25 മനുഷ്യർ ദൂതന്മാരുടെ അപ്പം തിന്നു; അവൻ അവർക്ക് തൃപ്തിയാകുംവണ്ണം ആഹാരം അയച്ചു.
26 അവൻ ആകാശത്തിൽ കിഴക്കൻകാറ്റ് അടിപ്പിച്ചു; തന്റെ ശക്തിയാൽ കിഴക്കൻ കാറ്റുവരുത്തി.
27 അവൻ അവർക്കു പൊടിപോലെ മാംസത്തെയും കടൽപുറത്തെ മണൽപോലെ പക്ഷികളെയും വർഷിപ്പിച്ചു;
28 അവരുടെ പാളയത്തിന്റെ നടുവിലും പാർപ്പിടങ്ങളുടെ ചുറ്റിലും അവയെ പൊഴിച്ചു.
29 അങ്ങനെ അവർ തിന്ന് തൃപ്തരായി. അവർ ആഗ്രഹിച്ചത് അവൻ അവർക്കു കൊടുത്തു.
30 അവരുടെ കൊതിക്കു മതിവന്നില്ല; ഭക്ഷണം അവരുടെ വായിൽ ഇരിക്കുമ്പോൾ തന്നെ,
31 ദൈവത്തിന്റെ കോപം അവരുടെമേൽ വന്നു; അവരുടെ അതിശക്തന്മാരിൽ ചിലരെ കൊന്നു യിസ്രായേലിലെ യൗവനക്കാരെ സംഹരിച്ചു.
32 ഇതെല്ലാമായിട്ടും അവർ പിന്നെയും പാപം ചെയ്തു; അവന്റെ അത്ഭുതപ്രവൃത്തികളെ വിശ്വസിച്ചതുമില്ല.
33 അതുകൊണ്ട് അവൻ അവരുടെ നാളുകളെ ശ്വാസം പോലെയും അവരുടെ സംവത്സരങ്ങളെ അതിവേഗത്തിലും കഴിയുമാറാക്കി.
34 അവൻ അവരെ കൊല്ലുമ്പോൾ അവർ അവനെ അന്വേഷിക്കും; അവർ തിരിഞ്ഞ് ജാഗ്രതയോടെ ദൈവത്തെ തിരയും.
35 ദൈവം അവരുടെ പാറ എന്നും അത്യുന്നതനായ ദൈവം അവരുടെ വീണ്ടെടുപ്പുകാരൻ എന്നും അവർ ഓർക്കും.
36 എങ്കിലും അവർ വായ്കൊണ്ട് അവനോട് കപടം സംസാരിക്കും നാവുകൊണ്ട് അവനോട് ഭോഷ്ക് പറയും.
37 അവരുടെ ഹൃദയം അവനിൽ സ്ഥിരമായിരുന്നില്ല; അവന്റെ നിയമത്തോട് അവർ വിശ്വസ്തത കാണിച്ചതുമില്ല.
38 എങ്കിലും അവൻ കരുണയുള്ളവനാകുകകൊണ്ട് അവരെ നശിപ്പിക്കാതെ അവരുടെ അകൃത്യം ക്ഷമിച്ചു; തന്റെ ക്രോധം മുഴുവനും ജ്വലിപ്പിക്കാതെ തന്റെ കോപം പലപ്പോഴും അടക്കിക്കളഞ്ഞു.
39 അവർ കേവലം ജഡം അത്രെ എന്നും മടങ്ങിവരാതെ കടന്നുപോകുന്ന കാറ്റുപോലെ എന്നും അവൻ ഓർത്തു.
40 മരുഭൂമിയിൽ അവർ എത്ര തവണ അവനോട് മത്സരിച്ചു! ശൂന്യദേശത്ത് എത്ര പ്രാവശ്യം അവനെ ദുഃഖിപ്പിച്ചു!
41 അവർ വീണ്ടും വീണ്ടും ദൈവത്തെ പരീക്ഷിച്ചു; യിസ്രായേലിന്റെ പരിശുദ്ധനെ മുഷിപ്പിച്ചു.
42 ഈജിപ്റ്റിൽ അടയാളങ്ങളും സോവാൻവയലിൽ അത്ഭുതങ്ങളും ചെയ്ത അവന്റെ കൈയും
43 അവൻ ശത്രുവിന്റെ കൈയിൽ നിന്ന് അവരെ വിടുവിച്ച ദിവസവും അവർ ഓർമ്മിച്ചില്ല.
44 അവൻ അവരുടെ നദികളെയും തോടുകളെയും അവർക്കു കുടിക്കുവാൻ കഴിയാത്ത വിധം രക്തമാക്കിത്തീർത്തു.
45 അവൻ അവരുടെ ഇടയിൽ ഈച്ചയെ അയച്ചു; അവ അവരെ അരിച്ചുകളഞ്ഞു: തവളയെയും അയച്ചു അവ അവർക്കു നാശം ചെയ്തു.
46 അവരുടെ വിള അവൻ തുള്ളനും അവരുടെ പ്രയത്നം വെട്ടുക്കിളിക്കും കൊടുത്തു.
47 അവൻ അവരുടെ മുന്തിരിവള്ളികളെ കന്മഴകൊണ്ടും അവരുടെ കാട്ടത്തിവൃക്ഷങ്ങളെ ആലിപ്പഴം കൊണ്ടും നശിപ്പിച്ചു.
48 അവൻ അവരുടെ കന്നുകാലികളെ കന്മഴക്കും അവരുടെ ആട്ടിൻകൂട്ടങ്ങളെ ഇടിത്തീയ്ക്കും ഏല്പിച്ചു.
49 അവൻ അവരുടെ ഇടയിൽ തന്റെ കോപാഗ്നിയും ക്രോധവും രോഷവും കഷ്ടവും അയച്ചു; അനർത്ഥദൂതന്മാരുടെ ഒരു ഗണത്തെ തന്നെ.
50 അവൻ തന്റെ കോപത്തിന് ഒരു പാത ഒരുക്കി, അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിക്കാതെ അവരുടെ ജീവനെ മഹാവ്യാധിക്ക് ഏല്പിച്ചുകളഞ്ഞു.