Text copied!
Bibles in Malayalam

ലേവ്യപുസ്തകം 6:5-25 in Malayalam

Help us?

ലേവ്യപുസ്തകം 6:5-25 in മലയാളം ബൈബിള്‍

5 താൻ കള്ളസ്സത്യം ചെയ്ത് എടുത്തതോ ആയതൊക്കെയും മുതലിനോട് അഞ്ചിലൊന്നു കൂട്ടി പകരം കൊടുക്കണം; അകൃത്യയാഗം കഴിക്കുന്ന നാളിൽ അവൻ അത് ഉടമസ്ഥനു കൊടുക്കണം.
6 അകൃത്യയാഗത്തിനായിട്ട് അവൻ നിന്റെ വിലനിർണ്ണയംപോലെ ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെ യഹോവയ്ക്ക് അകൃത്യയാഗമായി പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം.
7 പുരോഹിതൻ യഹോവയുടെ സന്നിധിയിൽ അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അവൻ അകൃത്യമായി ചെയ്തതൊക്കെയും അവനോടു ക്ഷമിക്കും.”
8 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
9 “നീ അഹരോനോടും അവന്റെ പുത്രന്മാരോടും കല്പിക്കേണ്ടത് എന്തെന്നാൽ: ‘ഹോമയാഗത്തിന്റെ പ്രമാണമാണിത്: ഹോമയാഗം രാത്രി മുഴുവനും ഉഷസ്സുവരെ യാഗപീഠത്തിന്മേലുള്ള വിറകിന്മേൽ ഇരിക്കുകയും യാഗപീഠത്തിലെ തീ അതിൽ കത്തിക്കൊണ്ടിരിക്കുകയും വേണം.
10 പുരോഹിതൻ പഞ്ഞിനൂൽകൊണ്ടുള്ള അങ്കി ധരിച്ച് പഞ്ഞിനൂൽകൊണ്ടുള്ള കാൽ ചട്ടയാൽ തന്റെ നഗ്നത മറച്ചുകൊണ്ട് യാഗപീഠത്തിന്മേൽ ഹോമയാഗം ദഹിപ്പിച്ചുണ്ടായ ചാരം എടുത്ത് യാഗപീഠത്തിന്റെ ഒരു വശത്ത് ഇടണം.
11 അവൻ വസ്ത്രം മാറി വേറെ വസ്ത്രം ധരിച്ചു പാളയത്തിനു പുറത്തു വൃത്തിയുള്ള ഒരു സ്ഥലത്തു ചാരം കൊണ്ടുപോകണം.
12 യാഗപീഠത്തിൽ തീ അണഞ്ഞുപോകാതെ കത്തിക്കൊണ്ടിരിക്കണം; പുരോഹിതൻ ഉഷസ്സുതോറും അതിന്മേൽ വിറകു കത്തിച്ച് ഹോമയാഗം അടുക്കിവച്ച് അതിനുമീതെ സമാധാനയാഗങ്ങളുടെ മേദസ്സു ദഹിപ്പിക്കണം.
13 യാഗപീഠത്തിന്മേൽ തീ അണഞ്ഞുപോകാതെ എപ്പോഴും കത്തിക്കൊണ്ടിരിക്കണം.
14 “‘ഭോജനയാഗത്തിന്റെ പ്രമാണം ഇതാണ്: അഹരോന്റെ പുത്രന്മാർ യഹോവയുടെ സന്നിധിയിൽ യാഗപീഠത്തിന്റെ മുമ്പിൽ അത് അർപ്പിക്കണം.
15 പുരോഹിതൻ ഭോജനയാഗത്തിന്റെ നേരിയ മാവിൽനിന്നും എണ്ണയിൽനിന്നും കൈനിറച്ചും ഭോജനയാഗത്തിന്മേലുള്ള കുന്തുരുക്കം മുഴുവനും എടുത്ത് സ്മരണയായി യാഗപീഠത്തിന്മേൽ യഹോവയ്ക്കു സൗരഭ്യവാസനയായി ദഹിപ്പിക്കണം.
16 അതിന്റെ ശേഷിപ്പ് അഹരോനും പുത്രന്മാരും തിന്നണം; വിശുദ്ധിയുള്ള ഒരു സ്ഥലത്തുവച്ച് അതു പുളിപ്പില്ലാത്തതായി തിന്നണം; സമാഗമനകൂടാരത്തിന്റെ പ്രാകാരത്തിൽവച്ച് അതു തിന്നണം.
17 അതു പുളിച്ച മാവു കൂട്ടി ചുടരുത്; എന്റെ ദഹനയാഗങ്ങളിൽനിന്ന് അതു ഞാൻ അവരുടെ ഓഹരിയായി കൊടുത്തിരിക്കുന്നു; അത് പാപയാഗംപോലെയും അകൃത്യയാഗംപോലെയും അതിവിശുദ്ധം.
18 അഹരോന്റെ മക്കളിൽ ആണുങ്ങൾക്ക് അതു തിന്നാം; യഹോവയുടെ ദഹനയാഗങ്ങളിൽ അതു നിങ്ങൾക്കു തലമുറതലമുറയായി ശാശ്വതാവകാശം ആകുന്നു; അതിനെ തൊടുന്നവൻ എല്ലാം വിശുദ്ധനായിരിക്കണം.’ ”
19 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ:
20 “അഹരോൻ അഭിഷിക്തനാകുന്ന ദിവസം അവനും പുത്രന്മാരും യഹോവയ്ക്കു കഴിക്കേണ്ട വഴിപാടാണിത്: ഒരു ഇടങ്ങഴി നേരിയ മാവിൽ പാതി രാവിലെയും പാതി വൈകുന്നേരവും നിരന്തരഭോജനയാഗമായി അർപ്പിക്കണം.
21 അത് എണ്ണ ചേർത്ത് ചട്ടിയിൽ ചുടണം; അതു കുതിർത്ത് അകത്തു കൊണ്ടുവരണം; ചുട്ട കഷണങ്ങൾ ഭോജനയാഗമായി യഹോവയ്ക്കു സൗരഭ്യവാസനയായി അർപ്പിക്കണം.
22 അവന്റെ പുത്രന്മാരിൽ അവനു പകരം അഭിഷിക്തനാകുന്ന പുരോഹിതനും അത് അർപ്പിക്കണം; എന്നേക്കുമുള്ള ചട്ടമായി അതു മുഴുവനും യഹോവയ്ക്കു ദഹിപ്പിക്കണം;
23 പുരോഹിതന്റെ ഓരോ ഭോജനയാഗവും മുഴുവനായി ദഹിപ്പിക്കണം; അതു തിന്നരുത്.”
24 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
25 “നീ അഹരോനോടും പുത്രന്മാരോടും പറയേണ്ടത് എന്തെന്നാൽ: ‘പാപയാഗത്തിന്റെ പ്രമാണമാണിത്: ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവച്ചു പാപയാഗമൃഗത്തെയും യഹോവയുടെ സന്നിധിയിൽ അറുക്കണം; അത് അതിവിശുദ്ധം.
ലേവ്യപുസ്തകം 6 in മലയാളം ബൈബിള്‍