Text copied!
Bibles in Malayalam

ലേവ്യപുസ്തകം 19:22-37 in Malayalam

Help us?

ലേവ്യപുസ്തകം 19:22-37 in മലയാളം ബൈബിള്‍

22 അവൻ ചെയ്ത പാപത്തിനായി പുരോഹിതൻ അകൃത്യയാഗത്തിന്റെ ആട്ടുകൊറ്റനെക്കൊണ്ട് അവനുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അവൻ ചെയ്ത പാപം അവനോടു ക്ഷമിക്കും.
23 നിങ്ങൾ ദേശത്ത് എത്തി ഭക്ഷണത്തിന് ഉതകുന്ന സകലവിധവൃക്ഷങ്ങളും നട്ടശേഷം നിങ്ങൾക്ക് അവയുടെ ഫലം പരിച്ഛേദന കഴിയാത്തതുപോലെ ആയിരിക്കണം; അതു മൂന്നു വർഷത്തേക്കു പരിച്ഛേദനയില്ലാത്തതുപോലെ ആയിരിക്കണം; അതു ഭക്ഷിക്കരുത്.
24 നാലാം വർഷത്തിൽ അതിന്റെ ഫലമെല്ലാം യഹോവയുടെ സ്തോത്രത്തിന്നായിട്ടു ശുദ്ധമായിരിക്കണം.
25 അഞ്ചാം വർഷത്തിൽ നിങ്ങൾക്ക് അതിന്റെ ഫലം ഭക്ഷിക്കാം; അങ്ങനെ അതിന്റെ അനുഭവം നിങ്ങൾക്കു വർദ്ധിച്ചുവരും; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
26 രക്തത്തോടുകൂടിയുള്ളതു തിന്നരുത്; ആഭിചാരം ചെയ്യരുത്; മുഹൂർത്തം നോക്കരുത്;
27 നിങ്ങളുടെ തലമുടി ചുറ്റും വിളുമ്പു വടിക്കരുത്; താടിയുടെ അറ്റം വിരൂപമാക്കരുത്.
28 മരിച്ചവനുവേണ്ടി നിങ്ങളുടെ ശരീരത്തിൽ മുറിവുണ്ടാക്കരുത്; ശരീരത്തിന്മേൽ പച്ചകുത്തരുത്; ഞാൻ യഹോവ ആകുന്നു.
29 ദേശം വേശ്യാവൃത്തി ചെയ്തു ദുഷ്കർമ്മംകൊണ്ടു നിറയാതിരിക്കേണ്ടതിനു നിന്റെ മകളെ വേശ്യാവൃത്തിക്ക് ഏല്പിക്കരുത്.
30 നിങ്ങൾ എന്റെ ശബ്ബത്തുകൾ പ്രമാണിക്കുകയും എന്റെ വിശുദ്ധമന്ദിരത്തോടു ഭയഭക്തിയുള്ളവരായിരിക്കുകയും വേണം; ഞാൻ യഹോവ ആകുന്നു.
31 വെളിച്ചപ്പാടന്മാരുടെയും മന്ത്രവാദികളുടെയും അടുക്കൽ പോകരുത്. അവരാൽ അശുദ്ധരായ്തീരുവാൻ തക്കവണ്ണം അവരെ അന്വേഷിക്കുകയും അരുത്. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
32 നരച്ചവന്റെ മുമ്പാകെ എഴുന്നേല്ക്കുകയും വൃദ്ധന്റെ മുഖം ബഹുമാനിക്കയും നിന്റെ ദൈവത്തെ ഭയപ്പെടുകയും വേണം; ഞാൻ യഹോവ ആകുന്നു.
33 പരദേശി നിന്നോടുകൂടി നിങ്ങളുടെ ദേശത്തു പാർത്താൽ അവനെ ഉപദ്രവിക്കരുത്.
34 നിങ്ങളോടുകൂടി പാർക്കുന്ന പരദേശി നിങ്ങൾക്കു സ്വദേശിയെപ്പോലെ ആയിരിക്കണം; അവനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കണം; നിങ്ങളും ഈജിപ്റ്റിൽ പരദേശികളായിരുന്നുവല്ലോ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
35 ന്യായവിസ്താരത്തിലും അളവിലും തൂക്കത്തിലും നിങ്ങൾ അന്യായം ചെയ്യരുത്.
36 ശരിയായ തുലാസ്സും ശരിയായ കട്ടിയും ശരിയായ പറയും ശരിയായ ഇടങ്ങഴിയും നിങ്ങൾക്ക് ഉണ്ടായിരിക്കണം; ഞാൻ നിങ്ങളെ ഈജിപ്റ്റിൽനിന്നു പുറപ്പെടുവിച്ച നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
37 നിങ്ങൾ എന്റെ എല്ലാചട്ടങ്ങളും സകലവിധികളും പ്രമാണിച്ച് അനുസരിക്കണം; ഞാൻ യഹോവ ആകുന്നു.’ ”
ലേവ്യപുസ്തകം 19 in മലയാളം ബൈബിള്‍