Text copied!
Bibles in Malayalam

ലൂക്കോസ് 6:27-44 in Malayalam

Help us?

ലൂക്കോസ് 6:27-44 in മലയാളം ബൈബിള്‍

27 എന്നാൽ കേൾക്കുന്നവരായ നിങ്ങളോടു ഞാൻ പറയുന്നത്: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ സ്നേഹിക്കാതിരിക്കുന്നവർക്കു ഗുണം ചെയ്‌വിൻ.
28 നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിക്കുവിൻ; നിങ്ങളെ ദുഷിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുവിൻ.
29 നിന്നെ ഒരു കവിളിൽ അടിക്കുന്നവന് മറ്റേതും കാണിച്ചുകൊടുക്കുക; നിന്റെ പുതപ്പ് എടുത്തുകളയുന്നവന് നിന്റെ ഉടുപ്പും എടുത്തുകളയുവാൻ അനുവദിക്കുക.
30 നിന്നോട് ചോദിക്കുന്ന എല്ലാവർക്കും കൊടുക്ക; നിനക്ക് അവകാശമുള്ള എന്തെങ്കിലും എടുത്തുകളയുന്നവനോട് മടക്കി ചോദിക്കരുത്.
31 മനുഷ്യർ നിങ്ങൾക്ക് ചെയ്യേണം എന്നു നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ തന്നേ അവർക്കും ചെയ്‌വിൻ.
32 നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ നിങ്ങൾക്ക് എന്ത് ലാഭം കിട്ടും? പാപികളും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നുവല്ലോ.
33 നിങ്ങൾക്ക് നന്മചെയ്യുന്നവർക്ക് നന്മ ചെയ്താൽ നിങ്ങൾക്ക് എന്ത് ലാഭം കിട്ടും? പാപികളും അങ്ങനെതന്നെ ചെയ്യുന്നുവല്ലോ.
34 നിങ്ങൾക്ക് തിരിച്ചു നൽകും എന്നു പ്രതീക്ഷിക്കുന്നവർക്ക് കടം കൊടുത്താൽ നിങ്ങൾക്ക് എന്ത് കിട്ടും? പാപികളും കുറയാതെ മടക്കിവാങ്ങേണ്ടതിന് പാപികൾക്ക് കടം കൊടുക്കുന്നുവല്ലോ.
35 നിങ്ങളോ ശത്രുക്കളെ സ്നേഹിപ്പിൻ; അവർക്ക് നന്മ ചെയ്‌വിൻ; ഒന്നും പകരം ആഗ്രഹിക്കാതെ കടം കൊടുക്കുവിൻ; എന്നാൽ നിങ്ങൾക്ക് വളരെ പ്രതിഫലം ലഭിക്കും; നിങ്ങൾ അത്യുന്നതന്റെ മക്കൾ ആകും; അവൻ നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയ കാണിക്കുന്നു.
36 അങ്ങനെ നിങ്ങളുടെ പിതാവ് കരുണയുള്ളവൻ ആകുന്നതുപോലെ നിങ്ങളും കരുണയുള്ളവർ ആകുവിൻ.
37 ആരെയും വിധിക്കരുത്; എന്നാൽ നിങ്ങളും വിധിക്കപ്പെടുകയില്ല; ആർക്കും ശിക്ഷ വിധിക്കരുത്; എന്നാൽ നിങ്ങൾക്കും ശിക്ഷാവിധി ഉണ്ടാകയില്ല; എല്ലാവരോടും ക്ഷമിക്കുവിൻ; എന്നാൽ ദൈവം നിങ്ങളോടും ക്ഷമിയ്ക്കും.
38 കൊടുക്കുവിൻ; എന്നാൽ നിങ്ങൾക്ക് കിട്ടും; അമർത്തി കുലുക്കി നിറഞ്ഞു കവിയുന്ന നല്ല അളവ് നിങ്ങളുടെ മടിയിൽ തരും; നിങ്ങൾ അളക്കുന്ന അതേ അളവിനാൽ നിങ്ങൾക്കും അളന്നുകിട്ടും.
39 അവൻ ഒരുപമയും അവരോട് പറഞ്ഞു: ഒരു കുരുടന് മറ്റൊരു കുരുടനെ വഴി കാണിച്ചുകൊടുക്കുവാൻ കഴിയുമോ? രണ്ടുപേരും കുഴിയിൽ വീഴും. ശിഷ്യൻ ഗുരുവിനേക്കാൾ വലിയവനല്ല,
40 എന്നാൽ അഭ്യസനം പൂർത്തിയാക്കിയവൻ എല്ലാം ഗുരുവിനെപ്പോലെ ആകും.
41 എന്നാൽ നീ സഹോദരന്റെ കണ്ണിലെ കരട് കാണുകയും സ്വന്തകണ്ണിലെ കോൽ ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നതു എന്ത്?
42 അല്ലെങ്കിൽ, സ്വന്തകണ്ണിലെ കോൽ നോക്കാതെ: സഹോദരാ, നിൽക്ക; നിന്റെ കണ്ണിലെ കരട് എടുത്തുകളയട്ടെ എന്നു സഹോദരനോട് പറയുവാൻ നിനക്ക് എങ്ങനെ കഴിയും? കപടഭക്തിക്കാരാ, ആദ്യം സ്വന്തകണ്ണിലെ കോൽ എടുത്തുകളയുക; എന്നാൽ സഹോദരന്റെ കണ്ണിലെ കരട് എടുത്തുകളയുവാൻ വ്യക്തമായി കാണുമല്ലോ.
43 ചീത്തഫലം കായ്ക്കുന്ന നല്ല വൃക്ഷമില്ല; നല്ലഫലം കായ്ക്കുന്ന ചീത്ത വൃക്ഷവുമില്ല.
44 ഏത് വൃക്ഷത്തെയും ഫലംകൊണ്ട് അറിയാം. ആർക്കും മുള്ളിൽനിന്ന് അത്തിപ്പഴം ശേഖരിക്കുവാനും ഞെരിഞ്ഞിലിൽ നിന്നു മുന്തിരിങ്ങ പറിക്കുവാനും സാധിക്കുകയില്ല.
ലൂക്കോസ് 6 in മലയാളം ബൈബിള്‍