു സങ്കീർത്തനം. നമ്മുടെ ബലമായ ദൈവത്തിന് ഘോഷിക്കുവിൻ; യാക്കോബിന്റെ ദൈവത്തിന് ആർപ്പിടുവിൻ.
2 തപ്പും ഇമ്പമുള്ള കിന്നരവും വീണയും എടുത്ത് സംഗീതം തുടങ്ങുവിൻ.
3 അമാവാസ്യയിലും നമ്മുടെ ഉത്സവദിവസമായ പൗർണ്ണമാസിയിലും കാഹളം ഊതുവിൻ.
4 ഇത് യിസ്രായേലിന് ഒരു ചട്ടവും യാക്കോബിന്റെ ദൈവം നൽകിയ ഒരു പ്രമാണവും ആകുന്നു.
5 ഈജിപ്റ്റ് ദേശത്തിനു നേരെ പുറപ്പെട്ടപ്പോൾ ദൈവം അത് യോസേഫിന് ഒരു സാക്ഷ്യമായി നിയമിച്ചു; അവിടെ ഞാൻ അറിയാത്ത ഒരു ഭാഷ കേട്ടു.
6 ഞാൻ അവന്റെ തോളിൽനിന്ന് ചുമടു നീക്കി; അവന്റെ കൈകൾ കൊട്ട വിട്ട് ഒഴിഞ്ഞു.
7 കഷ്ടകാലത്ത് നീ വിളിച്ചു, ഞാൻ നിന്നെ വിടുവിച്ചു; ഇടിമുഴക്കത്തിന്റെ മറവിൽനിന്ന് ഞാൻ നിനക്ക് ഉത്തരമരുളി; മെരീബാവെള്ളത്തിൽ ഞാൻ നിന്നെ പരീക്ഷിച്ചു. സേലാ.
8 എന്റെ ജനമേ, കേൾക്കുക, ഞാൻ നിന്നോട് സാക്ഷ്യം പറയും. യിസ്രായേലേ, നീ എന്റെ വാക്ക് കേട്ടെങ്കിൽ കൊള്ളാമായിരുന്നു.
9 അന്യദൈവം നിനക്ക് ഉണ്ടാകരുത്; യാതൊരു അന്യദൈവത്തെയും നീ നമസ്കരിക്കരുത്.
10 ഈജിപ്റ്റ്ദേശത്തുനിന്ന് നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു; നിന്റെ വായ് വിസ്താരമായി തുറക്കുക; ഞാൻ അതിനെ നിറയ്ക്കും.
11 എന്നാൽ എന്റെ ജനം എന്റെ വാക്ക് കേട്ടനുസരിച്ചില്ല; യിസ്രായേൽ എന്നെ കൂട്ടാക്കിയതുമില്ല.
12 അതുകൊണ്ട് അവർ സ്വന്ത ആലോചനപ്രകാരം നടക്കേണ്ടതിന് ഞാൻ അവരെ ഹൃദയകാഠിന്യത്തിന് ഏല്പിച്ചുകളഞ്ഞു.
സങ്കീർത്തനങ്ങൾ 81 in മലയാളം ബൈബിള്‍