Text copied!
Bibles in Malayalam

ന്യായാധിപന്മാർ 20:30-44 in Malayalam

Help us?

ന്യായാധിപന്മാർ 20:30-44 in മലയാളം ബൈബിള്‍

30 യിസ്രായേൽമക്കൾ മൂന്നാം ദിവസവും ബെന്യാമീന്യരുടെ നേരെ പുറപ്പെട്ട് മുമ്പിലത്തെപ്പോലെ ഗിബെയയുടെ നേരെ പടെക്ക് അണിനിരന്നു.
31 ബെന്യാമീന്യർ ജനത്തിന്റെ നേരെ പുറപ്പെട്ട് പട്ടണം വിട്ട് പുറത്തായി; ബേഥേലിലേക്കും ഗിബെയയിലേക്കും പോകുന്ന രണ്ട് പെരുവഴികളിലും,വയലിലും മുമ്പിലത്തെപ്പോലെ സംഹാരം നടത്തി; യിസ്രായേലിൽ ഏകദേശം മുപ്പത് പേരെ കൊന്നു.
32 “അവർ മുമ്പിലത്തെപ്പോലെ നമ്മുടെ മുമ്പിൽ തോറ്റോടുന്നു ” എന്ന് ബെന്യാമീന്യർ പറഞ്ഞു. യിസ്രായേൽമക്കളോ: “നാം ഓടി ,അവരെ പട്ടണത്തിൽനിന്ന് പെരുവഴികളിലേക്ക് ആകർഷിക്കാം” എന്ന് പറഞ്ഞു.
33 യിസ്രായേല്യർ തങ്ങളുടെ സ്ഥലത്തുനിന്ന് പുറപ്പെട്ടു ബാൽ-താമാരിൽ പടെക്ക് അണിനിരന്നു; യിസ്രായേല്യരുടെ പതിയിരിപ്പുകാരും ഗിബെയയുടെ പുല്പുറത്തേക്ക് പുറപ്പെട്ടു.
34 എല്ലാ യിസ്രായേലിൽ നിന്നും തിരഞ്ഞെടുത്തിരുന്ന പതിനായിരം പേർ ഗിബെയയുടെ നേരെ ചെന്നു; പട കഠിനമായി മുറുകി; എങ്കിലും ആപത്ത് അവരുടെ മേൽ വരുന്നു എന്ന് ബെന്യാമീന്യർ അറിഞ്ഞില്ല.
35 യഹോവ ബെന്യാമീന്യരെ യിസ്രായേലിന്റെ മുമ്പിൽ തോല്ക്കുമാറാക്കി; അന്ന് യിസ്രായേൽമക്കൾ ബെന്യാമീന്യരിൽ ആയുധപാണികളായ ഇരുപത്തി അയ്യായിരത്തി ഒരുനൂറ് പേരെ സംഹരിച്ചു.
36 ഇങ്ങനെ തങ്ങൾ തോറ്റു എന്ന് ബെന്യാമീന്യർ കണ്ടു; എന്നാൽ യിസ്രായേല്യർ, ഗിബെയെക്കരികെ പതിയിരിപ്പുകാരെ ആക്കിയിരുന്നു; അവരെ വിശ്വസിച്ച് യിസ്രായേല്യർ പിൻവാങ്ങി, ബെന്യാമീന്യർക്ക് സ്ഥലം കൊടുത്തു.
37 ഉടനെ പതിയിരിപ്പുകാർ ഗിബെയയിൽ പാഞ്ഞുകയറി, പട്ടണത്തെയൊക്കെയും വാളിന്റെ വായ്ത്തലയാൽ സംഹരിച്ചുകളഞ്ഞു.
38 പട്ടണത്തിൽനിന്ന് അടയാളമായിട്ട് ഒരു വലിയ പുക ഉയരുമാറാക്കേണമെന്ന് യിസ്രായേല്യർ പതിയിരിപ്പുകാരുമായി ഒരു ധാരണ ഉണ്ടാക്കിയിരുന്നു.
39 അവർ പടയിൽ നിന്ന് പിൻവാങ്ങിയപ്പോൾ ബെന്യാമീന്യർ യിസ്രായേല്യരിൽ ഏകദേശം മുപ്പത് പേരെ വെട്ടിക്കൊന്നു; മുമ്പിലത്തെപ്പോലെ അവർ നമ്മുടെ മുമ്പിൽ തോറ്റോടുന്നു എന്ന് അവർ പറഞ്ഞു.
40 എന്നാൽ പട്ടണത്തിൽനിന്ന് ഒരു വലിയ പുകത്തൂൺ പൊങ്ങിത്തുടങ്ങിയപ്പോൾ, ബെന്യാമീന്യർ പുറകോട്ട് നോക്കി; പട്ടണം മുഴുവനും ആകാശത്തോളം കത്തിപ്പൊങ്ങുന്നത് കണ്ടു.
41 യിസ്രായേല്യർ തിരികെ വന്നപ്പോൾ ബെന്യാമീന്യർ ഭയപരവശരായി; തങ്ങൾക്ക് ആപത്തു ഭവിച്ചു എന്ന് അവർ കണ്ടു.
42 അവർ യിസ്രായേൽമക്കളുടെ മുമ്പിൽനിന്ന് മരുഭൂമിയിലേക്ക് തിരിഞ്ഞു; യിസ്രായേല്യർ അവർക്ക് മുമ്പായി പോയി; പട്ടണങ്ങളിൽനിന്ന് പുറത്ത് വന്നവരെ അവർ അതത് പട്ടണത്തിന്റെ മദ്ധ്യേവെച്ച് സംഹരിച്ചു.
43 അവർ ബെന്യാമീന്യരെ വളഞ്ഞ് കിഴക്കോട്ട് ഓടിച്ച് ഗിബെയയുടെ സമീപം വരെ എത്തിച്ച് വേഗത്തിൽ അവരെ കീഴടക്കി.
44 അങ്ങനെ ബെന്യാമീന്യരിൽ പതിനെണ്ണായിരം പരാക്രമശാലികൾ പട്ടുപോയി.
ന്യായാധിപന്മാർ 20 in മലയാളം ബൈബിള്‍