33 അവർ മുഖമല്ല, പുറമത്രേ എന്നിലേക്കു തിരിച്ചിരിക്കുന്നത്; ഞാൻ ഇടവിടാതെ അവരെ ഉപദേശിച്ചു പഠിപ്പിച്ചിട്ടും, ഉപദേശം കൈക്കൊള്ളുവാൻ അവർ മനസ്സുവച്ചില്ല.
34 എന്റെ നാമം വിളിച്ചിരിക്കുന്ന ആലയം അശുദ്ധമാക്കുവാൻ തക്കവണ്ണം അവർ അതിൽ മ്ലേച്ഛവിഗ്രഹങ്ങളെ പ്രതിഷ്ഠിച്ചു.
35 മോലെക്കിന് അവരുടെ പുത്രന്മാരെയും പുത്രിമാരെയും ദഹിപ്പിക്കേണ്ടതിന് അവർ ബെൻഹിന്നോംതാഴ്വരയിൽ ബാലിന്റെ പൂജാഗിരികൾ പണിതു; ഈ മ്ലേച്ഛതകൾ പ്രവർത്തിച്ച് യെഹൂദയെക്കൊണ്ട് പാപം ചെയ്യിക്കുവാൻ ഞാൻ അവരോടു കല്പിച്ചിട്ടില്ല; എന്റെ മനസ്സിൽ അത് തോന്നിയിട്ടുമില്ല”.
36 ‘ഇപ്പോൾ, വാൾ, ക്ഷാമം, മഹാമാരി എന്നിവയാൽ ബാബേൽരാജാവിന്റെ കൈയിൽ ഏല്പിക്കപ്പെടുന്നു’ എന്ന് നിങ്ങൾ പറയുന്ന ഈ നഗരത്തെക്കുറിച്ച് യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
37 എന്റെ കോപത്തിലും ക്രോധത്തിലും മഹാരോഷത്തിലും ഞാൻ അവരെ നീക്കിക്കളഞ്ഞ സകലദേശങ്ങളിൽനിന്നും ഞാൻ അവരെ ശേഖരിക്കും; ഞാൻ അവരെ ഈ സ്ഥലത്തേക്ക് മടക്കിവരുത്തി അതിൽ നിർഭയമായി വസിക്കുമാറാക്കും.