Text copied!
Bibles in Malayalam

ലൂക്കോസ് 9:31-62 in Malayalam

Help us?

ലൂക്കോസ് 9:31-62 in മലയാളം ബൈബിള്‍

31 അവർ തേജസ്സിൽ പ്രത്യക്ഷരായി യെരൂശലേമിൽ വച്ചു സംഭവിപ്പാനുള്ള യേശുവിന്റെ മരണത്തെക്കുറിച്ചു സംസാരിച്ചു.
32 പത്രൊസും കൂടെയുള്ളവരും ഉറങ്ങുകയായിരുന്നു; ഉണർന്നശേഷം അവന്റെ തേജസ്സിനെയും അവനോട് കൂടെ നില്ക്കുന്ന രണ്ടു പുരുഷന്മാരെയും കണ്ട്.
33 അവർ അവനെ വിട്ടുപിരിയുമ്പോൾ പത്രൊസ് യേശുവിനോടു: ഗുരോ, നാം ഇവിടെ ഇരിക്കുന്നത് നല്ലത്; ഞങ്ങൾ മൂന്നു കുടിൽ ഉണ്ടാക്കട്ടെ, ഒന്ന് നിനക്കും ഒന്ന് മോശെക്കും ഒന്ന് ഏലിയാവിനും എന്നു താൻ പറയുന്നത് എന്താണ് എന്ന് അറിയാതെ പറഞ്ഞു.
34 ഇതു പറയുമ്പോൾ ഒരു മേഘം വന്നു അവരുടെമേൽ നിഴലിട്ടു. അവർ മേഘത്തിൽ ആയപ്പോൾ പേടിച്ചു.
35 മേഘത്തിൽനിന്നു: ഇവൻ എന്റെ തിരഞ്ഞെടുക്കപ്പെട്ടവൻ; ഇവന് ചെവികൊടുപ്പിൻ എന്നു ഒരു ശബ്ദം ഉണ്ടായി.
36 ശബ്ദം ഉണ്ടായ നേരത്ത് യേശുവിനെ തനിയേ കണ്ട്; അവർ കണ്ടത് ഒന്നും ആ നാളുകളിൽ ആരോടും അറിയിക്കാതെ മൗനമായിരുന്നു.
37 പിറ്റെന്നാൾ അവർ മലയിൽ നിന്നു ഇറങ്ങി വന്നപ്പോൾ ബഹുപുരുഷാരം അവനെ എതിരേറ്റു.
38 ആൾക്കൂട്ടത്തിൽനിന്ന് ഒരാൾ നിലവിളിച്ചു: ഗുരോ, എന്റെ മകനെ ഒന്ന് നോക്കേണമേ; അവൻ എനിക്ക് ഏകമകൻ ആകുന്നു.
39 ഒരു ദുരാത്മാവ് അവനെ ബാധിക്കുന്നു. അവൻ പെട്ടെന്ന് നിലവിളിക്കുന്നു; പിന്നെ അത് അവനെ ഞെരിക്കുകയും അവന്റെ വായിൽ നിന്നും നുരയും പതയും ഉണ്ടാകുകയും ചെയ്യുന്നു, പിന്നെ വിട്ടുമാറുന്നു.
40 അതിനെ പുറത്താക്കുവാൻ നിന്റെ ശിഷ്യന്മാരോട് അപേക്ഷിച്ചു എങ്കിലും അവർക്ക് കഴിഞ്ഞില്ല എന്നു പറഞ്ഞു.
41 അതിന് യേശു: അവിശ്വാസവും കുറവുമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടുകൂടെ ഇരുന്നു നിങ്ങളെ സഹിക്കും? നിന്റെ മകനെ ഇവിടെ കൊണ്ടുവരിക എന്നു ഉത്തരം പറഞ്ഞു;
42 അവൻ വരുമ്പോൾ തന്നേ ഭൂതം അവനെ തള്ളിയിടുകയും വിറപ്പിക്കുകയും ചെയ്തു. യേശു അശുദ്ധാത്മാവിനെ ശാസിച്ചു ബാലനെ സൌഖ്യമാക്കി അപ്പനെ ഏല്പിച്ചു.
43 എല്ലാവരും ദൈവത്തിന്റെ മഹത്വകരമായ ശക്തിയിൽ വിസ്മയിച്ചു. യേശു ചെയ്യുന്നതിൽ ഒക്കെയും എല്ലാവരും ആശ്ചര്യപ്പെടുമ്പോൾ അവൻ തന്റെ ശിഷ്യന്മാരോട്:
44 നിങ്ങൾ ഈ വാക്ക് ശ്രദ്ധിച്ചു കേട്ടുകൊൾവിൻ: മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടുവാൻ പോകുന്നു എന്നു പറഞ്ഞു.
45 ആ വാക്ക് അവർക്ക് മനസ്സിലായില്ല; അത് മനസ്സിലാകാൻ സാധിക്കത്തവിധം അതിന്റെ അർത്ഥം അവർക്ക് മറഞ്ഞിരുന്നു; ആ പറഞ്ഞത് എന്താണ് എന്നു ചോദിപ്പാൻ അവർ ഭയന്നു.
46 അവരിൽ ആരാണ് വലിയവൻ എന്നു ഒരു വാദം അവരുടെ ഇടയിൽ നടന്നു.
47 യേശു അവരുടെ ഹൃദയത്തിലെ വിചാരം മനസ്സിലാക്കി ഒരു ശിശുവിനെ എടുത്തു അരികെ നിർത്തി:
48 ഈ ശിശുവിനെ എന്റെ നാമത്തിൽ ആരെങ്കിലും സ്വീകരിച്ചാൽ എന്നെയും സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവനോ എന്നെ അയച്ചവനെ സ്വീകരിക്കുന്നു; നിങ്ങളിൽ ചെറിയവൻ ആരാണോ അവനാണ് ഏറ്റവും വലിയവൻ ആകുന്നത് എന്നു അവരോട് പറഞ്ഞു.
49 നാഥാ, ഒരാൾ നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നത് ഞങ്ങൾ കണ്ട്; ഞങ്ങളോടുകൂടെ നിന്നെ അനുഗമിക്കായ്കയാൽ അവനെ തടഞ്ഞു എന്ന് യോഹന്നാൻ പറഞ്ഞതിന്
50 യേശു അവനോട്: തടയരുത്; നിങ്ങൾക്ക് എതിരല്ലാത്തവൻ നിങ്ങൾക്ക് അനുകൂലമല്ലോ എന്നു പറഞ്ഞു.
51 യേശുവിനു സ്വർഗ്ഗത്തിലേക്ക് പോകുവാൻ ഉള്ള സമയമായപ്പോൾ അവൻ യെരൂശലേമിലേക്കു യാത്രയാകുവാൻ തീരുമാനിച്ചു, തനിക്കു മുമ്പായി ദൂതന്മാരെ അയച്ചു.
52 അവർ പോയി അവനായി ഒരുക്കങ്ങൾ ചെയ്യാനായി ശമര്യക്കാരുടെ ഒരു ഗ്രാമത്തിൽ ചെന്ന്.
53 എന്നാൽ അവൻ യെരൂശലേമിലേക്കു പോകുവാൻ തീരുമാനിച്ചിരുന്നതിനാൽ അവർ അവനെ സ്വീകരിച്ചില്ല.
54 അത് അവന്റെ ശിഷ്യന്മാരായ യാക്കോബും യോഹന്നാനും കണ്ടിട്ട്: കർത്താവേ, ഏലിയാവ് ചെയ്തതുപോലെ ആകാശത്തുനിന്ന് തീ ഇറങ്ങി അവരെ നശിപ്പിപ്പാൻ ഞങ്ങൾ പറയുന്നത് നിനക്ക് സമ്മതമോ എന്നു ചോദിച്ചു.
55 അവൻ തിരിഞ്ഞു അവരെ ശാസിച്ചു: “നിങ്ങൾ ഏത് ആത്മാവിന് അധീനർ എന്നു നിങ്ങൾ അറിയുന്നില്ല;
56 മനുഷ്യപുത്രൻ മനുഷ്യരുടെ ജീവനെ നശിപ്പിപ്പാനല്ല രക്ഷിയ്ക്കുവാനത്രേ വന്നത്” എന്നു പറഞ്ഞു. അവർ വേറൊരു ഗ്രാമത്തിലേക്ക് പോയി.
57 അവർ പോകുമ്പോൾ ഒരുവൻ യേശുവിനോട്: നീ എവിടെപോയാലും ഞാൻ നിന്നെ അനുഗമിക്കാം എന്നു പറഞ്ഞു.
58 യേശു അവനോട്: കുറുനരികൾക്ക് താമസിക്കുവാനായി കുഴിയും ആകാശത്തിലെ പക്ഷികൾക്ക് താമസിക്കുവാനായി കൂടും ഉണ്ട്; എന്നാൽ മനുഷ്യപുത്രനോ തല ചായിപ്പാൻ സ്ഥലമില്ല എന്നു പറഞ്ഞു.
59 വേറൊരുവനോട്: എന്നെ അനുഗമിക്ക എന്നു പറഞ്ഞപ്പോൾ അവൻ: ഞാൻ മുമ്പെ പോയി എന്റെ അപ്പനെ അടക്കുവാൻ അനുവാദം തരേണം എന്നു പറഞ്ഞു.
60 യേശു അവനോട്: മരിച്ചവർ തങ്ങളുടെ മരിച്ചവരെ അടക്കട്ടെ; നീയോ പോയി ദൈവരാജ്യം അറിയിക്ക എന്നു പറഞ്ഞു.
61 മറ്റൊരുവൻ: കർത്താവേ, ഞാൻ നിന്നെ അനുഗമിക്കാം; ആദ്യം എന്റെ വീട്ടിലുള്ളവരോട് യാത്ര പറവാൻ അനുവാദം തരേണം എന്നു പറഞ്ഞു.
62 യേശു അവനോട്: കലപ്പയ്ക്ക് കൈ വെച്ച ശേഷം പുറകോട്ടു നോക്കുന്നവൻ ആരും ദൈവരാജ്യത്തിന് കൊള്ളാകുന്നവനല്ല എന്നു പറഞ്ഞു.
ലൂക്കോസ് 9 in മലയാളം ബൈബിള്‍