Text copied!
Bibles in Malayalam

ലേവ്യപുസ്തകം 8:3-28 in Malayalam

Help us?

ലേവ്യപുസ്തകം 8:3-28 in മലയാളം ബൈബിള്‍

3 സഭയെ മുഴുവനും സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ കൂട്ടുകയും ചെയ്യുക” എന്നു കല്പിച്ചു.
4 യഹോവ തന്നോടു കല്പിച്ചതുപോലെ മോശെ ചെയ്തു; സഭ സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ വന്നുകൂടി.
5 മോശെ സഭയോട്: “ചെയ്യണമെന്ന് യഹോവ കല്പിച്ച കാര്യം ഇതാകുന്നു” എന്നു പറഞ്ഞു.
6 മോശെ അഹരോനെയും പുത്രന്മാരെയും അടുക്കൽ വരുത്തി അവരെ വെള്ളംകൊണ്ടു കഴുകി.
7 അവനെ ഉള്ളങ്കി ഇടുവിച്ചു നടുക്കെട്ടു കെട്ടിച്ച് അങ്കി ധരിപ്പിച്ച് ഏഫോദ് ഇടുവിച്ച് ഏഫോദിന്റെ ചിത്രപ്പണിയായ നടുക്കെട്ടു കെട്ടിച്ച് അതിനാൽ അതു മുറുക്കി.
8 അവനെ പതക്കം ധരിപ്പിച്ചു; പതക്കത്തിൽ ഊറീമും തുമ്മീമും വച്ചു.
9 അവന്റെ തലയിൽ തലപ്പാവ് വച്ചു; തലപ്പാവിന്മേൽ അതിന്റെ മുൻവശത്തു വിശുദ്ധകിരീടമായ പൊൻപട്ടം വച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ.
10 മോശെ അഭിഷേകതൈലം എടുത്ത് കൂടാരവും അതിലുള്ളതൊക്കെയും അഭിഷേകം ചെയ്തു അവരെ ശുദ്ധീകരിച്ചു.
11 അവരെ ശുദ്ധീകരിക്കുവാൻ അവൻ അതിൽ കുറെ യാഗപീഠത്തിന്മേൽ ഏഴു പ്രാവശ്യം തളിച്ചു യാഗപീഠവും അതിന്റെ ഉപകരണങ്ങളൊക്കെയും തൊട്ടിയും അതിന്റെ കാലും അഭിഷേകം ചെയ്തു.
12 മോശെ അഹരോന്റെ തലയിൽ അഭിഷേകതൈലം ഒഴിച്ച് അവനെ അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു.
13 മോശെ അഹരോന്റെ പുത്രന്മാരെ വരുത്തി, അങ്കി ധരിപ്പിച്ചു നടുക്കെട്ട് കെട്ടിച്ചു തലപ്പാവും ഇടുവിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ.
14 മോശെ പാപയാഗത്തിനുള്ള കാളയെ കൊണ്ടുവന്നു; പാപയാഗത്തിനുള്ള കാളയുടെ തലയിൽ അഹരോനും പുത്രന്മാരും കൈവച്ചു.
15 മോശെ കാളയെ അറുത്തു; അവൻ അതിന്റെ രക്തം എടുത്തു വിരൽകൊണ്ടു യാഗപീഠത്തിന്റെ കൊമ്പുകളിൽ ചുറ്റും പുരട്ടി യാഗപീഠം ശുദ്ധീകരിച്ചു; ശേഷിച്ച രക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ച്, യാഗപീഠത്തിനുവേണ്ടി പ്രാശ്ചിത്തം കഴിച്ച് അതിനെ ശുദ്ധീകരിച്ചു;
16 കുടലിന്മേലുള്ള സകലമേദസ്സും കരളിന്മേലുള്ള കൊഴുപ്പും വൃക്ക രണ്ടും അവയുടെ മേദസ്സും മോശെ എടുത്തു യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു.
17 എന്നാൽ കാളയെയും അതിന്റെ തോൽ, മാംസം, ചാണകം എന്നിവയും അവൻ പാളയത്തിനു പുറത്തു തീയിൽ ഇട്ടു ചുട്ടുകളഞ്ഞു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ.
18 അവൻ ഹോമയാഗത്തിനുള്ള ആട്ടുകൊറ്റനെയും കൊണ്ടുവന്നു; അഹരോനും പുത്രന്മാരും ആട്ടുകൊറ്റന്റെ തലയിൽ കൈവച്ചു.
19 മോശെ ആട്ടുകൊറ്റനെ അറുത്തു; അവൻ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു.
20 ആട്ടുകൊറ്റനെ കഷണംകഷണമായി മുറിച്ചു; മോശെ തലയും കഷണങ്ങളും മേദസ്സും ദഹിപ്പിച്ചു.
21 അവൻ അതിന്റെ കുടലും കാലും വെള്ളംകൊണ്ടു കഴുകി; മോശെ ആട്ടുകൊറ്റനെ മുഴുവനും യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു; ഇതു സൗരഭ്യവാസനയായ ഹോമയാഗമായി യഹോവയ്ക്കുള്ള ദഹനയാഗം; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ.
22 അവൻ കരപൂരണത്തിനുള്ള ആട്ടുകൊറ്റനായ മറ്റേ ആട്ടുകൊറ്റനെയും കൊണ്ടുവന്നു; അഹരോനും പുത്രന്മാരും ആട്ടുകൊറ്റന്റെ തലയിൽ കൈവച്ചു.
23 മോശെ അതിനെ അറുത്തു; അവൻ അതിന്റെ രക്തം കുറെ എടുത്ത് അഹരോന്റെ വലത്തെ കാതിന്മേലും വലത്തെ കൈയുടെ പെരുവിരലിന്മേലും വലത്തെ കാലിന്റെ പെരുവിരലിന്മേലും പുരട്ടി.
24 മോശെ അഹരോന്റെ പുത്രന്മാരെയും വരുത്തി; അവൻ രക്തം കുറെ അവരുടെ വലത്തെ കാതിന്മേലും വലത്തെ കൈയുടെ പെരുവിരലിന്മേലും വലത്തെ കാലിന്റെ പെരുവിരലിന്മേലും പുരട്ടി; ശേഷിച്ച രക്തം മോശെ യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു.
25 മേദസ്സും തടിച്ചവാലും കുടലിന്മേലുള്ള സകലമേദസ്സും കരളിന്മേലുള്ള കൊഴുപ്പും വൃക്ക രണ്ടും അവയുടെ മേദസ്സും വലത്തെ കൈക്കുറകും അവൻ എടുത്തു,
26 യഹോവയുടെ സന്നിധിയിലുള്ള പുളിപ്പില്ലാത്ത അപ്പം ഇരിക്കുന്ന കുട്ടയിൽ നിന്നു പുളിപ്പില്ലാത്ത ഒരു അപ്പവും എണ്ണയപ്പമായ ഒരു ദോശയും ഒരു വടയും എടുത്തു മേദസ്സിന്മേലും കൈക്കുറകിന്മേലും വച്ചു.
27 അവയെല്ലാം അഹരോന്റെ കൈയിലും അവന്റെ പുത്രന്മാരുടെ കൈയിലും വച്ച് യഹോവയുടെ സന്നിധിയിൽ നീരാജനാർപ്പണമായി നീരാജനം ചെയ്തു.
28 പിന്നെ മോശെ അവയെ അവരുടെ കൈയിൽനിന്ന് എടുത്ത് യാഗപീഠത്തിന്മേൽ യാഗത്തിൻമീതെ ദഹിപ്പിച്ചു. ഇതു സൗരഭ്യവാസനയായ കരപൂരണയാഗം, യഹോവയ്ക്കുള്ള ദഹനയാഗം തന്നെ.
ലേവ്യപുസ്തകം 8 in മലയാളം ബൈബിള്‍