Text copied!
Bibles in Malayalam

റോമർ 15:1-18 in Malayalam

Help us?

റോമർ 15:1-18 in മലയാളം ബൈബിള്‍

1 എന്നാൽ ശക്തരായ നാം അശക്തരുടെ ബലഹീനതകളെ ചുമക്കുകയും നമ്മിൽ തന്നേ പ്രസാദിക്കാതിരിക്കയും വേണം.
2 നമ്മിൽ ഓരോരുത്തൻ തന്റെ അയൽക്കാരന്റെ നന്മയ്ക്കായി, ആത്മികമായ വളർച്ചയ്ക്കായി അവനെ പ്രസാദിപ്പിക്കണം.
3 “നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെ മേൽ വീണു” എന്നു എഴുതിയിരിക്കുന്നതുപോലെ ക്രിസ്തുവും തന്നിൽ തന്നേ പ്രസാദിച്ചില്ല.
4 എന്നാൽ മുന്നെഴുതിയിരിക്കുന്നതു ഒക്കെയും നമ്മുടെ ഉപദേശത്തിനായിട്ട്, നമുക്കു തിരുവെഴുത്തുകളാൽ ഉളവാകുന്ന സഹനത്താലും പ്രോത്സാഹനത്താലും പ്രത്യാശ ഉണ്ടാകേണ്ടതിന് തന്നേ എഴുതിയിരിക്കുന്നു.
5 എന്നാൽ നിങ്ങൾ ഐകമത്യപ്പെട്ട്, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ ഏകമനസ്സോടെ ഒരു വായിനാൽ മഹത്വീകരിക്കേണ്ടതിന്
6 സഹനത്തിന്റെയും പ്രോത്സാഹനത്തിന്റെയും ദൈവം തന്നെ നിങ്ങൾക്ക് ക്രിസ്തുയേശുവിന് അനുരൂപമായി തമ്മിൽ ഒരേ മനസ്സോടിരിക്കുവാൻ കൃപ നല്കുമാറാകട്ടെ.
7 അതുകൊണ്ട് ക്രിസ്തു ദൈവത്തിന്റെ മഹത്വത്തിനായി നിങ്ങളെ കൈക്കൊണ്ടതുപോലെ നിങ്ങളും അന്യോന്യം കൈക്കൊൾവിൻ.
8 പിതാക്കന്മാർക്കു നൽകിയ വാഗ്ദത്തങ്ങളെ ഉറപ്പിക്കേണ്ടതിന്
9 ക്രിസ്തു ദൈവത്തിന്റെ സത്യം നിമിത്തം പരിച്ഛേദനയ്ക്ക് ശുശ്രൂഷക്കാരനായിത്തീർന്നു എന്നും ജാതികൾ ദൈവത്തെ അവന്റെ കരുണനിമിത്തം മഹത്വീകരിക്കേണം എന്നും ഞാൻ പറയുന്നു.
10 “അതുകൊണ്ട് ഞാൻ ജാതികളുടെ ഇടയിൽ നിന്നെ വാഴ്ത്തി, നിന്റെ നാമത്തിന് സ്തുതി പാടും” എന്നു എഴുതിയിരിക്കുന്നുവല്ലോ.
11 വീണ്ടും: “ജാതികളേ, അവന്റെ ജനത്തോടു ഒന്നിച്ച് ആനന്ദിപ്പിൻ” എന്നു പറയുന്നു. “സകല ജാതികളുമായുള്ളോരേ, കർത്താവിനെ സ്തുതിപ്പിൻ, സകല ജനങ്ങളും അവനെ സ്തുതിക്കട്ടെ” എന്നും പറയുന്നു.
12 “യിശ്ശായിയുടെ വേരും ജാതികളെ ഭരിക്കുവാൻ എഴുന്നേല്ക്കുന്നവനുമായവൻ ഉണ്ടാകും; അവനിൽ ജാതികൾ പ്രത്യാശ വെയ്ക്കും” എന്നു യെശയ്യാവു പറയുന്നു.
13 എന്നാൽ പ്രത്യാശയുടെ ദൈവം പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിങ്ങൾ പ്രത്യാശയിൽ സമൃദ്ധിയുള്ളവരായി വിശ്വസിക്കുന്നതിലുള്ള സകല സന്തോഷവും സമാധാനവും കൊണ്ട് നിങ്ങളെ നിറയ്ക്കുമാറാകട്ടെ.
14 സഹോദരന്മാരേ, നിങ്ങൾ തന്നേ ദയാപൂർണ്ണരും സകല ജ്ഞാനവും നിറഞ്ഞവരും അന്യോന്യം പ്രബോധിപ്പിക്കുവാൻ പ്രാപ്തരും ആകുന്നു എന്നു ഞാൻ നിങ്ങളെക്കുറിച്ച് ഉറച്ചിരിക്കുന്നു.
15 എങ്കിലും ജാതികളുടെ വഴിപാട് പരിശുദ്ധാത്മാവിനാൽ വിശുദ്ധീകരിക്കപ്പെട്ട വസ്തുവായി സ്വീകരിക്കപ്പെടേണ്ടതിന്, ഞാൻ ദൈവത്തിന്റെ സുവിശേഷം പുരോഹിതനായി അർപ്പിച്ചുകൊണ്ട് ജാതികളിലേക്ക് അയയ്ക്കപ്പെട്ടവനായി ക്രിസ്തുയേശുവിന്റെ ശുശ്രൂഷകനായിരിക്കേണ്ടതിന്
16 ദൈവം എനിക്ക് നല്കിയ കൃപ നിമിത്തം നിങ്ങളെ വീണ്ടും ഓർമ്മപ്പെടുത്തുവാനായി ചില കാര്യങ്ങൾ അതിധൈര്യമായി നിങ്ങൾക്ക് എഴുതിയിരിക്കുന്നു.
17 അതുകൊണ്ട് ക്രിസ്തുയേശുവിൽ എനിക്ക് ദൈവസംബന്ധമായ കാര്യങ്ങളിൽ പ്രശംസ ഉണ്ട്.
18 ജാതികളുടെ അനുസരണത്തിനായിട്ട് വചനത്താലും പ്രവൃത്തിയാലും അടയാളങ്ങളുടെയും അത്ഭുതങ്ങളുടെയും ശക്തികൊണ്ടും, പരിശുദ്ധാത്മാവിന്റെ ശക്തികൊണ്ടും ക്രിസ്തു എന്നിലൂടെ പ്രവർത്തിച്ചത് അല്ലാതെ മറ്റൊന്നും പറയുവാൻ ഞാൻ തുനിയുകയില്ല.
റോമർ 15 in മലയാളം ബൈബിള്‍