7 കർത്താവ് എന്നേക്കും തള്ളിക്കളയുമോ? അവൻ ഇനി ഒരിക്കലും അനുകൂലമായിരിക്കുകയില്ലയോ?
8 അവന്റെ ദയ സദാകാലത്തേക്കും മറഞ്ഞു പോയോ? അവന്റെ വാഗ്ദാനം തലമുറതലമുറയോളം നിലനില്ക്കാതെ പോയോ?
9 ദൈവം കൃപ കാണിക്കുവാൻ മറന്നിരിക്കുന്നുവോ? അവൻ കോപത്തിൽ തന്റെ കരുണ അടച്ചുകളഞ്ഞിരിക്കുന്നുവോ? സേലാ.
10 “എന്നാൽ അത് എന്റെ കഷ്ടതയാകുന്നു; അത്യുന്നതന്റെ വലങ്കൈ വരുത്തിയ സംവത്സരങ്ങൾ തന്നെ” എന്ന് ഞാൻ പറഞ്ഞു.
11 ഞാൻ യഹോവയുടെ പ്രവൃത്തികളെ വർണ്ണിക്കും; പണ്ടേയുള്ള നിന്റെ അത്ഭുതങ്ങളെ ഞാൻ ഓർക്കും.
12 ഞാൻ നിന്റെ സകലപ്രവൃത്തികളെയും ധ്യാനിക്കും; നിന്റെ ക്രിയകളെക്കുറിച്ച് ഞാൻ ചിന്തിക്കും.
13 ദൈവമേ, നിന്റെ വഴി വിശുദ്ധമാകുന്നു; നമ്മുടെ ദൈവത്തെപ്പോലെ വലിയ ദൈവം ആരുള്ളു?
14 നീ അത്ഭുതം പ്രവർത്തിക്കുന്ന ദൈവം ആകുന്നു; നിന്റെ ബലത്തെ നീ ജനതകളുടെ ഇടയിൽ വെളിപ്പെടുത്തിയിരിക്കുന്നു.
15 തൃക്കൈകൊണ്ട് നീ നിന്റെ ജനത്തെ വീണ്ടെടുത്തിരിക്കുന്നു; യാക്കോബിന്റെയും യോസേഫിന്റെയും മക്കളെ തന്നെ. സേലാ.
16 ദൈവമേ, വെള്ളങ്ങൾ നിന്നെ കണ്ടു, വെള്ളങ്ങൾ നിന്നെ കണ്ടു ഭ്രമിച്ചു, ആഴികളും വിറച്ചുപോയി.
17 മേഘങ്ങൾ വെള്ളം ചൊരിഞ്ഞു; ആകാശം ഇടിനാദം മുഴക്കി; നിന്റെ അസ്ത്രങ്ങൾ പരക്കെ പറന്നു.
18 നിന്റെ ഇടിമുഴക്കം ചുഴലിക്കാറ്റിൽ മുഴങ്ങി; മിന്നലുകൾ ഭൂതലത്തെ പ്രകാശിപ്പിച്ചു; ഭൂമി കുലുങ്ങി നടുങ്ങിപ്പോയി.