Text copied!
Bibles in Malayalam

യോഹന്നാൻ 6:13-42 in Malayalam

Help us?

യോഹന്നാൻ 6:13-42 in മലയാളം ബൈബിള്‍

13 അഞ്ച് യവത്തപ്പത്തിൽ തിന്നു ശേഷിച്ച കഷണം അവർ ശേഖരിച്ചു പന്ത്രണ്ട് കൊട്ട നിറച്ചെടുത്തു.
14 അവൻ ചെയ്ത അടയാളം ആളുകൾ കണ്ടിട്ട്: ലോകത്തിലേക്കു വരുവാനുള്ള പ്രവാചകൻ ഇവൻ ആകുന്നു സത്യം എന്നു പറഞ്ഞു.
15 അവർ വന്നു തന്നെ ബലമായി പിടിച്ച് രാജാവാക്കുവാൻ ഭാവിക്കുന്നു എന്നു യേശു അറിഞ്ഞിട്ട് പിന്നെയും തനിച്ചു മലമുകളിലേക്കു പോയി.
16 സന്ധ്യയായപ്പോൾ ശിഷ്യന്മാർ കടല്പുറത്തേക്ക് ഇറങ്ങി.
17 അവർ ഒരു പടകിൽ കയറി കടലിനക്കരെ കഫർന്നഹൂമിലേക്ക് യാത്രയായി; ഇരുട്ടായശേഷവും യേശു അവരുടെ അടുക്കൽ വന്നിരുന്നില്ല.
18 ആ സമയത്ത് ശക്തമായ കാറ്റ് അടിച്ചു, കടൽ ക്ഷോഭിച്ചു.
19 അവർ ഇരുപത്തഞ്ച്-മുപ്പത് നാഴിക ദൂരത്തോളം വലിച്ചശേഷം യേശു കടലിന്മേൽ നടന്നു പടകിനോട് സമീപിക്കുന്നത് കണ്ട് പേടിച്ചു.
20 അവൻ അവരോട്: ഞാൻ ആകുന്നു; പേടിക്കേണ്ടാ എന്നു പറഞ്ഞു.
21 അപ്പോൾ അവർ അവനെ പടകിലേക്ക് കയറ്റുവാൻ തയ്യാറായി; ഉടനെ പടക് അവർ പോകുന്ന ദേശത്തു എത്തിപ്പോയി.
22 പിറ്റെന്നാൾ കടലിനക്കരെ നിന്നിരുന്ന പുരുഷാരം, ഒരു പടകല്ലാതെ അവിടെ വേറെ ഇല്ലായിരുന്നു എന്നും യേശു ശിഷ്യന്മാരോടുകൂടെ പടകിൽ കയറാതെ ശിഷ്യന്മാർ മാത്രം പോയിരുന്നു എന്നും ഗ്രഹിച്ചു.
23 എന്നാൽ കർത്താവ് വാഴ്ത്തിയിട്ട് അവർ അപ്പം തിന്ന സ്ഥലത്തിന്നരികെ തിബര്യാസിൽനിന്ന് ചില പടകുകൾ എത്തിയിരുന്നു.
24 യേശു അവിടെ ഇല്ല ശിഷ്യന്മാരും ഇല്ല എന്നു പുരുഷാരം കണ്ടപ്പോൾ തങ്ങളും പടക് കയറി യേശുവിനെ തിരഞ്ഞു കഫർന്നഹൂമിൽ എത്തി.
25 കടലിനക്കരെ അവനെ കണ്ടെത്തിയപ്പോൾ: റബ്ബീ, നീ എപ്പോൾ ഇവിടെ വന്നു എന്നു ചോദിച്ചു.
26 അതിന് യേശു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ അടയാളം കണ്ടതുകൊണ്ടല്ല, അപ്പം തിന്നു തൃപ്തരായതുകൊണ്ടത്രേ എന്നെ അന്വേഷിക്കുന്നത്.
27 നശിച്ചുപോകുന്ന ആഹാരത്തിനായിട്ടല്ല, നിത്യജീവങ്കലേക്ക് നിലനില്ക്കുന്ന ആഹാരത്തിനായിട്ടുതന്നെ പ്രവർത്തിപ്പിൻ; അത് മനുഷ്യപുത്രൻ നിങ്ങൾക്ക് തരും. അവനെ പിതാവായ ദൈവം മുദ്രയിട്ടിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
28 അവർ അവനോട്: ദൈവത്തെ പ്രസാദിപ്പിക്കേണ്ടതിന് ഞങ്ങൾ എന്ത് പ്രവൃത്തികളെ ചെയ്യേണം എന്നു ചോദിച്ചു.
29 യേശു അവരോട്: ദൈവത്തിന് പ്രസാദമുള്ള പ്രവൃത്തി അവൻ അയച്ചവനിൽ നിങ്ങൾ വിശ്വസിക്കുന്നതത്രേ എന്നു ഉത്തരം പറഞ്ഞു.
30 അവർ അവനോട്: ഞങ്ങൾ കണ്ട് നിന്നെ വിശ്വസിക്കേണ്ടതിന് നീ എന്ത് അടയാളം ചെയ്യുന്നു? എന്ത് പ്രവർത്തിക്കുന്നു?
31 നമ്മുടെ പിതാക്കന്മാർ മരുഭൂമിയിൽവച്ച് മന്ന തിന്നു; അവർക്ക് തിന്നുവാൻ സ്വർഗ്ഗത്തിൽ നിന്നു അപ്പം കൊടുത്തു എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
32 യേശു അവരോട്: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: സ്വർഗ്ഗത്തിൽനിന്നുള്ള അപ്പം മോശെയല്ല നിങ്ങൾക്ക് തന്നതു, എന്റെ പിതാവത്രെ സ്വർഗ്ഗത്തിൽനിന്നുള്ള സാക്ഷാൽ അപ്പം നിങ്ങൾക്ക് തരുന്നത്.
33 ദൈവത്തിന്റെ അപ്പമോ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നു ലോകത്തിനു ജീവനെ കൊടുക്കുന്നത് ആകുന്നു എന്നു പറഞ്ഞു.
34 അവർ അവനോട്: കർത്താവേ, ഈ അപ്പം എപ്പോഴും ഞങ്ങൾക്കു തരേണമേ എന്നു പറഞ്ഞു.
35 യേശു അവരോട് പറഞ്ഞത്: ഞാൻ ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കൽ വരുന്നവന് വിശക്കയില്ല; എന്നിൽ വിശ്വസിക്കുന്നവന് ഒരുനാളും ദാഹിക്കയുമില്ല.
36 എന്നാൽ നിങ്ങൾ എന്നെ കണ്ടിട്ടും വിശ്വസിക്കുന്നില്ല എന്നു ഞാൻ നിങ്ങളോടു പറഞ്ഞുവല്ലോ.
37 പിതാവ് എനിക്ക് തരുന്നത് ഒക്കെയും എന്റെ അടുക്കൽ വരും; എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും തള്ളിക്കളകയില്ല.
38 ഞാൻ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‌വാൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്നത്.
39 അവൻ എനിക്ക് തന്നവരിൽ ഒരുവനേപ്പോലും ഞാൻ കളയാതെ എല്ലാവരെയും അവസാന നാളിൽ ഉയിർത്തെഴുന്നേല്പിക്കണം എന്നാകുന്നു എന്നെ അയച്ചവന്റെ ഇഷ്ടം.
40 പുത്രനെ നോക്കിക്കൊണ്ട് അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ ഉണ്ടാകണമെന്നാകുന്നു എന്റെ പിതാവിന്റെ ഇഷ്ടം; ഞാൻ അവനെ അവസാന നാളിൽ ഉയിർത്തെഴുന്നേല്പിക്കും.
41 ഞാൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പം എന്നു അവൻ പറഞ്ഞതിനാൽ യെഹൂദന്മാർ അവനെക്കുറിച്ച് പിറുപിറുത്തു:
42 ഇവൻ യോസഫിന്റെ പുത്രനായ യേശു അല്ലയോ? അവന്റെ അപ്പനെയും അമ്മയെയും നാം അറിയുന്നുവല്ലോ; പിന്നെ ഞാൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നു എന്നു അവൻ പറയുന്നത് എങ്ങനെ എന്നു അവർ പറഞ്ഞു.
യോഹന്നാൻ 6 in മലയാളം ബൈബിള്‍