Text copied!
Bibles in Malayalam

ലൂക്കോസ് 13:9-28 in Malayalam

Help us?

ലൂക്കോസ് 13:9-28 in മലയാളം ബൈബിള്‍

9 അടുത്ത വർഷം അതിൽ ഫലം ഇല്ലെങ്കിൽ വെട്ടിക്കളയാം എന്നു ഉത്തരം പറഞ്ഞു.
10 ഒരു ശബ്ബത്തിൽ അവൻ ഒരു പള്ളിയിൽ ഉപദേശിച്ചുകൊണ്ടിരുന്നു;
11 അവിടെ പതിനെട്ട് വർഷമായി ഒരു രോഗാത്മാവു ബാധിച്ച്, കൂനിയായ ഒരു സ്ത്രീ ഉണ്ടായിരുന്നു. അവൾക്ക് ഒരിയ്ക്കലും നിവർന്നു നിൽക്കുവാൻ സാധിക്കുകയില്ലായിരുന്നു.
12 യേശു അവളെ കണ്ട് അടുക്കെ വിളിച്ചു: “സ്ത്രീയേ, നിന്റെ രോഗത്തിൽ നിന്നും വിടുതൽ ലഭിച്ചിരിക്കുന്നു” എന്നു പറഞ്ഞു അവളുടെ മേൽ കൈവച്ചു.
13 അവൾ ഉടനെ നിവർന്നു ദൈവത്തെ മഹത്വപ്പെടുത്തി.
14 യേശു ശബ്ബത്തിൽ സുഖപ്പെടുത്തിയത് കൊണ്ട് പള്ളിപ്രമാണി കോപിച്ചു. അയാൾ പുരുഷാരത്തോട്: വേല ചെയ്‌വാൻ ആറുദിവസമുണ്ട്; അതിനകം വന്നു സൌഖ്യമാക്കിക്കൊള്ളുക; ശബ്ബത്തിൽ ഇതു സാധ്യമല്ല എന്നു പറഞ്ഞു.
15 കർത്താവ് അവനോട്: കപടഭക്തിക്കാരേ, നിങ്ങളിൽ ഒരാൾ ശബ്ബത്തിൽ തന്റെ കാളയെയോ കഴുതയെയോ തൊഴുത്തിൽ നിന്നു അഴിച്ച് കൊണ്ടുപോയി വെള്ളം കുടിപ്പിക്കുന്നില്ലയോ?
16 എന്നാൽ സാത്താൻ പതിനെട്ട് വർഷമായി ബന്ധിച്ചിരുന്ന അബ്രഹാമിന്റെ മകളായ ഇവളെ ശബ്ബത്തുനാളിൽ ഈ ബന്ധനം അഴിച്ച് വിടേണ്ടതല്ലയോ എന്നു ഉത്തരം പറഞ്ഞു.
17 അവൻ ഇതു പറഞ്ഞപ്പോൾ അവന്റെ എതിരാളികൾ എല്ലാവരും നാണിച്ചു; അവൻ ചെയ്യുന്ന എല്ലാ മഹത്വകരമായ പ്രവർത്തികളാലും പുരുഷാരം ഒക്കെയും സന്തോഷിച്ചു.
18 പിന്നെ അവൻ പറഞ്ഞത്: ദൈവരാജ്യം ഏതിനോട് സദൃശം? ഏതിനോട് അതിനെ ഉപമിക്കണം?
19 ഒരു മനുഷ്യൻ തന്റെ തോട്ടത്തിൽ എറിഞ്ഞ കടുകുമണിയോട് അത് സദൃശം; അത് വളർന്ന് വൃക്ഷമായി, ആകാശത്തിലെ പക്ഷികളും വന്നു അതിന്റെ കൊമ്പുകളിൽ താമസിച്ചു.
20 പിന്നെയും അവൻ: ദൈവരാജ്യത്തെ ഏതിനോട് ഉപമിക്കണം?
21 അത് പുളിച്ചമാവിനോട് തുല്യം; അത് ഒരു സ്ത്രീ എടുത്തു മൂന്നുപറ മാവിൽ ചേർത്ത് എല്ലാം പുളിച്ചുവരുന്നതു വരെ വച്ചു എന്നു പറഞ്ഞു.
22 അവൻ പട്ടണങ്ങളും ഗ്രാമങ്ങളും സഞ്ചരിച്ചു യെരൂശലേമിലേക്കു യാത്ര ചെയ്തു.
23 അപ്പോൾ ഒരാൾ അവനോട്: കർത്താവേ, കുറച്ച് പേർ മാത്രമേ രക്ഷപെടുകയുള്ളോ എന്നു ചോദിച്ചതിന് അവനോട് പറഞ്ഞത്:
24 ഇടുങ്ങിയ വാതിലിലൂടെ അകത്ത് പ്രവേശിക്കുവാൻ പരിശ്രമിക്കുവിൻ. പലരും പ്രവേശിക്കുവാൻ ശ്രമിക്കും. എന്നാൽ കഴിയുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
25 വീട്ടുടയവൻ എഴുന്നേറ്റ് കതക് അടച്ചശേഷം നിങ്ങൾ പുറത്തുനിന്ന്: കർത്താവേ, തുറന്നു തരേണമേ എന്നു പറഞ്ഞുകൊണ്ട് കതകിന് മുട്ടിത്തുടങ്ങുമ്പോൾ: നിങ്ങൾ എവിടെ നിന്നു വരുന്നു എന്ന് ഞാൻ അറിയുന്നില്ല എന്നു അവൻ ഉത്തരം പറയും.
26 അന്നേരം നിങ്ങൾ: നിന്റെ മുമ്പിൽ ഞങ്ങൾ തിന്നുകയും കുടിക്കുകയും ഞങ്ങളുടെ തെരുവുകളിൽ നീ പഠിപ്പിക്കയും ചെയ്തുവല്ലോ എന്നു പറയും.
27 അവനോ: നിങ്ങൾ എവിടെ നിന്നു വരുന്നു എന്നു ഞാൻ അറിയുന്നില്ല; അനീതി പ്രവൃത്തിക്കുന്നവരെ, എന്നെ വിട്ടുപോകുവിൻ എന്നു പറയും.
28 അവിടെ അബ്രഹാമും യിസ്ഹാക്കും യാക്കോബും സകല പ്രവാചകന്മാരും ദൈവ രാജ്യത്തിൽ ഇരിക്കുന്നത് നിങ്ങൾ കാണും. എന്നാൽ നിങ്ങളെ പുറത്തു തള്ളിക്കളഞ്ഞു എന്നു നിങ്ങൾ കാണുമ്പോൾ, അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും.
ലൂക്കോസ് 13 in മലയാളം ബൈബിള്‍