Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 119:43-129 in Malayalam

Help us?

സങ്കീർത്തനങ്ങൾ 119:43-129 in മലയാളം ബൈബിള്‍

43 ഞാൻ നിന്റെ വിധികൾക്കായി കാത്തിരിക്കുകയാൽ സത്യത്തിന്റെ വചനം എന്റെ വായിൽ നിന്ന് നീക്കിക്കളയരുതേ.
44 അങ്ങനെ ഞാൻ നിന്റെ ന്യായപ്രമാണം ഇടവിടാതെ എന്നേക്കും പ്രമാണിക്കും.
45 നിന്റെ പ്രമാണങ്ങൾ ആരായുന്നതുകൊണ്ട് ഞാൻ വിശാലതയിൽ നടക്കും.
46 ഞാൻ ലജ്ജിക്കാതെ രാജാക്കന്മാരുടെ മുമ്പിലും നിന്റെ സാക്ഷ്യങ്ങളെക്കുറിച്ചു സംസാരിക്കും.
47 ഞാൻ നിന്റെ കല്പനകളിൽ പ്രമോദിക്കുന്നു; അവ എനിക്ക് പ്രിയമായിരിക്കുന്നു.
48 എനിക്കു പ്രിയമായിരിക്കുന്ന നിന്റെ കല്പനകളിലേക്ക് ഞാൻ കൈകൾ ഉയർത്തുന്നു; നിന്റെ ചട്ടങ്ങൾ ഞാൻ ധ്യാനിക്കുന്നു.
49 എനിക്ക് പ്രത്യാശ നൽകുവാൻ കാരണമായ അടിയനോടുള്ള നിന്റെ വചനത്തെ ഓർക്കണമേ.
50 നിന്റെ വചനം എന്നെ ജീവിപ്പിച്ചിരിക്കുന്നത് എന്റെ കഷ്ടതയിൽ എനിക്ക് ആശ്വാസമാകുന്നു.
51 അഹങ്കാരികൾ എന്നെ അത്യന്തം പരിഹസിച്ചു; എന്നാൽ ഞാൻ നിന്റെ ന്യായപ്രമാണം വിട്ടുമാറിയിട്ടില്ല.
52 യഹോവേ, പുരാതനമായ നിന്റെ വിധികൾ ഓർത്ത് ഞാൻ എന്നെത്തന്നെ ആശ്വസിപ്പിക്കുന്നു.
53 നിന്റെ ന്യായപ്രമാണം ഉപേക്ഷിക്കുന്ന ദുഷ്ടന്മാർനിമിത്തം എനിക്ക് ഉഗ്രകോപം പിടിച്ചിരിക്കുന്നു.
54 ഞാൻ പരദേശിയായി പാർക്കുന്ന വീട്ടിൽ നിന്റെ ചട്ടങ്ങൾ എന്റെ കീർത്തനം ആകുന്നു.
55 യഹോവേ, രാത്രിയിൽ ഞാൻ തിരുനാമം ഓർക്കുന്നു; നിന്റെ ന്യായപ്രമാണം ഞാൻ ആചരിക്കുന്നു.
56 നിന്റെ പ്രമാണങ്ങൾ അനുസരിക്കുന്നത് എനിക്ക് അനുഗ്രഹമായിരിക്കുന്നു.
57 യഹോവേ, നീ എന്റെ ഓഹരിയാകുന്നു; ഞാൻ നിന്റെ വചനങ്ങൾ പ്രമാണിക്കും എന്നു ഞാൻ പറഞ്ഞു.
58 പൂർണ്ണഹൃദയത്തോടെ ഞാൻ നിന്റെ കൃപയ്ക്കായി അപേക്ഷിക്കുന്നു; നിന്റെ വാഗ്ദാനപ്രകാരം എന്നോടു കൃപയുണ്ടാകണമേ.
59 ഞാൻ എന്റെ വഴികളെക്കുറിച്ച് ചിന്തിച്ച്, എന്റെ കാലുകൾ നിന്റെ സാക്ഷ്യങ്ങളിലേക്കു തിരിക്കുന്നു.
60 നിന്റെ കല്പനകൾ പ്രമാണിക്കുവാൻ ഞാൻ ഒട്ടും വൈകാതെ ബദ്ധപ്പെടുന്നു;
61 ദുഷ്ടന്മാരുടെ കയറുകൾ എന്നെ ചുറ്റിയിരിക്കുന്നു; എങ്കിലും ഞാൻ നിന്റെ ന്യായപ്രമാണം മറക്കുന്നില്ല.
62 നിന്റെ നീതിയുള്ള ന്യായവിധികൾ നിമിത്തം നിനക്കു സ്തോത്രം ചെയ്യുവാൻ ഞാൻ അർദ്ധരാത്രിയിൽ എഴുന്നേല്ക്കും.
63 നിന്നെ ഭയപ്പെടുകയും നിന്റെ പ്രമാണങ്ങൾ അനുസരിക്കുകയും ചെയ്യുന്ന എല്ലാവർക്കും ഞാൻ സ്നേഹിതനാകുന്നു.
64 യഹോവേ, ഭൂമി നിന്റെ ദയകൊണ്ടു നിറഞ്ഞിരിക്കുന്നു; നിന്റെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരണമേ.
65 യഹോവേ, തിരുവചനപ്രകാരം നീ അടിയന് നന്മ ചെയ്തിരിക്കുന്നു.
66 നിന്റെ കല്പനകൾ ഞാൻ വിശ്വസിച്ചിരിക്കുകയാൽ എനിക്കു നല്ലബുദ്ധിയും പരിജ്ഞാനവും ഉപദേശിച്ചുതരണമേ.
67 കഷ്ടതയിൽ ആകുന്നതിനു മുമ്പ് ഞാൻ തെറ്റിപ്പോയി; ഇപ്പോൾ ഞാൻ നിന്റെ വചനം പ്രമാണിക്കുന്നു.
68 നീ നല്ലവനും നന്മ ചെയ്യുന്നവനും ആകുന്നു; നിന്റെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചുതരണമേ.
69 അഹങ്കാരികൾ എന്നെക്കുറിച്ച് നുണ പറഞ്ഞുണ്ടാക്കി; ഞാൻ പൂർണ്ണഹൃദയത്തോടെ നിന്റെ പ്രമാണങ്ങൾ അനുസരിക്കും.
70 അവരുടെ ഹൃദയം കൊഴുപ്പുപോലെ തടിച്ചിരിക്കുന്നു; ഞാൻ നിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു.
71 നിന്റെ ചട്ടങ്ങൾ പഠിക്കുവാൻ തക്കവണ്ണം ഞാൻ കഷ്ടതയിൽ ആയിരുന്നത് എനിക്കു ഗുണമായി.
72 ആയിരം ആയിരം പൊൻവെള്ളി നാണ്യങ്ങളെക്കാൾ നിന്റെ വായിൽനിന്നുള്ള ന്യായപ്രമാണം എനിക്കുത്തമം.
73 തൃക്കൈകൾ എന്നെ സൃഷ്ടിക്കുകയും രൂപപ്പെടുത്തുകയും ചെയ്തിരിക്കുന്നു; നിന്റെ കല്പനകൾ പഠിക്കുവാൻ എനിക്കു ബുദ്ധി നല്കണമേ.
74 തിരുവചനത്തിൽ ഞാൻ പ്രത്യാശ വച്ചിരിക്കുകയാൽ നിന്റെ ഭക്തന്മാർ എന്നെ കണ്ട് സന്തോഷിക്കുന്നു.
75 യഹോവേ, നിന്റെ വിധികൾ നീതിയുള്ളവയെന്നും വിശ്വസ്തതയോടെ നീ എന്നെ താഴ്ത്തിയിരിക്കുന്നു എന്നും ഞാൻ അറിയുന്നു.
76 അടിയനോടുള്ള നിന്റെ വാഗ്ദാനപ്രകാരം നിന്റെ ദയ എന്നെ ആശ്വസിപ്പിക്കട്ടെ.
77 ഞാൻ ജീവിച്ചിരിക്കേണ്ടതിന് എന്നോട് കരുണ തോന്നണമേ; നിന്റെ ന്യായപ്രമാണത്തിൽ ഞാൻ പ്രമോദിക്കുന്നു.
78 കാരണം കൂടാതെ എന്നെ വെറുതെ ഉപദ്രവിക്കുന്ന അഹങ്കാരികൾ ലജ്ജിച്ചുപോകട്ടെ; ഞാൻ നിന്റെ കല്പനകൾ ധ്യാനിക്കുന്നു.
79 നിന്റെ ഭക്തന്മാരും നിന്റെ സാക്ഷ്യങ്ങൾ അറിയുന്നവരും എന്റെ അടുക്കൽ വരട്ടെ.
80 ഞാൻ ലജ്ജിച്ചു പോകാതിരിക്കേണ്ടതിന് എന്റെ ഹൃദയം നിന്റെ ചട്ടങ്ങളിൽ നിഷ്കളങ്കമായിരിക്കട്ടെ.
81 ഞാൻ നിന്റെ രക്ഷയ്ക്കായി കാത്തിരുന്ന് തളർന്നുപോകുന്നു; നിന്റെ വാഗ്ദാനം ഞാൻ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു.
82 എപ്പോൾ നീ എന്നെ ആശ്വസിപ്പിക്കും എന്ന് ചിന്തിച്ച് എന്റെ കണ്ണ് നിന്റെ വാഗ്ദാനം കാത്തിരുന്ന് ക്ഷീണിക്കുന്നു.
83 ഞാൻ പുകയത്തു വച്ച തോൽതുരുത്തിപോലെ ആകുന്നു. എങ്കിലും നിന്റെ ചട്ടങ്ങൾ മറക്കുന്നില്ല.
84 അടിയന്റെ ജീവകാലം എത്രനാൾ? എന്നെ ഉപദ്രവിക്കുന്നവരുടെമേൽ നീ എപ്പോൾ ന്യായവിധി നടത്തും?
85 നിന്റെ ന്യായപ്രമാണം അനുസരിക്കാത്ത അഹങ്കാരികൾ എനിക്കായി കുഴി കുഴിച്ചിരിക്കുന്നു.
86 നിന്റെ കല്പനകളെല്ലം വിശ്വാസ്യമാകുന്നു; അവർ എന്നെ വെറുതെ ഉപദ്രവിക്കുന്നു; എന്നെ സഹായിക്കണമേ.
87 അവർ ഭൂമിയിൽ എന്നെ മിക്കവാറും ഇല്ലാതെയാക്കിയിരിക്കുന്നു; നിന്റെ പ്രമാണങ്ങൾ ഞാൻ ഉപേക്ഷിച്ചില്ലതാനും.
88 നിന്റെ ദയയ്ക്കു തക്കവണ്ണം എന്നെ ജീവിപ്പിക്കണമേ; ഞാൻ നിന്റെ വായിൽനിന്നുള്ള സാക്ഷ്യങ്ങൾ പ്രമാണിക്കും.
89 യഹോവേ, നിന്റെ വചനം സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്നു.
90 നിന്റെ വിശ്വസ്തത തലമുറതലമുറയോളം ഇരിക്കുന്നു; നീ ഭൂമിയെ സ്ഥാപിച്ചു, അതു നിലനില്ക്കുന്നു.
91 അവ ഇന്നുവരെ നിന്റെ നിയമപ്രകാരം നിലനില്ക്കുന്നു; സർവ്വസൃഷ്ടികളും നിന്റെ ദാസരല്ലോ.
92 നിന്റെ ന്യായപ്രമാണം എന്റെ പ്രമോദം ആയിരുന്നില്ലെങ്കിൽ ഞാൻ എന്റെ കഷ്ടതയിൽ നശിച്ചുപോകുമായിരുന്നു.
93 ഞാൻ ഒരുനാളും നിന്റെ പ്രമാണങ്ങൾ മറക്കുകയില്ല; അവയാൽ നീ എന്നെ ജീവിപ്പിച്ചിരിക്കുന്നു.
94 ഞാൻ നിനക്കുള്ളവനത്രെ; എന്നെ രക്ഷിക്കണമേ; ഞാൻ നിന്റെ പ്രമാണങ്ങൾ അന്വേഷിക്കുന്നു.
95 ദുഷ്ടന്മാർ എന്നെ നശിപ്പിക്കുവാൻ കാത്തിരുന്നു; എന്നാൽ ഞാൻ നിന്റെ സാക്ഷ്യങ്ങൾ ചിന്തിച്ചുകൊള്ളും.
96 സകല പൂർണ്ണതയ്ക്കും ഞാൻ ഒരു പര്യവസാനം കണ്ടിരിക്കുന്നു; നിന്റെ കല്പനയോ അത്യന്തം വിശാലമായിരിക്കുന്നു.
97 നിന്റെ ന്യായപ്രമാണം എനിക്ക് എത്രയോ പ്രിയം; ദിവസം മുഴുവനും അത് എന്റെ ധ്യാനമാകുന്നു.
98 നിന്റെ കല്പനകൾ എന്നെ എന്റെ ശത്രുക്കളെക്കാൾ ബുദ്ധിമാനാക്കുന്നു; അവ എപ്പോഴും എന്റെ പക്കൽ ഉണ്ട്.
99 നിന്റെ സാക്ഷ്യങ്ങൾ എന്റെ ധ്യാനമായിരിക്കുകകൊണ്ട് എന്റെ സകല ഗുരുക്കന്മാരെക്കാളും ഞാൻ വിവേകമുള്ളവനാകുന്നു.
100 നിന്റെ പ്രമാണങ്ങൾ അനുസരിക്കുകയാൽ ഞാൻ വൃദ്ധന്മാരിലും വിവേകമുള്ളവനാകുന്നു.
101 നിന്റെ വചനം പ്രമാണിക്കേണ്ടതിന് ഞാൻ സകല ദുർമാർഗ്ഗത്തിൽനിന്നും കാലുകളെ വിലക്കുന്നു.
102 നീ എന്നെ ഉപദേശിച്ചിരിക്കുകയാൽ ഞാൻ നിന്റെ വിധികൾ വിട്ടുമാറിയിട്ടില്ല.
103 തിരുവചനം എന്റെ നാവിന് എത്ര മധുരം! അവ എന്റെ വായ്ക്ക് തേനിലും നല്ലത്.
104 നിന്റെ പ്രമാണങ്ങളാൽ ഞാൻ വിവേകമുള്ളവനാകുന്നു. അതുകൊണ്ട് ഞാൻ സകലവ്യാജമാർഗ്ഗവും വെറുക്കുന്നു.
105 നിന്റെ വചനം എന്റെ കാലിന് ദീപവും എന്റെ പാതയ്ക്കു പ്രകാശവും ആകുന്നു.
106 നിന്റെ നീതിയുള്ള വിധികൾ പ്രമാണിക്കുമെന്ന് ഞാൻ സത്യം ചെയ്തു; അതു ഞാൻ നിവർത്തിക്കും.
107 ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു; യഹോവേ, നിന്റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കണമേ.
108 യഹോവേ, എന്റെ വായുടെ സ്വമേധാദാനങ്ങളിൽ പ്രസാദിക്കണമേ; നിന്റെ വിധികൾ എനിക്ക് ഉപദേശിച്ചു തരണമേ.
109 ഞാൻ പ്രാണത്യാഗം ചെയ്യുവാൻ എല്ലായ്പോഴും ഒരുങ്ങിയിരിക്കുന്നു; എങ്കിലും നിന്റെ ന്യായപ്രമാണം ഞാൻ മറക്കുന്നില്ല.
110 ദുഷ്ടന്മാർ എനിക്കു കെണി വച്ചിരിക്കുന്നു; എങ്കിലും ഞാൻ നിന്റെ പ്രമാണങ്ങൾ ഉപേക്ഷിക്കുന്നില്ല.
111 ഞാൻ നിന്റെ സാക്ഷ്യങ്ങളെ എന്റെ ശാശ്വതാവകാശമാക്കിയിരിക്കുന്നു; അവ എന്റെ ഹൃദയത്തിന്റെ ആനന്ദമാകുന്നു.
112 നിന്റെ ചട്ടങ്ങളെ ഇടവിടാതെ എന്നേക്കും ആചരിക്കുവാൻ ഞാൻ എന്റെ ഹൃദയം ചായിച്ചിരിക്കുന്നു.
113 ഇരുമനസ്സുള്ളവരെ ഞാൻ വെറുക്കുന്നു; എന്നാൽ നിന്റെ ന്യായപ്രമാണം എനിക്കു പ്രിയമാകുന്നു.
114 നീ എന്റെ മറവിടവും എന്റെ പരിചയും ആകുന്നു; ഞാൻ തിരുവചനത്തിൽ പ്രത്യാശ വച്ചിരിക്കുന്നു.
115 എന്റെ ദൈവത്തിന്റെ കല്പനകൾ ഞാൻ പ്രമാണിക്കേണ്ടതിന് ദുഷ്കർമ്മികളേ, എന്നെ വിട്ടു പോകുവിൻ.
116 ഞാൻ ജീവിച്ചിരിക്കേണ്ടതിന് നിന്റെ വചനപ്രകാരം എന്നെ താങ്ങണമേ; എന്റെ പ്രത്യാശയിൽ ഞാൻ ലജ്ജിച്ചുപോകരുതേ.
117 ഞാൻ രക്ഷപെടേണ്ടതിന് എന്നെ താങ്ങണമേ; നിന്റെ ചട്ടങ്ങൾ ഞാൻ നിരന്തരം അനുസരിക്കും.
118 നിന്റെ ചട്ടങ്ങൾ ഉപേക്ഷിക്കുന്ന സകലരേയും നീ നിരസിക്കുന്നു; അവരുടെ വഞ്ചന വ്യർത്ഥമാകുന്നു.
119 ഭൂമിയിലെ സകലദുഷ്ടന്മാരെയും നീ മാലിന്യം പോലെ നീക്കിക്കളയുന്നു; അതുകൊണ്ട് നിന്റെ സാക്ഷ്യങ്ങൾ എനിക്കു പ്രിയമാകുന്നു.
120 നിന്നെക്കുറിച്ചുള്ള ഭയം നിമിത്തം എന്റെ ദേഹം വിറയ്ക്കുന്നു; നിന്റെ വിധികൾനിമിത്തം ഞാൻ ഭയപ്പെടുന്നു.
121 ഞാൻ നീതിയും ന്യായവും പ്രവർത്തിക്കുന്നു; എന്റെ പീഡകന്മാർക്ക് എന്നെ ഏല്പിച്ചുകൊടുക്കരുതേ.
122 അടിയന്റെ നന്മയ്ക്കുവേണ്ടി ഉത്തരവാദി ആയിരിക്കണമേ; അഹങ്കാരികൾ എന്നെ പീഡിപ്പിക്കരുതേ.
123 എന്റെ കണ്ണ് നിന്റെ രക്ഷയെയും നിന്റെ നീതിയുടെ വചനത്തെയും കാത്തിരുന്ന് ക്ഷീണിക്കുന്നു.
124 നിന്റെ ദയക്കു തക്കവണ്ണം അടിയനോടു പ്രവർത്തിച്ച്, നിന്റെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചുതരണമേ.
125 ഞാൻ നിന്റെ ദാസൻ ആകുന്നു; നിന്റെ സാക്ഷ്യങ്ങൾ ഗ്രഹിക്കുവാൻ എനിക്കു ബുദ്ധി നല്കണമേ.
126 യഹോവേ, ഇത് നിനക്കു പ്രവർത്തിക്കുവാനുള്ള സമയമാകുന്നു; അവർ നിന്റെ ന്യായപ്രമാണം ദുർബ്ബലമാക്കിയിരിക്കുന്നു.
127 അതുകൊണ്ട് നിന്റെ കല്പനകൾ എനിക്ക് പൊന്നിലും തങ്കത്തിലും അധികം പ്രിയമാകുന്നു.
128 അതുകൊണ്ട് നിന്റെ സകലപ്രമാണങ്ങളും സത്യമെന്ന് കരുതി, ഞാൻ സകലവ്യാജമാർഗ്ഗങ്ങളും വെറുക്കുന്നു.
129 നിന്റെ സാക്ഷ്യങ്ങൾ അതിശയകരമാകയാൽ എന്റെ മനസ്സ് അവ പ്രമാണിക്കുന്നു.
സങ്കീർത്തനങ്ങൾ 119 in മലയാളം ബൈബിള്‍