Text copied!
Bibles in Malayalam

മർക്കൊസ് 6:9-53 in Malayalam

Help us?

മർക്കൊസ് 6:9-53 in മലയാളം ബൈബിള്‍

9 രണ്ടു വസ്ത്രം ധരിക്കരുത് എന്നിങ്ങനെ അവരോട് കല്പിച്ചു.
10 “നിങ്ങൾ എവിടെയെങ്കിലും ഒരു വീട്ടിൽ ചെന്നാൽ അവിടം വിട്ടു പുറപ്പെടുവോളം അതിൽ തന്നേ താമസിക്കുവിൻ.
11 ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വാക്ക് കേൾക്കാതെയും ഇരുന്നാൽ അവിടം വിട്ടു പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി അവർക്കെതിരെയുള്ള സാക്ഷ്യത്തിനായി കുടഞ്ഞുകളയുവിൻ” എന്നും അവരോട് പറഞ്ഞു.
12 അങ്ങനെ അവർ പുറപ്പെട്ടു മാനസാന്തരപ്പെടണം എന്നു പ്രസംഗിച്ചു;
13 വളരെ ഭൂതങ്ങളെ പുറത്താക്കുകയും അനേകം രോഗികൾക്കു എണ്ണ തേച്ച് സൌഖ്യം വരുത്തുകയും ചെയ്തു.
14 ഇങ്ങനെ യേശുവിന്റെ പേര് വളരെ പ്രസിദ്ധമായി, അത് ഹെരോദാരാജാവ് കേട്ട്. യോഹന്നാൻസ്നാപകൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തെഴുന്നേറ്റിരിക്കുന്നു; അതുകൊണ്ട് ഈ ശക്തികൾ അവനിൽ വ്യാപരിക്കുന്നു എന്നു ചിലർ പറഞ്ഞു.
15 അവൻ ഏലിയാവാകുന്നു എന്നു മറ്റു ചിലർ പറഞ്ഞു. വേറെ ചിലർ: അവൻ ആദ്യകാല പ്രവാചകന്മാരിൽ ഒരുവനെപ്പോലെ ഒരു പ്രവാചകൻ എന്നു പറഞ്ഞു.
16 അത് ഹെരോദാവ് കേട്ടപ്പോൾ “ഞാൻ ശിരച്ഛേദം ചെയ്ത യോഹന്നാൻ ആകുന്നു അവൻ; അവൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു” എന്നു പറഞ്ഞു.
17 ഹെരോദാ തന്റെ സഹോദരനായ ഫിലിപ്പോസിന്റെ ഭാര്യ ഹെരോദ്യയെ വിവാഹം ചെയ്തതുകൊണ്ടു അവൾ നിമിത്തം ആളയച്ച്, യോഹന്നാനെ പിടിച്ച് തടവിൽ ആക്കിയിരുന്നു.
18 “സഹോദരന്റെ ഭാര്യയെ സ്വന്തമാക്കുന്നത് നിനക്ക് വിഹിതമല്ല” എന്നു യോഹന്നാൻ ഹെരോദാവോട് പറഞ്ഞിരുന്നു.
19 ഹെരോദ്യയോ അവന്റെ നേരെ പകവച്ച് അവനെ കൊല്ലുവാനും ഇച്ഛിച്ചു; സാധിച്ചില്ല താനും.
20 യോഹന്നാൻ നീതിയും വിശുദ്ധിയുമുള്ള പുരുഷൻ എന്നു ഹെരോദാവ് അറിഞ്ഞ് അവനെ ഭയപ്പെടുകയും അവനെ സംരക്ഷിക്കുകയും ചെയ്തു; അവന്റെ വചനം കേട്ടിട്ട് വളരെ കലങ്ങിയെങ്കിലും സന്തോഷത്തോടെ കേട്ടുപോന്നു.
21 എന്നാൽ ഹെരോദാവ് തന്റെ ജനനോത്സവത്തിൽ തന്റെ മഹത്തുക്കൾക്കും സഹസ്രാധിപന്മാർക്കും ഗലീലയിലെ പ്രമാണികൾക്കും വിരുന്നു കഴിച്ചപ്പോൾ ഹെരോദ്യയ്ക്ക് ഒരു അവസരം ലഭിച്ചു.
22 ഹെരോദ്യയുടെ മകൾ അകത്ത് ചെന്ന് നൃത്തം ചെയ്തു ഹെരോദാവിനെയും വിരുന്നുകാരെയും പ്രസാദിപ്പിച്ച സമയം: “മനസ്സുള്ളത് എന്തെങ്കിലും എന്നോട് ചോദിച്ചു കൊൾക; നിനക്ക് തരാം” എന്നു രാജാവ് ബാലയോടു പറഞ്ഞു.
23 എന്ത് ചോദിച്ചാലും, രാജ്യത്തിൽ പകുതിയോളം ആയാലും നിനക്ക് തരാം എന്നു സത്യം ചെയ്തു.
24 അവൾ പുറത്തിറങ്ങി അമ്മയോട്: “ഞാൻ എന്ത് ചോദിക്കേണം” എന്നു ചോദിച്ചതിന്: “യോഹന്നാൻ സ്നാപകന്റെ തല” എന്നു അവൾ പറഞ്ഞു.
25 ഉടനെ അവൾ ബദ്ധപ്പെട്ടു രാജാവിന്റെ അടുക്കൽ ചെന്ന്: “ഇപ്പോൾ തന്നേ യോഹന്നാൻ സ്നാപകന്റെ തല ഒരു തളികയിൽ തരേണം” എന്നു പറഞ്ഞു.
26 രാജാവ് അതിദുഃഖിതനായി എങ്കിലും തന്റെ ശപഥത്തെയും തന്റെ വിരുന്നുകാരെയും വിചാരിച്ചു അവന് അവളോട് നിഷേധിപ്പാൻ കഴിഞ്ഞില്ല.
27 ഉടനെ രാജാവ് ഒരു അകമ്പടിയെ അയച്ച്, അവന്റെ തല കൊണ്ടുവരുവാൻ കല്പിച്ചു.
28 അവൻ പോയി തടവിൽ അവനെ ശിരച്ഛേദം ചെയ്തു; അവന്റെ തല ഒരു തളികയിൽ കൊണ്ടുവന്നു ബാലയ്ക്കു് കൊടുത്തു; ബാല അമ്മയ്ക്ക് കൊടുത്തു.
29 അവന്റെ ശിഷ്യന്മാർ അത് കേട്ടിട്ട് വന്നു അവന്റെ മൃതശരീരം എടുത്തു ഒരു കല്ലറയിൽ വെച്ച്.
30 അപ്പൊസ്തലന്മാർ യേശുവിന്റെ അടുക്കൽ ഒരുമിച്ചുകൂടി തങ്ങൾ ചെയ്തതും ഉപദേശിച്ചതും എല്ലാം അറിയിച്ചു.
31 വരുന്നവരും പോകുന്നവരും വളരെ ആയിരുന്നതിനാൽ അവർക്ക് വിശ്രമിപ്പാൻ സമയം ലഭിച്ചിരുന്നില്ല, ഭക്ഷിക്കുവാൻ പോലും സമയം ഇല്ലാത്തതുകൊണ്ട് അവൻ അവരോട്: “നിങ്ങൾ ഒരു ഏകാന്തസ്ഥലത്ത് വേറിട്ടുവന്ന് അല്പം ആശ്വസിച്ചുകൊൾവിൻ എന്നു പറഞ്ഞു.
32 അങ്ങനെ അവർ പടകിൽ കയറി ഒരു ഏകാന്ത സ്ഥലത്ത് വേറിട്ടുപോയി.
33 അവർ പോകുന്നത് പലരും കണ്ട്, അറിഞ്ഞ്, എല്ലാ പട്ടണങ്ങളിൽ നിന്നും കാൽനടയായി അവിടേക്ക് ഓടി, അവർക്ക് മുമ്പെ അവിടെ എത്തി.
34 അവൻ പടകിൽ നിന്നു കരയ്ക്കിറങ്ങിയപ്പോൾ വലിയ പുരുഷാരത്തെ കണ്ട്, അവർ ഇടയൻ ഇല്ലാത്ത ആടുകളെപ്പോലെ ആകകൊണ്ട് അവരിൽ മനസ്സലിഞ്ഞ് പലതും ഉപദേശിച്ചു തുടങ്ങി.
35 പിന്നെ നേരം നന്നേ വൈകിയപ്പോൾ, ശിഷ്യന്മാർ അവന്റെ അടുക്കൽ വന്നു; “ഇതു നിർജ്ജനപ്രദേശം അല്ലോ;
36 നേരവും നന്നേ വൈകി; അവർ ചുറ്റുമുള്ള നാട്ടിൻപുറങ്ങളിലും ഗ്രാമങ്ങളിലും ചെന്ന് ഭക്ഷിക്കുവാൻ വല്ലതും വാങ്ങേണ്ടതിന് അവരെ പറഞ്ഞയയ്ക്കണം” എന്നു പറഞ്ഞു.
37 എന്നാൽ അവൻ അവരോട്: “നിങ്ങൾ അവർക്ക് ഭക്ഷിക്കുവാൻ കൊടുക്കുവിൻ എന്നു പറഞ്ഞതിന്: ഞങ്ങൾ പോയി ഇരുനൂറ് വെള്ളിക്കാശിന് അപ്പം കൊണ്ടവന് അവർക്ക് തിന്മാൻ കൊടുക്കുകയോ?” എന്നു അവനോട് പറഞ്ഞു.
38 അവൻ അവരോട്: “നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ട്? ചെന്ന് നോക്കുവിൻ” എന്നു പറഞ്ഞു; അവർ നോക്കിയിട്ട്: “അഞ്ച് അപ്പവും രണ്ടു മീനും ഉണ്ട്” എന്നു പറഞ്ഞു.
39 പിന്നെ അവൻ എല്ലാവരോടും പച്ചപ്പുല്ലിന്മേൽ പന്തിപന്തിയായി ഇരിക്കുവാൻ കല്പിച്ചു.
40 അവർ നൂറും അമ്പതും വീതം പന്തിപന്തിയായി ഇരുന്നു.
41 അവൻ ആ അഞ്ച് അപ്പവും രണ്ടു മീനും എടുത്തു സ്വർഗ്ഗത്തേക്ക് നോക്കി വാഴ്ത്തി, അപ്പം നുറുക്കി, അവർക്ക് വിളമ്പുവാൻ തന്റെ ശിഷ്യന്മാർക്ക് കൊടുത്തു; ആ രണ്ടു മീനും എല്ലാവർക്കും വിഭാഗിച്ചുകൊടുത്തു.
42 അവർ എല്ലാവരും തൃപ്തരാകുന്നതുവരെ കഴിച്ചു.
43 അവർ അപ്പക്കഷണങ്ങളും മീൻനുറുക്കും പന്ത്രണ്ട് കൊട്ട നിറച്ചെടുത്തു.
44 അപ്പം തിന്നവരോ അയ്യായിരം പുരുഷന്മാർ ആയിരുന്നു.
45 താൻ പുരുഷാരത്തെ പറഞ്ഞയയ്ക്കുന്നതിനിടയിൽ തന്റെ ശിഷ്യന്മാരെ ഉടനെ പടക് കയറി തനിക്കുമുമ്പേ അക്കരെ ബേത്ത്സയിദെക്കു നേരെ പോകുവാൻ നിബ്ബന്ധിച്ചു.
46 അവരെ പറഞ്ഞയച്ചശേഷം താൻ പ്രാർത്ഥിക്കുവാൻ മലയിലേക്ക് പോയി.
47 വൈകുന്നേരം ആയപ്പോൾ പടക് കടലിന്റെ നടുവിലും താൻ ഏകനായി കരയിലും ആയിരുന്നു.
48 കാറ്റ് പ്രതികൂലം ആകകൊണ്ട് അവർ തണ്ടുവലിച്ച് വലയുന്നതു അവൻ കണ്ട് ഏകദേശം രാത്രി നാലാം യാമത്തിൽ കടലിന്മേൽ നടന്ന് അവരുടെ അടുക്കൽ ചെന്ന് അവരെ കടന്നുപോകുവാൻ ഭാവിച്ചു.
49 അവൻ കടലിന്മേൽ നടക്കുന്നത് കണ്ടിട്ട് ഭൂതം എന്നു അവർ നിരൂപിച്ചു നിലവിളിച്ചു.
50 എല്ലാവരും അവനെ കണ്ട് ഭ്രമിച്ചിരുന്നു. ഉടനെ അവൻ അവരോട് സംസാരിച്ചു: “ധൈര്യപ്പെടുവിൻ; ഞാൻ തന്നേ ആകുന്നു; ഭയപ്പെടേണ്ടാ” എന്നു പറഞ്ഞു.
51 പിന്നെ അവൻ അവരുടെ അടുക്കൽ ചെന്ന് പടകിൽ കയറി, കാറ്റ് നിന്നു; അവർ ഉള്ളിൽ അത്യന്തം ആശ്ചര്യപ്പെട്ടു.
52 അവരുടെ ഹൃദയം മന്ദീഭവിച്ചിരുന്നതുകൊണ്ട് അപ്പത്തെക്കുറിച്ച് അവർ ഗ്രഹിച്ചില്ല.
53 അവർ അക്കരെ ഗെന്നേസരത്ത് എത്തി പടക് കരയ്ക്കടുപ്പിച്ചു.
മർക്കൊസ് 6 in മലയാളം ബൈബിള്‍