Text copied!
Bibles in Malayalam

യോഹന്നാൻ 21:8-19 in Malayalam

Help us?

യോഹന്നാൻ 21:8-19 in മലയാളം ബൈബിള്‍

8 മറ്റുള്ള ശിഷ്യന്മാർ കരയിൽ നിന്നു ഏകദേശം ഇരുനൂറ് മുഴത്തിൽ അധികം ദൂരത്തല്ലായ്കയാൽ മീൻ നിറഞ്ഞ വല ഇഴച്ചുംകൊണ്ട് പടകിൽ വന്നു.
9 കരയ്ക്ക് ഇറങ്ങിയപ്പോൾ അവർ തീക്കനലും അതിന്മേൽ മീൻ വെച്ചിരിക്കുന്നതും അപ്പവും കണ്ട്.
10 യേശു അവരോട്: ഇപ്പോൾ പിടിച്ച മീൻ ചിലത് കൊണ്ടുവരുവിൻ എന്നു പറഞ്ഞു.
11 ശിമോൻ പത്രൊസ് കയറി നൂറ്റമ്പത്തി മൂന്ന് വലിയ മീൻ നിറഞ്ഞ വല കരയ്ക്ക് വലിച്ചു കയറ്റി; അത്രയധികം ഉണ്ടായിരുന്നിട്ടും വല കീറിയില്ല.
12 യേശു അവരോട്: വന്നു പ്രാതൽ കഴിച്ചുകൊൾവിൻ എന്നു പറഞ്ഞു; ഇതു കർത്താവാകുന്നു എന്നു അറിഞ്ഞിരുന്നതുകൊണ്ട് ശിഷ്യന്മാരിൽ ഒരുവനും: നീ ആർ എന്നു അവനോട് ചോദിപ്പാൻ തുനിഞ്ഞില്ല.
13 യേശു വന്നു അപ്പം എടുത്തു അവർക്ക് കൊടുത്തു; മീനും അങ്ങനെതന്നെ.
14 യേശു മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റശേഷം ഇതു മൂന്നാമത്തെ പ്രാവശ്യമായിരുന്നു തന്നത്താൻ ശിഷ്യന്മാർക്ക് പ്രത്യക്ഷനായത്.
15 അവർ പ്രാതൽ കഴിച്ചശേഷം യേശു ശിമോൻ പത്രൊസിനോട്: യോഹന്നാന്റെ മകനായ ശിമോനേ, നീ ഇവയിൽ അധികമായി എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന് അവൻ: ഉവ്വ്, കർത്താവേ; ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നു നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. എന്റെ കുഞ്ഞാടുകളെ മേയ്ക്ക എന്നു അവൻ അവനോട് പറഞ്ഞു.
16 രണ്ടാമതും അവനോട്: യോഹന്നാന്റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന് അവൻ ഉവ്വ് കർത്താവേ, ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നു നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. എന്റെ ആടുകളെ പാലിയ്ക്ക എന്നു അവൻ അവനോട് പറഞ്ഞു.
17 മൂന്നാമതും അവനോട്: യോഹന്നാന്റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. എന്നെ സ്നേഹിക്കുന്നുവോ എന്നു മൂന്നാമതും ചോദിക്കയാൽ പത്രൊസ് ദുഃഖിച്ചു: കർത്താവേ, നീ സകലവും അറിയുന്നു; ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നും നീ അറിയുന്നു എന്നു അവനോട് പറഞ്ഞു. യേശു അവനോട്: എന്റെ ആടുകളെ മേയ്ക്ക.
18 ആമേൻ, ആമേൻ, ഞാൻ നിന്നോട് പറയുന്നു: നീ യൗവനക്കാരൻ ആയിരുന്നപ്പോൾ നീ തന്നേ അര കെട്ടി നിനക്ക് ഇഷ്ടമുള്ളേടത്ത് നടന്നു; വയസ്സനായശേഷമോ നീ കൈ നീട്ടുകയും മറ്റൊരുത്തൻ നിന്റെ അര കെട്ടി നിനക്ക് ഇഷ്ടമില്ലാത്ത ഇടത്തേക്ക് നിന്നെ കൊണ്ടുപോകുകയും ചെയ്യും എന്നു പറഞ്ഞു.
19 യേശു ഇതു പറഞ്ഞത്, ഏത് വിധത്തിലുള്ള മരണത്താൽ പത്രൊസ് ദൈവത്തെ മഹത്വപ്പെടുത്തും എന്നു സൂചിപ്പിക്കാനാണ്. ഇതു പറഞ്ഞതിനുശേഷം: “എന്നെ അനുഗമിക്ക” എന്നു അവനോട് പറഞ്ഞു.
യോഹന്നാൻ 21 in മലയാളം ബൈബിള്‍