30 അവർ പട്ടണത്തിൽനിന്നു പുറപ്പെട്ടു അവന്റെ അടുക്കൽ വന്നു.
31 അതേസമയം ശിഷ്യന്മാർ അവനോട്: റബ്ബീ, ഭക്ഷിച്ചാലും എന്നു അപേക്ഷിച്ചു.
32 അതിന് അവൻ: നിങ്ങൾ അറിയാത്ത ആഹാരം ഭക്ഷിക്കുവാൻ എനിക്ക് ഉണ്ട് എന്നു അവരോട് പറഞ്ഞു.
33 ആകയാൽ ആരെങ്കിലും അവന് ഭക്ഷിക്കുവാൻ കൊണ്ടുവന്നുവോ എന്നു ശിഷ്യന്മാർ തമ്മിൽ പറഞ്ഞു.
34 യേശു അവരോട് പറഞ്ഞത്: എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്തു അവന്റെ പ്രവൃത്തി തികയ്ക്കുന്നത് തന്നേ എന്റെ ആഹാരം.
35 ഇനി നാല് മാസം കഴിഞ്ഞിട്ട് കൊയ്ത്ത് വരുന്നു എന്നു നിങ്ങൾ പറയുന്നില്ലയോ? നിങ്ങൾ തല പൊക്കി നോക്കിയാൽ വയലുകൾ ഇപ്പോൾ തന്നേ കൊയ്ത്തിന് വിളഞ്ഞിരിക്കുന്നതു കാണും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
36 വിതയ്ക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ചു സന്തോഷിപ്പാൻ തക്കവണ്ണം കൊയ്യുന്നവൻ കൂലി വാങ്ങി നിത്യജീവങ്കലേക്ക് വിളവ് കൂട്ടിവയ്ക്കുന്നു.
37 വിതയ്ക്കുന്നത് ഒരുവൻ, കൊയ്യുന്നത് മറ്റൊരുത്തൻ എന്നുള്ള ചൊല്ല് ഇതിൽ യാഥാർത്ഥ്യമായിരിക്കുന്നു.