Text copied!
Bibles in Malayalam

പുറപ്പാട് 40:9-33 in Malayalam

Help us?

പുറപ്പാട് 40:9-33 in മലയാളം ബൈബിള്‍

9 അഭിഷേകതൈലം എടുത്ത് തിരുനിവാസവും അതിലുള്ള സകലവും അഭിഷേകം ചെയ്ത് അതും അതിന്റെ ഉപകരണങ്ങളൊക്കെയും ശുദ്ധീകരിക്കണം; അതു വിശുദ്ധമായിരിക്കണം.
10 ഹോമയാഗപീഠവും അതിന്റെ എല്ലാ ഉപകരണങ്ങളും അഭിഷേകം ചെയ്ത് യാഗപീഠം ശുദ്ധീകരിക്കണം; യാഗപീഠം അതിവിശുദ്ധമായിരിക്കണം.
11 തൊട്ടിയും അതിന്റെ കാലും അഭിഷേകം ചെയ്ത് ശുദ്ധീകരിക്കണം.
12 അഹരോനെയും പുത്രന്മാരെയും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ കൊണ്ടുവന്ന് അവരെ വെള്ളംകൊണ്ടു കഴുകണം.
13 അഹരോനെ വിശുദ്ധവസ്ത്രം ധരിപ്പിച്ച്, എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് അവനെ അഭിഷേകം ചെയ്ത് ശുദ്ധീകരിക്കണം.
14 അവന്റെ പുത്രന്മാരെ വരുത്തി അങ്കി ധരിപ്പിച്ച്,
15 എനിക്ക് പുരോഹിത ശുശ്രൂഷ ചെയ്യേണ്ടതിന് അവരുടെ അപ്പനെ അഭിഷേകം ചെയ്തതുപോലെ അവരെയും അഭിഷേകം ചെയ്യണം; അവരുടെ അഭിഷേകം ഹേതുവായി അവർക്ക് തലമുറതലമുറയോളം നിത്യപൌരോഹിത്യം ഉണ്ടായിരിക്കണം.”
16 മോശെ അങ്ങനെ ചെയ്തു; യഹോവ തന്നോട് കല്പിച്ചതുപോലെ എല്ലാം അവൻ ചെയ്തു.
17 ഇങ്ങനെ രണ്ടാം വർഷം ഒന്നാം മാസം ഒന്നാം തീയതി തിരുനിവാസം നിവർത്തി.
18 മോശെ തിരുനിവാസം നിവർക്കുകയും അതിന്റെ ചുവട് ഉറപ്പിക്കുകയും പലക നിറുത്തുകയും അന്താഴം ചെലുത്തുകയും തൂൺ നാട്ടുകയും ചെയ്തു.
19 അവൻ മൂടുവിരി തിരുനിവാസത്തിന്മേൽ വിരിച്ചു. അതിന്മീതെ മൂടുവിരിയുടെ പുറമൂടിയും വിരിച്ചു; യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ.
20 അവൻ സാക്ഷ്യം എടുത്ത് പെട്ടകത്തിൽ വച്ചു; പെട്ടകത്തിന് തണ്ടുകൾ ഇട്ടു.പെട്ടകത്തിന് മീതെ കൃപാസനം വച്ചു.
21 പെട്ടകം തിരുനിവാസത്തിൽ കൊണ്ടുവന്നു. മറയുടെ തിരശ്ശീല തൂക്കി സാക്ഷ്യപെട്ടകം മറച്ചു; യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ ചെയ്തു.
22 സമാഗമനകൂടാരത്തിൽ തിരുനിവാസത്തിന്റെ വടക്കുവശത്ത് തിരശ്ശീലയ്ക്ക് പുറത്തായി മേശവച്ചു.
23 അതിന്മേൽ യഹോവയുടെ സന്നിധിയിൽ അപ്പം അടുക്കിവച്ചു; യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ ചെയ്തു.
24 സമാഗമനകൂടാരത്തിൽ മേശയ്ക്ക് നേരെ തിരുനിവാസത്തിന്റെ തെക്കുവശത്ത് നിലവിളക്ക് വയ്ക്കുകയും യഹോവയുടെ സന്നിധിയിൽ ദീപം കൊളുത്തുകയും ചെയ്തു;
25 യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ ചെയ്തു.
26 സമാഗമനകൂടാരത്തിൽ തിരശ്ശീലയുടെ മുൻവശത്ത് പൊന്നുകൊണ്ടുള്ള ധൂപപീഠം വയ്ക്കുകയും അതിന്മേൽ സുഗന്ധധൂപവർഗ്ഗം പുകയ്ക്കുകയും ചെയ്തു;
27 യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ ചെയ്തു.
28 അവൻ തിരുനിവാസത്തിന്റെ വാതിലിനുള്ള മറശ്ശീല തൂക്കിയിട്ടു.
29 ഹോമയാഗപീഠം സമാഗമനകൂടാരമെന്ന തിരുനിവാസത്തിന്റെ വാതിലിന് മുൻവശത്ത് വയ്ക്കുകയും അതിന്മേൽ ഹോമയാഗവും ഭോജനയാഗവും അർപ്പിക്കുകയും ചെയ്തു. യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ ചെയ്തു.
30 സമാഗമനകൂടാരത്തിനും യാഗപീഠത്തിനും നടുവിൽ അവൻ തൊട്ടിവയ്ക്കുകയും കഴുകേണ്ടതിന് അതിൽ വെള്ളം ഒഴിക്കുകയും ചെയ്തു.
31 മോശെയും അഹരോനും അവന്റെ പുത്രന്മാരും അതിൽ കയ്യും കാലും കഴുകി.
32 അവർ സമാഗമനകൂടാരത്തിൽ കടക്കുമ്പോഴും യാഗപീഠത്തിൽ ചെല്ലുമ്പോഴും കൈകാലുകൾ കഴുകും; യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ ചെയ്തു.
33 അവൻ തിരുനിവാസത്തിനും യാഗപീഠത്തിനും ചുറ്റം പ്രാകാരം നിർമ്മിച്ചു; പ്രാകാരവാതിലിന്റെ മറശ്ശീല തൂക്കിയിട്ടു. ഇങ്ങനെ മോശെയുടെ പ്രവൃത്തി സമാപിച്ചു.
പുറപ്പാട് 40 in മലയാളം ബൈബിള്‍