25 സംഗീതക്കാർ മുമ്പിൽ നടന്നു; വീണക്കാർ പിമ്പിൽ നടന്നു; തപ്പുകൊട്ടുന്ന കന്യകമാർ ഇരുപുറവും നടന്നു.
26 യിസ്രായേലിന്റെ ഉറവിൽനിന്നുള്ള ഏവരുമേ, സഭായോഗങ്ങളിൽ നിങ്ങൾ കർത്താവായ ദൈവത്തെ വാഴ്ത്തുവിൻ.
27 അവിടെ അവരുടെ നായകനായ ഇളയ ബെന്യാമീനും യെഹൂദാപ്രഭുക്കന്മാരും അവരുടെ സംഘവും സെബൂലൂൻപ്രഭുക്കന്മാരും നഫ്താലിപ്രഭുക്കന്മാരും ഉണ്ട്.
28 നിന്റെ ദൈവം നിനക്കായി ബലം കല്പിച്ചിരിക്കുന്നു; ദൈവമേ, നീ ഞങ്ങൾക്കു വേണ്ടി പ്രവർത്തിച്ചതിനെ സ്ഥിരപ്പെടുത്തണമേ.
29 യെരൂശലേമിലുള്ള നിന്റെ മന്ദിരംനിമിത്തം രാജാക്കന്മാർ നിനക്ക് കാഴ്ച കൊണ്ടുവരും.
30 ഞാങ്ങണയുടെ ഇടയിലെ ദുഷ്ടജന്തുവിനെയും ജനതകൾ വെള്ളിവാളങ്ങളോടുകൂടി വന്ന് കീഴടങ്ങുംവരെ അവരുടെ കാളക്കൂട്ടത്തെയും പശുക്കിടാക്കളെയും ശാസിക്കണമേ; യുദ്ധതല്പരന്മാരായ ജനതകളെ ചിതറിക്കണമേ.
31 ഈജിപ്റ്റിൽനിന്ന് മഹത്തുക്കൾ വരും; കൂശ് വേഗത്തിൽ തന്റെ കൈകളെ ദൈവത്തിങ്കലേക്ക് നീട്ടും.
32 ഭൂമിയിലെ രാജ്യങ്ങളെ, ദൈവത്തിന് പാട്ടുപാടുവിൻ; കർത്താവിന് കീർത്തനം ചെയ്യുവിൻ. സേലാ.