1 എന്നാൽ യിസ്രായേൽമക്കൾ യഹോവക്കായി സമർപ്പിച്ച ചില വസ്തുക്കൾ കൈവശപ്പെടുത്തി അവിശ്വസ്തത കാണിച്ചു; യെഹൂദാഗോത്രത്തിൽ സേരഹിന്റെ മകനായ സബ്ദിയുടെ മകനായ കർമ്മിയുടെ മകൻ ആഖാൻ ശപഥാർപ്പിതവസ്തുവിൽ ചിലത് എടുത്തു; യഹോവയുടെ കോപം യിസ്രായേൽമക്കളുടെ നേരെ ജ്വലിച്ചു.
2 യോശുവ യെരീഹോവിൽനിന്ന് ദേശം ഒറ്റുനോക്കുവാൻ ബേഥേലിന് കിഴക്ക് ബേഥാവെന്റെ സമീപത്തുള്ള ഹായിയിലേക്ക് ആളുകളെ അയച്ചു. അവർ ചെന്ന് ഹായിയെ ഒറ്റുനോക്കി,
3 യോശുവയുടെ അടുക്കൽ മടങ്ങിവന്ന് അവനോട്: “ഹായിയെ ജയിച്ചടക്കുവാൻ രണ്ടായിരമോ മൂവായിരമോ പേർ പോയാൽ മതി; സർവ്വജനത്തെയും അവിടേക്ക് അയച്ച് കഷ്ടപ്പെടുത്തേണ്ടാ; അവർ ആൾ ചുരുക്കമത്രേ“ എന്ന് പറഞ്ഞു.
4 അങ്ങനെ ഏകദേശം മൂവായിരം പേർ അവിടേക്ക് പോയി; എന്നാൽ അവർ ഹായിപട്ടണക്കാരുടെ മുമ്പിൽ നിന്ന് തോറ്റോടി.
5 ഹായി പട്ടണക്കാർ അവരിൽ മുപ്പത്താറോളം പേരെ കൊന്നു; അവരെ പട്ടണവാതിൽക്കൽ തുടങ്ങി ശെബാരീം വരെ പിന്തുടർന്ന് മലഞ്ചരിവിൽവെച്ച് അവരെ തോല്പിച്ചു. അതുകൊണ്ട് ജനത്തിന്റെ മനസ്സ് ഉരുകി ധൈര്യം നഷ്ടപ്പെട്ടു പോയി.
6 യോശുവ വസ്ത്രം കീറി യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ അവനും യിസ്രായേൽമൂപ്പന്മാരും തലയിൽ മണ്ണുവാരിയിട്ടുകൊണ്ട് സന്ധ്യവരെ സാഷ്ടാംഗം വീണ് കിടന്നു: