Text copied!
Bibles in Malayalam

റോമർ 15:9-26 in Malayalam

Help us?

റോമർ 15:9-26 in മലയാളം ബൈബിള്‍

9 ക്രിസ്തു ദൈവത്തിന്റെ സത്യം നിമിത്തം പരിച്ഛേദനയ്ക്ക് ശുശ്രൂഷക്കാരനായിത്തീർന്നു എന്നും ജാതികൾ ദൈവത്തെ അവന്റെ കരുണനിമിത്തം മഹത്വീകരിക്കേണം എന്നും ഞാൻ പറയുന്നു.
10 “അതുകൊണ്ട് ഞാൻ ജാതികളുടെ ഇടയിൽ നിന്നെ വാഴ്ത്തി, നിന്റെ നാമത്തിന് സ്തുതി പാടും” എന്നു എഴുതിയിരിക്കുന്നുവല്ലോ.
11 വീണ്ടും: “ജാതികളേ, അവന്റെ ജനത്തോടു ഒന്നിച്ച് ആനന്ദിപ്പിൻ” എന്നു പറയുന്നു. “സകല ജാതികളുമായുള്ളോരേ, കർത്താവിനെ സ്തുതിപ്പിൻ, സകല ജനങ്ങളും അവനെ സ്തുതിക്കട്ടെ” എന്നും പറയുന്നു.
12 “യിശ്ശായിയുടെ വേരും ജാതികളെ ഭരിക്കുവാൻ എഴുന്നേല്ക്കുന്നവനുമായവൻ ഉണ്ടാകും; അവനിൽ ജാതികൾ പ്രത്യാശ വെയ്ക്കും” എന്നു യെശയ്യാവു പറയുന്നു.
13 എന്നാൽ പ്രത്യാശയുടെ ദൈവം പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിങ്ങൾ പ്രത്യാശയിൽ സമൃദ്ധിയുള്ളവരായി വിശ്വസിക്കുന്നതിലുള്ള സകല സന്തോഷവും സമാധാനവും കൊണ്ട് നിങ്ങളെ നിറയ്ക്കുമാറാകട്ടെ.
14 സഹോദരന്മാരേ, നിങ്ങൾ തന്നേ ദയാപൂർണ്ണരും സകല ജ്ഞാനവും നിറഞ്ഞവരും അന്യോന്യം പ്രബോധിപ്പിക്കുവാൻ പ്രാപ്തരും ആകുന്നു എന്നു ഞാൻ നിങ്ങളെക്കുറിച്ച് ഉറച്ചിരിക്കുന്നു.
15 എങ്കിലും ജാതികളുടെ വഴിപാട് പരിശുദ്ധാത്മാവിനാൽ വിശുദ്ധീകരിക്കപ്പെട്ട വസ്തുവായി സ്വീകരിക്കപ്പെടേണ്ടതിന്, ഞാൻ ദൈവത്തിന്റെ സുവിശേഷം പുരോഹിതനായി അർപ്പിച്ചുകൊണ്ട് ജാതികളിലേക്ക് അയയ്ക്കപ്പെട്ടവനായി ക്രിസ്തുയേശുവിന്റെ ശുശ്രൂഷകനായിരിക്കേണ്ടതിന്
16 ദൈവം എനിക്ക് നല്കിയ കൃപ നിമിത്തം നിങ്ങളെ വീണ്ടും ഓർമ്മപ്പെടുത്തുവാനായി ചില കാര്യങ്ങൾ അതിധൈര്യമായി നിങ്ങൾക്ക് എഴുതിയിരിക്കുന്നു.
17 അതുകൊണ്ട് ക്രിസ്തുയേശുവിൽ എനിക്ക് ദൈവസംബന്ധമായ കാര്യങ്ങളിൽ പ്രശംസ ഉണ്ട്.
18 ജാതികളുടെ അനുസരണത്തിനായിട്ട് വചനത്താലും പ്രവൃത്തിയാലും അടയാളങ്ങളുടെയും അത്ഭുതങ്ങളുടെയും ശക്തികൊണ്ടും, പരിശുദ്ധാത്മാവിന്റെ ശക്തികൊണ്ടും ക്രിസ്തു എന്നിലൂടെ പ്രവർത്തിച്ചത് അല്ലാതെ മറ്റൊന്നും പറയുവാൻ ഞാൻ തുനിയുകയില്ല.
19 അങ്ങനെ ഞാൻ യെരൂശലേം മുതൽ ഇല്ലുര്യദേശത്തോളം ചുറ്റിസഞ്ചരിച്ചു ക്രിസ്തുവിന്റെ സുവിശേഷം പൂർത്തീകരിക്കുവാനിടയായി.
20 ഞാൻ മറ്റൊരുവന്റെ അടിസ്ഥാനത്തിന്മേൽ പണിയാതിരിക്കേണ്ടതിന് ക്രിസ്തുവിന്റെ നാമം അറിഞ്ഞിട്ടുള്ള ഇടത്തിലല്ല,
21 “അവനെക്കുറിച്ച് അറിവു കിട്ടിയിട്ടില്ലാത്തവർ കാണും; കേട്ടിട്ടില്ലാത്തവർ ഗ്രഹിക്കും” എന്നു എഴുതിയിരിക്കുന്നതുപോലെ അത്രേ, സുവിശേഷം അറിയിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നത്.
22 അതുകൊണ്ടുതന്നെ ഞാൻ നിങ്ങളുടെ അടുക്കൽ വരുന്നതിന് പലപ്പോഴും തടസ്സം വന്നു.
23 ഇപ്പോഴോ എനിക്ക് ഈ ദിക്കുകളിൽ ഇനി സ്ഥലമില്ലായ്കയാലും നിങ്ങളുടെ അടുക്കൽ വരുവാൻ അനേകസംവത്സരമായി വാഞ്ചിക്കുകയാലും,
24 ഞാൻ സ്പെയിനിലേക്ക് യാത്ര ചെയ്യുമ്പോഴൊക്കെയും, പോകുന്ന വഴിക്ക് നിങ്ങളെ കാണ്മാനും നിങ്ങളെ കണ്ട് സന്തോഷിച്ചശേഷം നിങ്ങളാൽ യാത്ര അയയ്ക്കപ്പെടുവാനും ആശിക്കുന്നു.
25 ഇപ്പോഴോ ഞാൻ വിശുദ്ധന്മാർക്ക് ശുശ്രൂഷ ചെയ്‌വാൻ യെരൂശലേമിലേക്കു പോകുന്നു.
26 യെരൂശലേമിലെ വിശുദ്ധന്മാരിൽ ദരിദ്രരായവർക്ക് ഏതാനും ചില സംഭാവന നൽകുവാൻ മക്കെദോന്യയിലും അഖായയിലും ഉള്ളവർക്ക് വളരെ സന്തോഷം തോന്നി.
റോമർ 15 in മലയാളം ബൈബിള്‍