Text copied!
Bibles in Malayalam

ലേവ്യപുസ്തകം 14:13-41 in Malayalam

Help us?

ലേവ്യപുസ്തകം 14:13-41 in മലയാളം ബൈബിള്‍

13 അവൻ വിശുദ്ധമന്ദിരത്തിൽ പാപയാഗത്തെയും ഹോമയാഗത്തെയും അറുക്കുന്ന സ്ഥലത്തുവച്ച് കുഞ്ഞാടിനെ അറുക്കണം; അകൃത്യയാഗം പാപയാഗംപോലെ പുരോഹിതനുള്ളത് ആകുന്നു; അത് അതിവിശുദ്ധം.
14 പുരോഹിതൻ അകൃത്യയാഗത്തിന്റെ രക്തം കുറെ എടുത്തു ശുദ്ധീകരണം കഴിയുന്നവന്റെ വലതുകാതിന്റെ അഗ്രത്തിന്മേലും വലതുകൈയുടെ പെരുവിരലിന്മേലും വലത്തുകാലിന്റെ പെരുവിരലിന്മേലും പുരട്ടണം.
15 പിന്നെ പുരോഹിതൻ ആ എണ്ണ കുറെ തന്റെ ഇടത്തെ ഉള്ളംകൈയിൽ ഒഴിക്കണം.
16 പുരോഹിതൻ ഇടംകൈയിൽ ഉള്ള എണ്ണയിൽ വലംകൈയുടെ വിരൽ മുക്കി വിരൽകൊണ്ട് ഏഴു പ്രാവശ്യം യഹോവയുടെ സന്നിധിയിൽ എണ്ണ തളിക്കണം.
17 ഉള്ളംകൈയിൽ ശേഷിച്ച എണ്ണ കുറെ പുരോഹിതൻ ശുദ്ധീകരണം കഴിയുന്നവന്റെ വലതുകാതിന്റെ അഗ്രത്തിന്മേലും വലതുകൈയുടെ പെരുവിരലിന്മേലും വലതുകാലിന്റെ പെരുവിരലിന്മേലും അകൃത്യയാഗത്തിന്റെ രക്തത്തിന്മീതെ പുരട്ടണം.
18 പുരോഹിതന്റെ ഉള്ളംകൈയിൽ ശേഷിപ്പുള്ള എണ്ണ അവൻ ശുദ്ധീകരണം കഴിയുന്നവന്റെ തലയിൽ ഒഴിച്ച് യഹോവയുടെ സന്നിധിയിൽ അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം.
19 പുരോഹിതൻ പാപയാഗം അർപ്പിച്ച് അശുദ്ധി നീക്കി ശുദ്ധീകരിക്കപ്പെടുന്നവനുവേണ്ടി പ്രായശ്ചിത്തം കഴിച്ചശേഷം ഹോമയാഗമൃഗത്തെ അറുക്കണം.
20 പുരോഹിതൻ ഹോമയാഗവും ഭോജനയാഗവും യാഗപീഠത്തിന്മേൽ അർപ്പിക്കണം; അങ്ങനെ പുരോഹിതൻ അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അവൻ ശുദ്ധിയുള്ളവൻ ആകും.
21 അവൻ ദരിദ്രനും അത്രയ്ക്കു വകയില്ലാത്തവനും ആകുന്നു എങ്കിൽ തനിക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിനു നീരാജനത്തിനായി അകൃത്യയാഗമായിട്ട് ഒരു കുഞ്ഞാടിനെയും ഭോജനയാഗമായിട്ട് എണ്ണ ചേർത്ത ഒരിടങ്ങഴി നേരിയ മാവും
22 ഒരു കുറ്റി എണ്ണയും പ്രാപ്തിപോലെ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ ഒന്നിനെ പാപയാഗമായിട്ടും മറ്റതിനെ ഹോമയാഗമായിട്ടും എടുത്ത് തന്റെ ശുദ്ധീകരണത്തിനായി
23 എട്ടാം ദിവസം സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ യഹോവയുടെ സന്നിധിയിൽ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം.
24 പുരോഹിതൻ അകൃത്യയാഗത്തിനുള്ള ആട്ടിൻകുട്ടിയെയും എണ്ണയും എടുത്ത് യഹോവയുടെ സന്നിധിയിൽ നീരാജനാർപ്പണമായി നീരാജനം ചെയ്യണം;
25 അവൻ അകൃത്യയാഗത്തിനുള്ള ആട്ടിൻകുട്ടിയെ അറുക്കണം; പുരോഹിതൻ അകൃത്യയാഗത്തിന്റെ രക്തം കുറെ എടുത്തു ശുദ്ധീകരണം കഴിയുന്നവന്റെ വലതു കാതിന്റെ അഗ്രത്തിന്മേലും വലതു കൈയുടെ പെരുവിരലിന്മേലും വലത്തു കാലിന്റെ പെരുവിരലിന്മേലും പുരട്ടണം.
26 പുരോഹിതൻ എണ്ണ കുറെ തന്റെ ഇടത്തെ ഉള്ളംകൈയിൽ ഒഴിക്കണം.
27 പുരോഹിതൻ ഇടത്തുകൈയിൽ ഉള്ള എണ്ണ കുറെ വലത്തുകൈയുടെ വിരൽകൊണ്ട് യഹോവയുടെ സന്നിധിയിൽ ഏഴു പ്രാവശ്യം തളിക്കണം.
28 പുരോഹിതൻ ഉള്ളംകൈയിലുള്ള എണ്ണ കുറെ ശുദ്ധികരണം കഴിയുന്നവന്റെ വലത്തുകാതിന്റെ അഗ്രത്തിന്മേലും വലത്തുകൈയുടെ പെരുവിരലിന്മേലും വലത്തു കാലിന്റെ പെരുവിരലിന്മേലും അകൃത്യയാഗത്തിന്റെ രക്തം ഉള്ളിടത്തു പുരട്ടണം.
29 പുരോഹിതൻ ഉള്ളംകൈയിൽ ശേഷിക്കുന്ന എണ്ണ അവൻ ശുദ്ധീകരണം കഴിയുന്നവന്റെ തലയിൽ ഒഴിച്ച് അവനുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തം കഴിക്കണം.
30 അവൻ പ്രാപ്തിപോലെ കുറുപ്രാവുകളിലോ
31 പ്രാവിൻകുഞ്ഞുങ്ങളിലോ ഒന്നിനെ പാപയാഗമായിട്ടും മറ്റതിനെ ഹോമയാഗമായിട്ടും ഭോജനയാഗത്തോടുകൂടി അർപ്പിക്കണം; ഇങ്ങനെ പുരോഹിതൻ ശുദ്ധീകരണം കഴിയുന്നവനുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തം കഴിക്കണം.
32 ഇതു ശുദ്ധീകരണത്തിനുവേണ്ടി വകയില്ലാത്ത കുഷ്ഠരോഗിക്കുള്ള പ്രമാണം.”
33 യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത് എന്തെന്നാൽ:
34 “ഞാൻ നിങ്ങൾക്ക് അവകാശമായി തരുന്ന കനാൻദേശത്തു നിങ്ങൾ എത്തിയശേഷം ഞാൻ നിങ്ങളുടെ അവകാശദേശത്ത് ഒരു വീട്ടിൽ കുഷ്ഠബാധ വരുത്തുമ്പോൾ
35 വീട്ടുടമസ്ഥൻ വന്നു ‘വീട്ടിൽ കുഷ്ഠലക്ഷണമുള്ളതായി എനിക്കു തോന്നുന്നു’ എന്നു പുരോഹിതനെ അറിയിക്കണം.
36 അപ്പോൾ വീട്ടിലുള്ള സകലവും അശുദ്ധമാകാതിരിക്കുവാൻ പുരോഹിതൻ വടു പരിശോധിക്കേണ്ടതിനു ചെല്ലുന്നതിനു മുമ്പ് വീട് ഒഴിച്ചിടുവാൻ കല്പിക്കണം; പിന്നെ പുരോഹിതൻ വീടു പരിശോധിക്കുവാൻ അകത്തു ചെല്ലണം.
37 അവൻ വടു പരിശോധിക്കണം; വീടിന്റെ ചുവരിൽ ഇളംപച്ചയും ഇളംചുവപ്പുമായ കുത്തുകൾ ഉണ്ടായിട്ട് അവ കാഴ്ചയ്ക്കു ചുവരിനെക്കാൾ കുഴിഞ്ഞതായി കണ്ടാൽ പുരോഹിതൻ വീടു വിട്ടു
38 വാതില്ക്കൽ വന്നു വീട് ഏഴുദിവസത്തേക്ക് അടച്ചിടണം.
39 ഏഴാം ദിവസം പുരോഹിതൻ വീണ്ടും ചെന്നു പരിശോധിക്കണം; വടു വീടിന്റെ ചുവരിൽ പരന്നിട്ടുണ്ടെങ്കിൽ
40 വടുവുള്ള കല്ലു നീക്കി പട്ടണത്തിനു പുറത്ത് ഒരു അശുദ്ധസ്ഥലത്ത് ഇടുവാൻ പുരോഹിതൻ കല്പിക്കണം.
41 പിന്നെ വീടിന്റെ അകം ഒക്കെയും ചുരണ്ടിക്കണം; ചുരണ്ടിയ മണ്ണ് പട്ടണത്തിനു പുറത്ത് ഒരു അശുദ്ധസ്ഥലത്തു കളയണം.
ലേവ്യപുസ്തകം 14 in മലയാളം ബൈബിള്‍