Text copied!
Bibles in Malayalam

ന്യായാധിപന്മാർ 7:5-19 in Malayalam

Help us?

ന്യായാധിപന്മാർ 7:5-19 in മലയാളം ബൈബിള്‍

5 അങ്ങനെ അവൻ ജനത്തെ വെള്ളത്തിങ്കലേക്ക് കൊണ്ടുപോയി; യഹോവ ഗിദെയോനോട്: പട്ടി കുടിക്കുംപോലെ നാവുകൊണ്ട് വെള്ളം നക്കി കുടിക്കുന്നവരെയൊക്കെ വേറെയും, കുടിപ്പാൻ മുട്ടുകുത്തി കുനിയുന്നവരെയൊക്കെ വേറെയും മാറ്റിനിർത്തുക എന്ന് കല്പിച്ചു.
6 കൈ വായ്ക്കു വെച്ച് നക്കിക്കുടിച്ചവർ ആകെ മുന്നൂറുപേർ ആയിരുന്നു; ശേഷം ജനമൊക്കെയും വെള്ളം കുടിപ്പാൻ മുട്ടുകുത്തി കുനിഞ്ഞു.
7 യഹോവ ഗിദെയോനോട്: നക്കിക്കുടിച്ച മുന്നൂറു പേരെക്കൊണ്ട് ഞാൻ നിങ്ങളെ രക്ഷിച്ച് മിദ്യാന്യരെ നിന്റെ കയ്യിൽ ഏല്പിക്കും; ശേഷം ജനമൊക്കെയും തങ്ങളുടെ സ്ഥലങ്ങളിലേക്ക് മടങ്ങി പോകട്ടെ എന്നു കല്പിച്ചു.
8 അങ്ങനെ ജനം ഭക്ഷണസാധനങ്ങളും കാഹളങ്ങളും എടുത്തു; ശേഷം യിസ്രായേല്യരെ അവൻ വീട്ടിലേക്കു പറഞ്ഞയക്കയും ആ മുന്നൂറുപേരെ കൂടെ നിർത്തുകയും ചെയ്തു. എന്നാൽ മിദ്യാന്യരുടെ പാളയം താഴെ സമഭൂമിയിൽ ആയിരുന്നു.
9 അന്നു രാത്രി യഹോവ അവനോട് കല്പിച്ചത്: എഴുന്നേറ്റ് പാളയത്തിന്റെ നേരെ ഇറങ്ങിച്ചെല്ലുക; ഞാൻ അത് നിനക്ക് ഏല്പിച്ചിരിക്കുന്നു.
10 ഇറങ്ങിച്ചെല്ലുവാൻ നിനക്ക് പേടിയുണ്ടെങ്കിൽ നീ നിന്റെ ബാല്യക്കാരൻ പൂരയുമായി പാളയത്തിലേക്കു ഇറങ്ങിച്ചെല്ലുക.
11 എന്നാൽ അവർ സംസാരിക്കുന്നത് എന്തെന്ന് നീ കേൾക്കും; അതിന്റെ ശേഷം പാളയത്തിന്റെ നേരെ ഇറങ്ങിച്ചെല്ലുവാൻ നിനക്ക് ധൈര്യം ഉണ്ടാകും. അങ്ങനെ അവനും അവന്റെ ബാല്യക്കാരനായ പൂരയും കൂടി സൈനിക താവളത്തിന് സമീപത്തോളം ഇറങ്ങിച്ചെന്നു.
12 എന്നാൽ മിദ്യാന്യരും അമാലേക്യരും കിഴക്കെ ദേശക്കാരൊക്കെയും വെട്ടുക്കിളി പോലെ അസംഖ്യമായി താഴ്വരയിൽ കിടന്നിരുന്നു; അവരുടെ ഒട്ടകങ്ങളും കടൽക്കരയിലെ മണൽപോലെ അനേകം ആയിരുന്നു.
13 ഗിദെയോൻ ചെല്ലുമ്പോൾ ഒരാൾ മറ്റൊരാളോട് ഒരു സ്വപ്നം വിവരിക്കയായിരുന്നു: ഞാൻ ഒരു സ്വപ്നം കണ്ടു; ഒരു യവത്തപ്പം അപ്രതീക്ഷിതമായി മിദ്യാന്യരുടെ പാളയത്തിലേക്ക് ഉരുണ്ടു വന്ന് കൂടാരംവരെ എത്തി അതിനെ തള്ളി മറിച്ചിട്ടു അങ്ങനെ കൂടാരം വീണുകിടന്നു എന്ന് പറഞ്ഞു. അതിന്നു മറ്റവൻ:
14 ഇത് യിസ്രയേല്യൻ യോവാശിന്റെ മകനായ ഗിദെയോന്റെ വാളല്ലാതെ മറ്റൊന്നുമല്ല; ദൈവം മിദ്യാനെയും ഈ പാളയത്തെ ഒക്കെയും അവന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു.
15 ഗിദെയോൻ സ്വപ്നവും അർഥവും കേട്ടപ്പോൾ നമസ്കരിച്ചു; യിസ്രായേലിന്റെ പാളയത്തിൽ മടങ്ങിച്ചെന്നു: എഴുന്നേല്പിൻ, യഹോവ മിദ്യാന്റെ പാളയത്തെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്ന് പറഞ്ഞു.
16 അനന്തരം അവൻ ആ മുന്നൂറുപേരെ മൂന്നു കൂട്ടമായി വിഭാഗിച്ചു ഓരോരുത്തന്റെ കയ്യിൽ ഓരോ കാഹളവും വെറും കുടവും, കുടത്തിന്നകത്തു ഓരോ പന്തവും കൊടുത്തു; അനന്തരം അവരോടു പറഞ്ഞത്;
17 “ഞാൻ ചെയ്യുന്നത് നോക്കി അങ്ങനെതന്നെ ചെയ്‌വിൻ; പാളയത്തിന്റെ അറ്റത്തു എത്തുമ്പോൾ ഞാൻ ചെയ്യുന്നതുപോലെ നിങ്ങളും ചെയ്‌വിൻ.
18 ഞാനും എന്നോടുകൂടെയുള്ളവരും കാഹളം ഊതുമ്പോൾ, നിങ്ങളും പാളയത്തിന്റെ ചുറ്റും നിന്ന് കാഹളം ഊതി: ‘യഹോവയുടെയും ഗിദെയോന്റെയും വാൾ’ എന്ന് ആർക്കുവിൻ”.
19 മദ്ധ്യയാമത്തിന്റെ ആരംഭത്തിൽ അവർ കാവൽ മാറി നിർത്തിയ ഉടനെ ഗിദെയോനും കൂടെയുള്ള നൂറുപേരും പാളയത്തിന്റെ അറ്റത്ത് എത്തി കാഹളം ഊതി കയ്യിൽ ഉണ്ടായിരുന്ന കുടങ്ങൾ ഉടെച്ചു.
ന്യായാധിപന്മാർ 7 in മലയാളം ബൈബിള്‍