Text copied!
Bibles in Malayalam

ലൂക്കോസ് 12:6-35 in Malayalam

Help us?

ലൂക്കോസ് 12:6-35 in മലയാളം ബൈബിള്‍

6 അഞ്ച് കുരികിലിനെ രണ്ടു കാശിനല്ലേ വില്ക്കുന്നത്. എങ്കിലും അവയിൽ ഒന്നിനേപ്പോലും ദൈവം മറന്നുപോകുന്നില്ല.
7 നിങ്ങളുടെ തലയിലെ മുടിപോലും എല്ലാം എണ്ണിയിരിക്കുന്നു; അതുകൊണ്ട് ഭയപ്പെടേണ്ടാ; അനേകം കുരികിലിനെക്കാളും നിങ്ങൾ വിശേഷതയുള്ളവർ.
8 മനുഷ്യരുടെ മുമ്പിൽ ആരെങ്കിലും എന്നെ ഏറ്റുപറഞ്ഞാൽ അവനെ മനുഷ്യപുത്രനും ദൈവദൂതന്മാരുടെ മുമ്പാകെ ഏറ്റുപറയും.
9 മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെ ദൈവദൂതന്മാരുടെ മുമ്പിൽ തള്ളിപ്പറയും.
10 മനുഷ്യപുത്രന് എതിരെ ഒരു വാക്ക് പറയുന്ന ഏവനോടും ക്ഷമിയ്ക്കും; എന്നാൽ പരിശുദ്ധാത്മാവിന്റെ നേരെ ദൈവദൂഷണം പറയുന്നവനോടോ ക്ഷമിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
11 എന്നാൽ നിങ്ങളെ പള്ളികൾക്കും ഭരണകർത്താകൾക്കും അധികാരങ്ങൾക്കും മുമ്പിൽ കൊണ്ട് പോകുമ്പോൾ എങ്ങനെയാണോ മറുപടി പറയേണ്ടതു എന്നും, എന്താണോ പറയേണ്ടതു എന്നും വിചാരപ്പെടേണ്ടാ;
12 നിങ്ങൾക്ക് പറയേണ്ടതു പരിശുദ്ധാത്മാവ് തൽസമയം തന്നേ നിങ്ങളെ പഠിപ്പിക്കും.
13 പുരുഷാരത്തിൽ ഒരുവൻ അവനോട്: ഗുരോ, എന്റെ സഹോദരനോട് പിതൃസ്വത്ത് പകുത്ത് നൽകുവാൻ കല്പിച്ചാലും എന്നു പറഞ്ഞു.
14 അവനോട് യേശു: മനുഷ്യാ, എന്നെ നിങ്ങൾക്ക് ന്യായകർത്താവോ പങ്കിടുന്നവനോ ആക്കിയത് ആർ എന്നു ചോദിച്ചു.
15 പിന്നെ അവരോട്: സകല അത്യാഗ്രഹങ്ങളിൽ നിന്നും സൂക്ഷിച്ച് ഒഴിഞ്ഞുകൊൾവിൻ; അവന് സമൃദ്ധി ഉണ്ടായാലും അവന്റെ വസ്തുവക അല്ല അവന്റെ ജീവന് അടിസ്ഥാനമായിരിക്കുന്നത് എന്നു പറഞ്ഞു.
16 ഒരുപമയും അവരോട് പറഞ്ഞത്: ധനവാനായൊരു മനുഷ്യന്റെ ഭൂമി നന്നായി വിളഞ്ഞു.
17 അപ്പോൾ അവൻ: ഞാൻ എന്ത് ചെയ്യേണ്ടു? എന്റെ വിളവ് സൂക്ഷിച്ച് വെയ്ക്കുവാൻ സ്ഥലം പോരാ എന്നു ഉള്ളിൽ വിചാരിച്ചു.
18 പിന്നെ അവൻ പറഞ്ഞത്: ഞാൻ ഇതു ചെയ്യും; എന്റെ കളപ്പുരകളെ പൊളിച്ച് അധികം വലിയവ പണിതു എന്റെ വിളവും വസ്തുവകയും എല്ലാം അതിൽ കൂട്ടിവയ്ക്കും.
19 എന്നിട്ട് എന്നോടുതന്നെ; നിനക്ക് അനേക വർഷങ്ങൾക്കു മതിയായ അനവധി വസ്തുവക സ്വരൂപിച്ചുവെച്ചിരിക്കുന്നു; ആശ്വസിക്ക, തിന്നുക, കുടിക്ക, ആനന്ദിക്ക എന്നു പറയും. ദൈവമോ അവനോട്:
20 മൂഢാ, ഈ രാത്രിയിൽ നിന്റെ പ്രാണനെ നിന്നോട് ചോദിക്കും. പിന്നെ നീ ഒരുക്കിവെച്ചത് ആർക്കാകും എന്നു പറഞ്ഞു.
21 ദൈവവിഷയമായി സമ്പന്നൻ ആകാതെ, വിലയേറിയ കാര്യങ്ങളെ തനിക്കു തന്നേ സൂക്ഷിച്ച് വെയ്ക്കുന്നവന്റെ കാര്യം ഇങ്ങനെ ആകുന്നു.
22 അവൻ തന്റെ ശിഷ്യന്മാരോട് പറഞ്ഞത്: അതുകൊണ്ട് എന്ത് തിന്നും എന്നു ജീവനെ പറ്റിയും എന്ത് ഉടുക്കും എന്നു ശരീരത്തെ പറ്റിയും ഓർത്ത് വെറുതെ വിഷമിക്കണ്ട എന്നു ഞാൻ നിങ്ങളോടു പറയുന്നു.
23 ആഹാരത്തേക്കാൾ ജീവനും ഉടുപ്പിനേക്കാൾ ശരീരവും വലുതല്ലോ.
24 കാക്കയെ നോക്കുവിൻ; അത് വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, അതിന് പാണ്ടികശാലയും കളപ്പുരയും ഇല്ല; എങ്കിലും ദൈവം അതിനെ സംരക്ഷിക്കുന്നു. പറവജാതിയേക്കാൾ നിങ്ങൾ എത്ര വിശേഷമുള്ളവർ!
25 പിന്നെ ഇങ്ങനെ ആകുലപ്പെടുന്നതുകൊണ്ട് തന്റെ നീളത്തിൽ ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്ക് കഴിയും?
26 ഏറ്റവും ചെറിയ കാര്യങ്ങൾ ചെയ്യുവാൻ പോലും നിങ്ങൾക്ക് സാധിക്കുകയില്ല എങ്കിൽ ബാക്കി ഉള്ളതിനെക്കുറിച്ച് ആകുലപ്പെടുന്നത് എന്തിനാണ്?
27 താമര എങ്ങനെ വളരുന്നു എന്നു ചിന്തിക്കുക; അവ അദ്ധ്വാനിക്കുന്നില്ല, നൂൽ ഉണ്ടാക്കുന്നതും ഇല്ല; എന്നാൽ ശലോമോൻ പോലും തന്റെ സകല മഹത്വത്തിലും ഇവയിൽ ഒന്നിനോളം ഒരുങ്ങിയിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
28 ഇന്ന് കാണുന്നതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ഉടുപ്പിക്കുന്നു എങ്കിൽ, അല്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം?
29 എന്ത് തിന്നും എന്ത് കുടിക്കും എന്നു നിങ്ങൾ ചിന്തിച്ചു ചഞ്ചലപ്പെടരുത്.
30 ഈ വക ഒക്കെയും ലോകജാതികൾ അന്വേഷിക്കുന്നു; നിങ്ങളുടെ പിതാവോ ഇവ നിങ്ങൾക്ക് ആവശ്യം എന്നു അറിയുന്നു.
31 അവന്റെ രാജ്യം അന്വേഷിക്കുവിൻ; അതോടുകൂടെ നിങ്ങൾക്ക് ഇതും കിട്ടും.
32 ചെറിയ ആട്ടിൻ കൂട്ടമേ, ഭയപ്പെടരുതു; നിങ്ങളുടെ പിതാവ് രാജ്യം നിങ്ങൾക്ക് നല്കുവാൻ പ്രസാദിച്ചിരിക്കുന്നു.
33 നിങ്ങൾക്കുള്ളത് വിറ്റ് ഭിക്ഷ കൊടുക്കുവിൻ; കള്ളൻ എടുക്കുകയോ, പുഴു തിന്നു നശിപ്പിക്കുകയോ ചെയ്യാത്ത സ്വർഗ്ഗത്തിൽ, പഴയതായി പോകാത്ത പണസഞ്ചികളും, തീർന്നുപോകാത്ത നിക്ഷേപവും നിങ്ങൾക്ക് ഉണ്ടാക്കിക്കൊൾവിൻ.
34 നിങ്ങളുടെ നിക്ഷേപം ഉള്ളിടത്ത് നിങ്ങളുടെ ഹൃദയവും ഇരിക്കും.
35 നിങ്ങൾ അര കെട്ടി എപ്പോഴും ഒരുങ്ങിയിരിപ്പിൻ. നിങ്ങളുടെ വിളക്ക് എപ്പോഴും കത്തിക്കൊണ്ടിരിക്കട്ടെ
ലൂക്കോസ് 12 in മലയാളം ബൈബിള്‍