120 നിന്നെക്കുറിച്ചുള്ള ഭയം നിമിത്തം എന്റെ ദേഹം വിറയ്ക്കുന്നു; നിന്റെ വിധികൾനിമിത്തം ഞാൻ ഭയപ്പെടുന്നു.
121 ഞാൻ നീതിയും ന്യായവും പ്രവർത്തിക്കുന്നു; എന്റെ പീഡകന്മാർക്ക് എന്നെ ഏല്പിച്ചുകൊടുക്കരുതേ.
122 അടിയന്റെ നന്മയ്ക്കുവേണ്ടി ഉത്തരവാദി ആയിരിക്കണമേ; അഹങ്കാരികൾ എന്നെ പീഡിപ്പിക്കരുതേ.
123 എന്റെ കണ്ണ് നിന്റെ രക്ഷയെയും നിന്റെ നീതിയുടെ വചനത്തെയും കാത്തിരുന്ന് ക്ഷീണിക്കുന്നു.
124 നിന്റെ ദയക്കു തക്കവണ്ണം അടിയനോടു പ്രവർത്തിച്ച്, നിന്റെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചുതരണമേ.
125 ഞാൻ നിന്റെ ദാസൻ ആകുന്നു; നിന്റെ സാക്ഷ്യങ്ങൾ ഗ്രഹിക്കുവാൻ എനിക്കു ബുദ്ധി നല്കണമേ.
126 യഹോവേ, ഇത് നിനക്കു പ്രവർത്തിക്കുവാനുള്ള സമയമാകുന്നു; അവർ നിന്റെ ന്യായപ്രമാണം ദുർബ്ബലമാക്കിയിരിക്കുന്നു.
127 അതുകൊണ്ട് നിന്റെ കല്പനകൾ എനിക്ക് പൊന്നിലും തങ്കത്തിലും അധികം പ്രിയമാകുന്നു.
128 അതുകൊണ്ട് നിന്റെ സകലപ്രമാണങ്ങളും സത്യമെന്ന് കരുതി, ഞാൻ സകലവ്യാജമാർഗ്ഗങ്ങളും വെറുക്കുന്നു.
129 നിന്റെ സാക്ഷ്യങ്ങൾ അതിശയകരമാകയാൽ എന്റെ മനസ്സ് അവ പ്രമാണിക്കുന്നു.
130 നിന്റെ വചനങ്ങളുടെ പ്രവേശനം പ്രകാശം പ്രദാനം ചെയ്യുന്നു; അത് അല്പബുദ്ധികളെ ബുദ്ധിമാന്മാരാക്കുന്നു.
131 നിന്റെ കല്പനകൾക്കായി വാഞ്ഛിക്കുകയാൽ ഞാൻ വായ് തുറന്ന് കിതയ്ക്കുന്നു.
132 തിരുനാമത്തെ സ്നേഹിക്കുന്നവർക്ക് നീ ചെയ്യുന്നതുപോലെ എങ്കലേക്കു തിരിഞ്ഞ് എന്നോടു കൃപ ചെയ്യണമേ.
133 എന്റെ കാലടികൾ നിന്റെ വചനത്തിൽ സ്ഥിരമാക്കണമേ; യാതൊരു നീതികേടും എന്നെ ഭരിക്കരുതേ.
134 മനുഷ്യന്റെ പീഡനത്തിൽനിന്ന് എന്നെ വിടുവിക്കണമേ; എന്നാൽ ഞാൻ നിന്റെ പ്രമാണങ്ങൾ അനുസരിക്കും.
135 അടിയന്റെമേൽ നിന്റെ മുഖം പ്രകാശിപ്പിച്ച് നിന്റെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരണമേ.
136 അവർ നിന്റെ ന്യായപ്രമാണം അനുസരിക്കാത്തതിനാൽ എന്റെ കണ്ണിൽനിന്ന് ജലനദികൾ ഒഴുകുന്നു.
137 യഹോവേ, നീ നീതിമാനാകുന്നു; നിന്റെ വിധികൾ നേരുള്ളവ തന്നെ.
138 നീ നീതിയോടും അത്യന്തം വിശ്വസ്തതയോടും കൂടി നിന്റെ സാക്ഷ്യങ്ങളെ കല്പിച്ചിരിക്കുന്നു.
139 എന്റെ വൈരികൾ തിരുവചനങ്ങൾ മറക്കുന്നതുകൊണ്ട് എന്റെ എരിവ് എന്നെ സംഹരിക്കുന്നു.
140 നിന്റെ വചനം അത്യന്തം വിശുദ്ധമാകുന്നു; അതുകൊണ്ട് അടിയന് അത് പ്രിയമാകുന്നു.