Text copied!
Bibles in Malayalam

ലൂക്കോസ് 19:8-32 in Malayalam

Help us?

ലൂക്കോസ് 19:8-32 in മലയാളം ബൈബിള്‍

8 സക്കായി കർത്താവിനോട്: കർത്താവേ, എന്റെ വസ്തുവകയിൽ പകുതി ഞാൻ ദരിദ്രർക്ക് കൊടുക്കുന്നു; എന്തെങ്കിലും മറ്റുള്ളവരെ ചതിച്ച് വാങ്ങിയിട്ടുണ്ടെങ്കിൽ നാലുമടങ്ങ് തിരിച്ചുക്കൊടുക്കുന്നു എന്നു പറഞ്ഞു.
9 യേശു അവനോട്: ഇവനും അബ്രഹാമിന്റെ മകൻ ആകയാൽ ഇന്ന് ഈ വീടിന് രക്ഷ വന്നു.
10 കാണാതെ പോയതിനെ കണ്ടുപിടിച്ചു രക്ഷിക്കാനാണ് മനുഷ്യപുത്രൻ വന്നത് എന്നു പറഞ്ഞു.
11 പുരുഷാരം ഇതു കേട്ടുകൊണ്ടിരിക്കുമ്പോൾ യേശു യെരുശലേമിന് അടുത്ത് എത്തി. ദൈവരാജ്യം ഉടനെ പ്രത്യക്ഷമാകും എന്നു അവർ ചിന്തിച്ചു. അതുകൊണ്ട് യേശു അവരോട് ഒരു ഉപമ പറഞ്ഞു:
12 രാജാവായി മടങ്ങിവരേണം എന്നു വിചാരിച്ചു ഒരു പ്രഭു ദൂരദേശത്തേക്ക് യാത്രപോയി.
13 അവൻ പത്തു ദാസന്മാരെ വിളിച്ചു അവർക്ക് പത്തു റാത്തൽ വെള്ളി കൊടുത്തു ഞാൻ വരുന്നതുവരെ അവയുമായി വ്യാപാരം ചെയ്യുക എന്നു അവരോട് പറഞ്ഞു.
14 അവന്റെ പ്രജകൾക്ക് അവനോട് താല്പര്യമില്ലായിരുന്നു. അതുകൊണ്ട് അവന്റെ പിന്നാലെ പ്രതിനിധികളെ അയച്ചിട്ട് അവൻ ഞങ്ങൾക്കു രാജാവായിരിക്കുന്നതു ഞങ്ങൾക്കു സമ്മതമല്ല എന്നു അറിയിപ്പിച്ചു.
15 അവൻ രാജാവായി തിരിച്ചുവന്നപ്പോൾ താൻ പണം കൊടുത്തിരുന്ന ദാസന്മാർ വ്യാപാരം ചെയ്തു എന്ത് നേടി എന്നു അറിയേണ്ടതിന് അവരെ വിളിക്കുവാൻ കല്പിച്ചു.
16 ഒന്നാമത്തെ ആൾ അടുത്തുവന്നു; കർത്താവേ, നീ തന്ന റാത്തൽകൊണ്ടു പത്തുറാത്തൽ സമ്പാദിച്ചിരിക്കുന്നു എന്നുപറഞ്ഞു.
17 അവൻ അവനോട്: വളരെ നല്ലത്. നീ ഒരു നല്ല ദാസൻ ആകുന്നു. ചെറിയ കാര്യങ്ങളിൽ നീ വിശ്വസ്തൻ ആയതുകൊണ്ട് പത്തു പട്ടണത്തിന് അധികാരമുള്ളവൻ ആയിരിക്ക എന്നു കല്പിച്ചു.
18 രണ്ടാമത്തെ ആൾ വന്നു: കർത്താവേ, നീ തന്ന റാത്തൽകൊണ്ടു അഞ്ച് റാത്തൽ സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു.
19 നീയും അഞ്ച് പട്ടണത്തിന് അധികാരമുള്ളവൻ ആയിരിക്ക എന്നു അവൻ അവനോട് കല്പിച്ചു.
20 മറ്റൊരാൾ വന്നു: കർത്താവേ, ഇതാ നിന്റെ റാത്തൽ; ഞാൻ അത് ഒരു തൂവാലയിൽ പൊതിഞ്ഞു വെച്ചിരുന്നു.
21 നീ വെയ്ക്കാത്തത് എടുക്കുകയും വിതയ്ക്കാത്തത് കൊയ്യുകയും ചെയ്യുന്ന കഠിനമനുഷ്യൻ ആകുന്നതു കൊണ്ട് ഞാൻ നിന്നെ ഭയപ്പെട്ടു എന്നു പറഞ്ഞു.
22 അവൻ അവനോട്: ദുഷ്ടനായ ദാസനേ, നിന്റെ വാക്കുകൾ കൊണ്ടുതന്നേ ഞാൻ നിന്നെ ന്യായം വിധിക്കും. ഞാൻ വെയ്ക്കാത്തത് എടുക്കുകയും വിതയ്ക്കാത്തത് കൊയ്യുകയും ചെയ്യുന്ന കഠിനമനുഷ്യൻ എന്നു നീ അറിഞ്ഞുവല്ലോ.
23 ഞാൻ വന്നു എന്റെ ദ്രവ്യം പലിശയോടുകൂടെ വാങ്ങിക്കേണ്ടതിന് അത് നാണ്യപീഠത്തിൽ ഏല്പിക്കാഞ്ഞത് എന്ത്?
24 പിന്നെ അവൻ അരികെ നില്ക്കുന്നവരോട്: ആ റാത്തൽ അവന്റെ പക്കൽ നിന്നു എടുത്തു പത്തു റാത്തലുള്ളവന് കൊടുക്കുവിൻ എന്നു പറഞ്ഞു.
25 കർത്താവേ, അവന് പത്തു റാത്തൽ ഉണ്ടല്ലോ എന്നു അവർ പറഞ്ഞു.
26 ഉള്ളവന് പിന്നെയും കൊടുക്കും, ഇല്ലാത്തവനോട് ഉള്ളതുംകൂടെ എടുത്തുകളയും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
27 എന്നാൽ ഞാൻ രാജാവ് ആകുന്നതു സമ്മതമില്ലാത്ത ശത്രുക്കളായവരെ ഇവിടെ കൊണ്ടുവന്നു എന്റെ മുമ്പിൽവച്ചു കൊന്നുകളയുവിൻ എന്ന് അവൻ കല്പിച്ചു.
28 ഇതു പറഞ്ഞിട്ട് യേശു യെരുശലേമിലേക്ക് അവർക്ക് മുമ്പായി യാത്ര ചെയ്തു.
29 അവൻ ഒലിവുമലയരികെ ബേത്ത്ഫാഗെക്കും ബേഥാന്യയ്ക്കും സമീപെ എത്തിയപ്പോൾ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ചു:
30 നിങ്ങൾക്ക് എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അവിടെ എത്തുമ്പോൾ ആരും ഒരിക്കലും കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നത് കാണും; അതിനെ അഴിച്ച് കൊണ്ടുവരുവിൻ.
31 അതിനെ അഴിക്കുന്നത് എന്തിന് എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ: കർത്താവിന് ഇതിനെക്കൊണ്ട് ആവശ്യം ഉണ്ട് എന്നു പറവിൻ എന്നു പറഞ്ഞു.
32 യേശു അയച്ച ആ രണ്ടു ശിഷ്യന്മാർ പോയി തങ്ങളോട് പറഞ്ഞതുപോലെ കണ്ട്.
ലൂക്കോസ് 19 in മലയാളം ബൈബിള്‍