Text copied!
Bibles in Malayalam

യോഹന്നാൻ 9:15-39 in Malayalam

Help us?

യോഹന്നാൻ 9:15-39 in മലയാളം ബൈബിള്‍

15 അവൻ കാഴ്ച പ്രാപിച്ചത് എങ്ങനെ എന്നു പരീശന്മാരും അവനോട് ചോദിച്ചു. അവൻ അവരോട്: അവൻ എന്റെ കണ്ണിന്മേൽ ചേറ് തേച്ച് ഞാൻ കഴുകി; ഇപ്പോൾ എനിക്ക് കാണ്മാൻ കഴിയുന്നു എന്നു പറഞ്ഞു.
16 പരീശന്മാരിൽ ചിലർ: ഈ മനുഷ്യൻ ദൈവത്തിന്റെ അടുക്കൽനിന്ന് വന്നവനല്ല; എന്തുകൊണ്ടെന്നാൽ അവൻ ശബ്ബത്ത് പ്രമാണിക്കുന്നില്ല എന്നു പറഞ്ഞു. മറ്റു ചിലർ: പാപിയായൊരു മനുഷ്യന് ഇങ്ങനെയുള്ള അടയാളങ്ങൾ ചെയ്‌വാൻ എങ്ങനെ കഴിയും എന്നു പറഞ്ഞു; അങ്ങനെ അവരുടെ ഇടയിൽ ഒരു ഭിന്നത ഉണ്ടായി.
17 അവർ പിന്നെയും കുരുടനോട്: നിന്റെ കണ്ണ് തുറന്നതുകൊണ്ട് നീ അവനെക്കുറിച്ച് എന്ത് പറയുന്നു എന്നു ചോദിച്ചതിന്: അവൻ ഒരു പ്രവാചകൻ ആകുന്നു എന്നു അവൻ പറഞ്ഞു.
18 കാഴ്ച പ്രാപിച്ചവന്റെ മാതാപിതാക്കളെ വിളിച്ചു ചോദിക്കുവോളം അവൻ കുരുടനായിരുന്നു എന്നും കാഴ്ച പ്രാപിച്ചു എന്നും യെഹൂദന്മാർ വിശ്വസിച്ചില്ല.
19 കുരുടനായി ജനിച്ചു എന്നു നിങ്ങൾ പറയുന്ന നിങ്ങളുടെ മകൻ ഇവൻ തന്നെയോ? എന്നാൽ അവന് ഇപ്പോൾ കണ്ണ് കാണുന്നത് എങ്ങനെ എന്നു അവർ അവരോട് ചോദിച്ചു.
20 അതിന് അവന്റെ മാതാപിതാക്കൾ: ഇവൻ ഞങ്ങളുടെ മകൻ എന്നും കുരുടനായി ജനിച്ചവൻ എന്നും ഞങ്ങൾക്കു അറിയാം.
21 എന്നാൽ അവന് ഇപ്പോൾ കണ്ണ് കാണുന്നത് എങ്ങനെ എന്നും അവന്റെ കണ്ണ് ആർ തുറന്നു എന്നും ഞങ്ങൾ അറിയുന്നില്ല; അവനോട് ചോദിപ്പിൻ; അവന് പ്രായം ഉണ്ടല്ലോ; അവൻ തന്നേ പറയും എന്നു ഉത്തരം പറഞ്ഞു.
22 യെഹൂദന്മാരെ ഭയപ്പെടുകകൊണ്ടത്രേ അവന്റെ മാതാപിതാക്കൾ ഇങ്ങനെ പറഞ്ഞത്; യേശുവിനെ ക്രിസ്തു എന്നു ഏറ്റുപറയുന്നവരെ പള്ളിയിൽനിന്ന് പുറത്താക്കേണം എന്നു യെഹൂദന്മാർ തമ്മിൽ പറഞ്ഞൊത്തിരുന്നു
23 അതുകൊണ്ടാണ് അവന്റെ മാതാപിതാക്കൾ അവന് പ്രായം ഉണ്ടല്ലോ; അവനോട് ചോദിപ്പിൻ എന്നു പറഞ്ഞത്.
24 കുരുടനായിരുന്ന മനുഷ്യനെ അവർ രണ്ടാമതും വിളിച്ചു അവനോട്: ദൈവത്തിന് മഹത്വം കൊടുക്ക; ആ മനുഷ്യൻ ഒരു പാപി എന്നു ഞങ്ങൾ അറിയുന്നു എന്നു പറഞ്ഞു.
25 അതിന് അവൻ: അവൻ പാപിയോ അല്ലയോ എന്നു ഞാൻ അറിയുന്നില്ല; ഒന്ന് അറിയുന്നു; ഞാൻ കുരുടനായിരുന്നു, ഇപ്പോൾ കണ്ണ് കാണുന്നു എന്നു ഉത്തരം പറഞ്ഞു.
26 അവർ അവനോട്: അവൻ നിനക്ക് എന്ത് ചെയ്തു? നിന്റെ കണ്ണ് എങ്ങനെ തുറന്നു എന്നു ചോദിച്ചു.
27 അതിന് അവൻ: ഞാൻ നിങ്ങളോടു പറഞ്ഞുവല്ലോ; നിങ്ങൾ ശ്രദ്ധിച്ചില്ല; വീണ്ടും കേൾക്കുവാൻ ഇച്ഛിക്കുന്നത് എന്ത്? നിങ്ങൾക്കും അവന്റെ ശിഷ്യന്മാർ ആകുവാൻ ആഗ്രഹമുണ്ടോ എന്നു ഉത്തരം പറഞ്ഞു.
28 അപ്പോൾ അവർ അവനെ ശകാരിച്ചു: നീ അവന്റെ ശിഷ്യൻ; ഞങ്ങൾ മോശെയുടെ ശിഷ്യന്മാർ.
29 മോശെയോടു ദൈവം സംസാരിച്ചു എന്നു ഞങ്ങൾ അറിയുന്നു; എന്നാൽ ഈ മനുഷ്യൻ എവിടെനിന്ന് എന്നു ഞങ്ങൾ അറിയുന്നില്ല എന്നു പറഞ്ഞു.
30 ആ മനുഷ്യൻ അവരോട്: എന്റെ കണ്ണ് തുറന്നിട്ടും അവൻ എവിടെനിന്ന് എന്നു നിങ്ങൾ അറിയാത്തത് ആശ്ചര്യമായ കാര്യമാണ്.
31 പാപികളുടെ പ്രാർത്ഥന ദൈവം കേൾക്കുന്നില്ല എന്നും ദൈവഭക്തനായിരുന്നു അവന്റെ ഇഷ്ടം ചെയ്യുന്നവന്റെ പ്രാർത്ഥന കേൾക്കുന്നു എന്നും നാം അറിയുന്നു.
32 കുരുടനായി പിറന്നവന്റെ കണ്ണ് ആരെങ്കിലും തുറന്നപ്രകാരം ലോകം ഉണ്ടായതുമുതൽ കേട്ടിട്ടില്ല.
33 ഈ മനുഷ്യൻ ദൈവത്തിന്റെ അടുക്കൽനിന്ന് വന്നവൻ അല്ലെങ്കിൽ അവന് ഒന്നും ചെയ്‌വാൻ കഴിയുകയില്ല എന്നു ഉത്തരം പറഞ്ഞു.
34 അവർ അവനോട്: നീ മുഴുവനും പാപത്തിൽ പിറന്നവൻ; ഇപ്പോൾ നീ ഞങ്ങളെ ഉപദേശിക്കുന്നുവോ എന്നു പറഞ്ഞു അവനെ പള്ളിയിൽനിന്ന് പുറത്താക്കിക്കളഞ്ഞു.
35 അവനെ പള്ളിയിൽനിന്ന് പുറത്താക്കി എന്നു യേശു കേട്ട്; അവനെ കണ്ടപ്പോൾ: നീ ദൈവപുത്രനിൽ വിശ്വസിക്കുന്നുവോ എന്നു ചോദിച്ചു.
36 അതിന് അവൻ: യജമാനനേ, അവൻ ആരാകുന്നു? ഞാൻ അവനിൽ വിശ്വസിക്കാം എന്നു ഉത്തരം പറഞ്ഞു.
37 യേശു അവനോട്: നീ അവനെ കണ്ടിരിക്കുന്നു; നിന്നോട് സംസാരിക്കുന്നവൻ തന്നേ അവൻ എന്നു പറഞ്ഞു.
38 അപ്പോൾ അവൻ: ‘കർത്താവേ, ഞാൻ വിശ്വസിക്കുന്നു’ എന്നു പറഞ്ഞു അവനെ നമസ്കരിച്ചു.
39 കാണാത്തവർ കാണ്മാനും കാണുന്നവർ കുരുടർ ആകുവാനും ഇങ്ങനെ ന്യായവിധിയ്ക്കായി ഞാൻ ഇഹലോകത്തിൽ വന്നു എന്നു യേശു പറഞ്ഞു.
യോഹന്നാൻ 9 in മലയാളം ബൈബിള്‍