Text copied!
Bibles in Malayalam

ലേവ്യപുസ്തകം 20:1-19 in Malayalam

Help us?

ലേവ്യപുസ്തകം 20:1-19 in മലയാളം ബൈബിള്‍

1 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
2 “നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ‘യിസ്രായേൽമക്കളിലോ യിസ്രായേലിൽ വന്നു പാർക്കുന്ന പരദേശികളിലോ ആരെങ്കിലും തന്റെ സന്തതിയിൽ ഒന്നിനെ മോലെക്കിനു കൊടുത്താൽ അവൻ മരണശിക്ഷ അനുഭവിക്കണം; ദേശത്തിലെ ജനം അവനെ കല്ലെറിയണം.
3 അവൻ തന്റെ സന്തതിയെ മോലെക്കിനു കൊടുത്തതിനാൽ എന്റെ വിശുദ്ധമന്ദിരം മലിനമാക്കുകയും എന്റെ വിശുദ്ധനാമം അശുദ്ധമാക്കുകയും ചെയ്തതുകൊണ്ട് ഞാൻ അവനെതിരെ ദൃഷ്ടിവച്ച് അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയും.
4 അവൻ തന്റെ സന്തതിയെ മോലെക്കിനു കൊടുക്കുമ്പോൾ ദേശത്തിലെ ജനം അവനെ കൊല്ലാതെ കണ്ണടച്ചുകളഞ്ഞാൽ
5 ഞാൻ അവനും കുടുംബത്തിനും എതിരെ ദൃഷ്ടിവച്ച് അവനെയും അവന്റെ പിന്നാലെ മോലെക്കിനോടു പരസംഗം ചെയ്യുവാൻ പോകുന്ന എല്ലാവരെയും അവരുടെ ജനത്തിന്റെ നടുവിൽനിന്നു ഛേദിച്ചുകളയും.
6 വെളിച്ചപ്പാടന്മാരുടെയും മന്ത്രവാദികളുടെയും പിന്നാലെ പരസംഗം ചെയ്യുവാൻ പോകുന്നവന് എതിരെയും ഞാൻ ദൃഷ്ടിവച്ച് അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയും.
7 ആകയാൽ നിങ്ങൾ നിങ്ങളെത്തന്നെ ശുദ്ധീകരിച്ചു വിശുദ്ധന്മാരായിരിക്കുവിൻ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
8 എന്റെ ചട്ടങ്ങൾ പ്രമാണിച്ച് ആചരിക്കുവിൻ; ഞാൻ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
9 അപ്പനെയോ അമ്മയെയോ ശപിക്കുന്നവൻ മരണശിക്ഷ അനുഭവിക്കണം; അവൻ അപ്പനെയും അമ്മയെയും ശപിച്ചു; അവന്റെ രക്തം അവന്റെ മേൽ ഇരിക്കും.
10 ഒരുവന്റെ ഭാര്യയുമായി വ്യഭിചാരം ചെയ്യുന്നവൻ, കൂട്ടുകാരന്റെ ഭാര്യയുമായി വ്യഭിചാരം ചെയ്യുന്ന വ്യഭിചാരിയും വ്യഭിചാരിണിയും തന്നെ, മരണശിക്ഷ അനുഭവിക്കണം.
11 അപ്പന്റെ ഭാര്യയോടുകൂടി ശയിക്കുന്നവൻ അപ്പന്റെ നഗ്നത അനാവൃതമാക്കുന്നു; ഇരുവരും മരണശിക്ഷ അനുഭവിക്കണം; അവരുടെ രക്തം അവരുടെമേൽ ഇരിക്കും.
12 ഒരുവൻ മരുമകളോടുകൂടി ശയിച്ചാൽ ഇരുവരും മരണശിക്ഷ അനുഭവിക്കണം; അവർ നികൃഷ്ടകർമ്മം ചെയ്തു; അവരുടെ രക്തം അവരുടെമേൽ ഇരിക്കും.
13 സ്ത്രീയോടുകൂടി ശയിക്കുന്നതുപോലെ ഒരുവൻ പുരുഷനോടുകൂടെ ശയിച്ചാൽ ഇരുവരും മ്ലേച്ഛത ചെയ്തു; അവർ മരണശിക്ഷ അനുഭവിക്കണം; അവരുടെ രക്തം അവരുടെമേൽ ഇരിക്കും.
14 ഒരു പുരുഷൻ ഒരു സ്ത്രീയെയും അവളുടെ അമ്മയെയും പരിഗ്രഹിച്ചാൽ അത് ദുഷ്കർമ്മം; നിങ്ങളുടെ ഇടയിൽ ദുഷ്കർമ്മം ഇല്ലാതിരിക്കേണ്ടതിന് അവനെയും അവരെയും തീയിൽ ഇട്ടു ചുട്ടുകളയണം.
15 ഒരു പുരുഷൻ മൃഗത്തോടുകൂടി ശയിച്ചാൽ അവൻ മരണശിക്ഷ അനുഭവിക്കണം; മൃഗത്തെയും കൊല്ലണം.
16 ഒരു സ്ത്രീ യാതൊരു മൃഗത്തോടെങ്കിലും ചേർന്നു ശയിച്ചാൽ സ്ത്രീയെയും മൃഗത്തെയും കൊല്ലണം; അവർ മരണശിക്ഷ അനുഭവിക്കണം; അവരുടെ രക്തം അവരുടെമേൽ ഇരിക്കും.
17 ഒരു പുരുഷൻ തന്റെ അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ തന്റെ സഹോദരിയെ പരിഗ്രഹിച്ച് അവളുടെ നഗ്നത കാണുകയും അവൾ അവന്റെ നഗ്നത കാണുകയും ചെയ്താൽ അതു ലജ്ജാകരം; അവരെ അവരുടെ ജനത്തിന്റെ മുമ്പിൽ ഒറ്റപ്പെടുത്തണം; അവൻ സഹോദരിയുടെ നഗ്നത അനാവൃതമാക്കി; അവൻ തന്റെ കുറ്റം വഹിക്കും.
18 ഒരു പുരുഷൻ ഋതുവായ സ്ത്രീയോടുകൂടി ശയിച്ച് അവളുടെ നഗ്നത അനാവൃതമാക്കിയാൽ അവൻ അവളുടെ സ്രവം അനാവൃതമാക്കി; അവളും തന്റെ രക്തസ്രവം അനാവൃതമാക്കി; ഇരുവരെയും അവരുടെ ജനത്തിന്റെ ഇടയിൽനിന്നു പുറംതള്ളണം.
19 നിന്റെ അമ്മയുടെ സഹോദരിയുടെയോ അപ്പന്റെ സഹോദരിയുടെയോ നഗ്നത അനാവൃതമാക്കരുത്; അങ്ങനെയുള്ളവൻ തന്റെ അടുത്ത ചാർച്ചക്കാരത്തിയെ അനാവൃതയാക്കുന്നുവല്ലോ; അവർ തങ്ങളുടെ കുറ്റം വഹിക്കും.
ലേവ്യപുസ്തകം 20 in മലയാളം ബൈബിള്‍