8 ദൈവത്തിൽ ഞങ്ങൾ നിത്യം പ്രശംസിക്കുന്നു; നിന്റെ നാമത്തിന് എന്നും സ്തോത്രം ചെയ്യുന്നു. സേലാ.
9 എന്നാൽ, നീ ഞങ്ങളെ തള്ളിക്കളഞ്ഞ് ലജ്ജിപ്പിച്ചിരിക്കുന്നു; ഞങ്ങളുടെ സൈന്യങ്ങളോടുകൂടി പുറപ്പെടുന്നതുമില്ല.
10 വൈരിയുടെ മുമ്പിൽ നീ ഞങ്ങളെ പുറം തിരിഞ്ഞ് ഓടുമാറാക്കുന്നു; ഞങ്ങളെ പകയ്ക്കുന്നവർ ഞങ്ങളെ കൊള്ളയിടുന്നു.
11 ഭക്ഷണത്തിനുവേണ്ടി കൊല്ലുവാനുള്ള ആടുകളെപ്പോലെ നീ ഞങ്ങളെ ഏല്പിച്ചുകൊടുത്തു; ജനതകളുടെ ഇടയിൽ ഞങ്ങളെ ചിതറിച്ചിരിക്കുന്നു.
12 നീ നിന്റെ ജനത്തെ തുഛമായ വിലയ്ക്ക് വില്ക്കുന്നു. അവരുടെ വിലകൊണ്ട് സമ്പത്ത് വർദ്ധിക്കുന്നതുമില്ല.
13 നീ ഞങ്ങളെ അയല്ക്കാർക്ക് അപമാനവിഷയവും ചുറ്റുമുള്ളവർക്ക് നിന്ദയും പരിഹാസവും ആക്കുന്നു.
14 നീ ജനതകളുടെ ഇടയിൽ ഞങ്ങളെ പഴഞ്ചൊല്ലിനും വംശങ്ങളുടെ നടുവിൽ പരിഹാസത്തിനും വിഷയം ആക്കുന്നു.
15 നിന്ദിക്കുകയും ദുഷിക്കുകയും ചെയ്യുന്നവന്റെ വാക്കുകൾ ഹേതുവായും ശത്രുവിന്റെയും പ്രതികാരകന്റെയും നിമിത്തവും
16 ഞാൻ ഇടവിടാതെ അപമാനം അനുഭവിക്കുന്നു; ലജ്ജ എന്റെ മുഖത്തെ മൂടിയിരിക്കുന്നു.
17 ഇവയെല്ലാം ഞങ്ങൾക്ക് സംഭവിച്ചു എങ്കിലും ഞങ്ങൾ നിന്നെ മറന്നിട്ടില്ല; നിന്റെ നിയമത്തോട് അവിശ്വസ്തത കാണിച്ചിട്ടുമില്ല.