Text copied!
Bibles in Malayalam

യോശുവ 24:5-14 in Malayalam

Help us?

യോശുവ 24:5-14 in മലയാളം ബൈബിള്‍

5 പിന്നെ ഞാൻ മോശെയെയും അഹരോനെയും അയച്ചു; ഞാൻ ഈജിപ്റ്റിൽ ബാധകളെ അയച്ചു; അതിന്റെ ശേഷം നിങ്ങളെ അവിടെനിന്ന് പുറപ്പെടുവിച്ചു.
6 അങ്ങനെ ഞാൻ നിങ്ങളുടെ പിതാക്കന്മാരെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചു; അവർ ചെങ്കടലിന്നരികെ എത്തി; ഈജിപ്റ്റുകാർ രഥങ്ങളോടും കുതിരകളോടുംകൂടെ ചെങ്കടൽവരെ നിങ്ങളുടെ പിതാക്കന്മാരെ പിന്തുടർന്നു;
7 അവർ യഹോവയോട് നിലവിളിച്ചപ്പോൾ അവൻ അവർക്കും ഈജിപ്റ്റുകാർക്കും മദ്ധ്യേ അന്ധകാരം വരുത്തി. എന്റെ കൽപ്പനയാൽ കടൽ അവരെ മൂടിക്കളഞ്ഞു; ഇങ്ങനെ ഞാൻ ഈജിപ്റ്റുകാരോട് ചെയ്തത് അവർ സ്വന്ത കണ്ണാലെ കണ്ടു; അവരുടെ സന്തതികളായ നിങ്ങൾ ഏറിയകാലം മരുഭൂമിയിൽ കഴിച്ചു.
8 പിന്നെ ഞാൻ നിങ്ങളെ യോർദ്ദാനക്കരെ പാർത്തിരുന്ന അമോര്യരുടെ ദേശത്തേക്ക് കൊണ്ടുവന്നു; അവർ നിങ്ങളോട് യുദ്ധംചെയ്തു; നിങ്ങൾ അവരുടെ ദേശം കൈവശമാക്കേണ്ടതിന് ഞാൻ അവരെ നിങ്ങളുടെ കയ്യിൽ ഏല്പിച്ച് നശിപ്പിച്ചുകളഞ്ഞു.
9 അനന്തരം സിപ്പോരിന്റെ മകൻ മോവാബ്യരാജാവായ ബാലാക്ക് പുറപ്പെട്ട് യിസ്രായേലിനോട് യുദ്ധംചെയ്തു; നിങ്ങളെ ശപിക്കുവാൻ ബെയോരിന്റെ മകനായ ബിലെയാമിനെ വിളിപ്പിച്ചു.
10 എങ്കിലും എനിക്ക് ബിലെയാമിന്റെ അപേക്ഷ കേൾപ്പാൻ മനസ്സില്ലായ്കയാൽ അവൻ നിങ്ങളെ അനുഗ്രഹിച്ചു; ഇങ്ങനെ ഞാൻ നിങ്ങളെ അവന്റെ കയ്യിൽനിന്ന് വിടുവിച്ചു.
11 പിന്നെ നിങ്ങൾ യോർദ്ദാൻ കടന്ന് യെരീഹോവിലേക്ക് വന്നു; യെരീഹോനിവാസികൾ, അമോര്യർ, പെരിസ്യർ, കനാന്യർ, ഹിത്യർ, ഗിർഗ്ഗസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവർ നിങ്ങളോട് യുദ്ധം ചെയ്തു; ഞാൻ അവരെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചു.
12 ഞാൻ കടന്നലിനെ നിങ്ങൾക്കു മുമ്പെ അയച്ചു; അവ അമോര്യരുടെ ആ രണ്ടു രാജാക്കന്മാരെ ഓടിച്ചുകളഞ്ഞു; നിങ്ങൾ വാളുകൊണ്ടോ വില്ലുകൊണ്ടൊ അല്ല അവരെ ജയിച്ചത്.
13 നിങ്ങൾ അധ്വാനിക്കാത്ത ഭൂമിയും നിങ്ങൾ പണിയാത്ത പട്ടണങ്ങളും ഞാൻ നിങ്ങൾക്ക് തന്നു; നിങ്ങൾ അവയിൽ പാർക്കുന്നു; നിങ്ങൾ നട്ടിട്ടില്ലാത്ത മുന്തിരിത്തോട്ടങ്ങളുടെയും ഒലിവുതോട്ടങ്ങളുടെയും ഫലം നിങ്ങൾ അനുഭവിക്കുന്നു.
14 ആകയാൽ നിങ്ങൾ യഹോവയെ ഭയപ്പെട്ട് അവനെ പരമാർത്ഥതയോടും വിശ്വസ്തതയോടുംകൂടെ സേവിപ്പീൻ. നിങ്ങളുടെ പിതാക്കന്മാർ നദിക്കക്കരെയും ഈജിപ്റ്റിലുംവെച്ച് സേവിച്ച ദേവന്മാരെ ഉപേക്ഷിക്കയും യഹോവയെത്തന്നെ സേവിക്കയും ചെയ്‌വിൻ.
യോശുവ 24 in മലയാളം ബൈബിള്‍