Text copied!
Bibles in Malayalam

ലേവ്യപുസ്തകം 26:24-46 in Malayalam

Help us?

ലേവ്യപുസ്തകം 26:24-46 in മലയാളം ബൈബിള്‍

24 ഞാനും നിങ്ങൾക്കു വിരോധമായി നടന്നു നിങ്ങളുടെ പാപങ്ങൾ നിമിത്തം ഏഴുമടങ്ങു നിങ്ങളെ ദണ്ഡിപ്പിക്കും.
25 എന്റെ നിയമത്തിന്റെ പ്രതികാരം നടത്തുന്ന വാൾ ഞാൻ നിങ്ങളുടെ മേൽ വരുത്തും; നിങ്ങൾ നിങ്ങളുടെ പട്ടണങ്ങളിൽ ഒന്നിച്ചുകൂടുമ്പോൾ ഞാൻ നിങ്ങളുടെ ഇടയിൽ മഹാമാരി അയയ്ക്കുകയും നിങ്ങളെ ശത്രുവിന്റെ കൈയിൽ ഏല്പിക്കുകയും ചെയ്യും.
26 ഞാൻ നിങ്ങളുടെ അപ്പമെന്ന കോൽ ഒടിച്ചിരിക്കുമ്പോൾ പത്തു സ്ത്രീകൾ ഒരടുപ്പിൽ നിങ്ങളുടെ അപ്പം ചുട്ടു നിങ്ങൾക്കു തിരികെ തൂക്കിത്തരും; നിങ്ങൾ ഭക്ഷിച്ചാലും തൃപ്തരാവുകയില്ല.
27 “‘ഇതെല്ലാമായിട്ടും നിങ്ങൾ എന്റെ വാക്ക് കേൾക്കാതെ എനിക്കു വിരോധമായി നടന്നാൽ
28 ഞാനും ക്രോധത്തോടെ നിങ്ങൾക്കു വിരോധമായി നടക്കും; നിങ്ങളുടെ പാപങ്ങൾനിമിത്തം നിങ്ങളെ ഏഴുമടങ്ങു ശിക്ഷിക്കും.
29 നിങ്ങളുടെ പുത്രന്മാരുടെ മാംസം നിങ്ങൾ തിന്നും; നിങ്ങളുടെ പുത്രിമാരുടെ മാംസവും തിന്നും.
30 ഞാൻ നിങ്ങളുടെ പൂജാഗിരികളെ നശിപ്പിച്ചു നിങ്ങളുടെ വിഗ്രഹങ്ങളെ വെട്ടിക്കളയുകയും നിങ്ങളുടെ ശവം നിങ്ങളുടെ വിഗ്രഹങ്ങളുടെ ഉടലിന്മേൽ ഇട്ടുകളയുകയും എന്റെ ഉള്ളം നിങ്ങളെ വെറുക്കുകയും ചെയ്യും.
31 ഞാൻ നിങ്ങളുടെ പട്ടണങ്ങളെ പാഴ്നിലവും നിങ്ങളുടെ വിശുദ്ധമന്ദിരങ്ങളെ ശൂന്യവും ആക്കും; നിങ്ങളുടെ സൗരഭ്യവാസന ഞാൻ മണക്കുകയില്ല.
32 ഞാൻ ദേശത്തെ ശൂന്യമാക്കും; അതിൽ വസിക്കുന്ന നിങ്ങളുടെ ശത്രുക്കൾ അതിങ്കൽ ആശ്ചര്യപ്പെടും.
33 ഞാൻ നിങ്ങളെ ജനതകളുടെ ഇടയിൽ ചിതറിച്ചു നിങ്ങളുടെ പിന്നാലെ വാൾ ഊരും; നിങ്ങളുടെ ദേശം ശൂന്യമായും നിങ്ങളുടെ പട്ടണങ്ങൾ പാഴ്നിലമായും കിടക്കും.
34 അങ്ങനെ ദേശം ശൂന്യമായി കിടക്കുകയും നിങ്ങൾ ശത്രുക്കളുടെ ദേശത്ത് ഇരിക്കുകയും ചെയ്യുന്ന നാളെല്ലാം അതു തന്റെ ശബ്ബത്തുകൾ അനുഭവിക്കും; അപ്പോൾ ദേശം സ്വസ്ഥമായിക്കിടന്നു തന്റെ ശബ്ബത്തുകൾ അനുഭവിക്കും.
35 നിങ്ങൾ അവിടെ വസിച്ചിരുന്നപ്പോൾ നിങ്ങളുടെ ശബ്ബത്തുകളിൽ അതിന് അനുഭവമാകാതിരുന്ന സ്വസ്ഥത അതു ശൂന്യമായി കിടക്കുന്ന നാളെല്ലാം അനുഭവിക്കും.
36 ശേഷിച്ചിരിക്കുന്നവരുടെ ഹൃദയത്തിൽ ഞാൻ ശത്രുക്കളുടെ ദേശത്തുവച്ച് ഭീരുത്വം വരുത്തും; ഇല പറക്കുന്ന ശബ്ദം കേട്ടിട്ട് അവർ ഓടും; വാളിന്റെ മുമ്പിൽനിന്ന് ഓടുന്നതുപോലെ അവർ ഓടും; ആരും ഓടിക്കാതെ അവർ ഓടി വീഴും.
37 ആരും ഓടിക്കാതെ അവർ വാളിന്റെ മുമ്പിൽനിന്ന് എന്നപോലെ ഓടി ഒരുവന്റെ മേൽ ഒരുവൻ വീഴും; ശത്രുക്കളുടെ മുമ്പിൽ നില്ക്കുവാൻ നിങ്ങൾക്കു ശക്തി ഉണ്ടാവുകയുമില്ല.
38 നിങ്ങൾ ജനതകളുടെ ഇടയിൽ നശിക്കും; ശത്രുക്കളുടെ ദേശം നിങ്ങളെ തിന്നുകളയും.
39 നിങ്ങളിൽ ശേഷിച്ചിരിക്കുന്നവർ ശത്രുക്കളുടെ ദേശത്തുവച്ച് തങ്ങളുടെ അകൃത്യങ്ങളാൽ ക്ഷയിച്ചുപോകും; തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങളാലും അവർ അവരോടുകൂടി ക്ഷയിച്ചുപോകും.
40 അവർ തങ്ങളുടെ അകൃത്യവും തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യവും അവർ എന്നോടു ദ്രോഹിച്ച ദ്രോഹവും അവർ എനിക്കു വിരോധമായി നടന്നതുകൊണ്ട്
41 ഞാനും അവർക്കു വിരോധമായി നടന്ന് അവരെ ശത്രുക്കളുടെ ദേശത്തു വരുത്തിയതും ഏറ്റുപറയുകയും അവരുടെ പരിച്ഛേദനയില്ലാത്ത ഹൃദയം അപ്പോൾ താഴുകയും അവർ തങ്ങളുടെ അകൃത്യത്തിനുള്ള ശിക്ഷ അനുഭവിക്കുകയും ചെയ്താൽ
42 ഞാൻ യാക്കോബിനോടുള്ള എന്റെ നിയമം ഓർക്കും; യിസ്ഹാക്കിനോടുള്ള എന്റെ നിയമവും അബ്രാഹാമിനോടുള്ള എന്റെ നിയമവും ഞാൻ ഓർക്കും; ദേശത്തെയും ഞാൻ ഓർക്കും.
43 അവർ ദേശം വിട്ടുപോയിട്ട് അവരില്ലാതെ അതു ശൂന്യമായി കിടന്നു തന്റെ ശബ്ബത്തുകൾ അനുഭവിക്കും. അവർ എന്റെ വിധികളെ ധിക്കരിക്കുകയും അവർക്ക് എന്റെ ചട്ടങ്ങളോടു വെറുപ്പുതോന്നുകയും ചെയ്തതുകൊണ്ട് അവർ തങ്ങളുടെ അകൃത്യത്തിനുള്ള ശിക്ഷ അനുഭവിക്കും.
44 എങ്കിലും അവർ ശത്രുക്കളുടെ ദേശത്ത് ഇരിക്കുമ്പോൾ അവരെ നിർമ്മൂലമാക്കുവാനും അവരോടുള്ള എന്റെ നിയമം ലംഘിക്കുവാനും തക്കവണ്ണം ഞാൻ അവരെ ഉപേക്ഷിക്കുകയില്ല, അവരെ വെറുക്കുകയുമില്ല; ഞാൻ അവരുടെ ദൈവമായ യഹോവ ആകുന്നു.
45 ഞാൻ അവരുടെ ദൈവമായിരിക്കേണ്ടതിനു ജനതകൾ കാൺകെ ഈജിപ്റ്റിൽനിന്നു ഞാൻ കൊണ്ടുവന്ന അവരുടെ പൂർവ്വികന്മാരോടു ചെയ്ത നിയമം ഞാൻ അവർക്കുവേണ്ടി ഓർക്കും; ഞാൻ യഹോവ ആകുന്നു.’ ”
46 യഹോവ സീനായി പർവ്വതത്തിൽവച്ചു തനിക്കും യിസ്രായേൽമക്കൾക്കും തമ്മിൽ മോശെമുഖാന്തരം വച്ചിട്ടുള്ള നിയമങ്ങളും വിധികളും പ്രമാണങ്ങളും ഇവ ആകുന്നു.
ലേവ്യപുസ്തകം 26 in മലയാളം ബൈബിള്‍