Text copied!
Bibles in Malayalam

ന്യായാധിപന്മാർ 13:2-24 in Malayalam

Help us?

ന്യായാധിപന്മാർ 13:2-24 in മലയാളം ബൈബിള്‍

2 എന്നാൽ ദാൻഗോത്രത്തിൽ ,സോരഹിൽ നിന്നുള്ള ഒരു പുരുഷൻ ഉണ്ടായിരുന്നു; അവന്റെ പേർ മാനോഹ എന്നായിരുന്നു; അവന്റെ ഭാര്യ മച്ചിയായിരുന്നതിനാൽ പ്രസവിച്ചിരുന്നില്ല.
3 ആ സ്ത്രീക്ക് യഹോവയുടെ ദൂതൻ പ്രത്യക്ഷനായി അവളോട് പറഞ്ഞത് ‘നീ മച്ചിയല്ലോ, പ്രസവിച്ചിട്ടുമില്ല; എങ്കിലും നീ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിക്കും.
4 ആകയാൽ നീ സൂക്ഷിച്ചുകൊൾക, വീഞ്ഞും മദ്യവും കുടിക്കരുത്; അശുദ്ധമായതൊന്നും തിന്നുകയുമരുത്.
5 നീ ഗർഭംധരിച്ച് ഒരു മകനെ പ്രസവിക്കും; അവന്റെ തലയിൽ ക്ഷൗരക്കത്തി തൊടുവിക്കരുത്; ബാലൻ ഗർഭം മുതൽ ദൈവത്തിന് നാസീരായിരിക്കും; അവൻ യിസ്രായേലിനെ ഫെലിസ്ത്യരുടെ കയ്യിൽനിന്ന് രക്ഷിപ്പാൻ തുടങ്ങും”.
6 സ്ത്രീ ചെന്ന് ഭർത്താവിനോട് പറഞ്ഞത് “ഒരു ദൈവപുരുഷൻ എന്റെ അടുക്കൽ വന്നു; അവന്റെ മുഖം ഒരു ദൈവദൂതന്റെ മുഖം പോലെ അതിഭയങ്കരം ആയിരുന്നു; അവൻ എവിടെനിന്നാണെന്ന് ഞാൻ അവനോട് ചോദിച്ചില്ല; തന്റെ പേർ അവൻ എന്നോട് പറഞ്ഞതും ഇല്ല.
7 അവൻ എന്നോട് നീ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിക്കും; ആകയാൽ നീ വീഞ്ഞും മദ്യവും കുടിക്കരുത്; അശുദ്ധമായതൊന്നും തിന്നുകയും അരുത്; ബാലൻ ഗർഭംമുതൽ ജീവപര്യന്തം ദൈവത്തിന് നാസീരായിരിക്കും“ എന്ന് പറഞ്ഞു.
8 മാനോഹ യഹോവയോട് പ്രാർത്ഥിച്ചു: “കർത്താവേ, അങ്ങ് അയച്ച ദൈവപുരുഷൻ വീണ്ടും ഞങ്ങളുടെ അടുക്കൽ വന്ന്, ജനിപ്പാനിരിക്കുന്ന ബാലന്റെ കാര്യത്തിൽ ഞങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ ഞങ്ങൾക്ക് ഉപദേശിച്ച് തരേണമേ “എന്ന് പറഞ്ഞു.
9 ദൈവം മാനോഹയുടെ പ്രാർത്ഥന കേട്ടു; അവൾ വയലിൽ ഇരിക്കുമ്പോൾ ദൈവദൂതൻ വീണ്ടും അവളുടെ അടുക്കൽ വന്നു; അപ്പോൾ അവളുടെ ഭർത്താവ് മാനോഹ കൂടെ ഉണ്ടായിരുന്നില്ല.
10 ഉടനെ അവൾ ഓടിച്ചെന്ന് ഭർത്താവിനെ അറിയിച്ചു; “അന്ന് എന്റെ അടുക്കൽ വന്ന ആൾ ഇതാ, എനിക്ക് പ്രത്യക്ഷനായിരിക്കുന്നു“ എന്ന് അവനോട് പറഞ്ഞു.
11 മാനോഹ എഴുന്നേറ്റ് ഭാര്യയോടു കൂടെ ചെന്ന് ആ പുരുഷന്റെ അടുക്കൽ എത്തി; “അങ്ങാണോ ഈ സ്ത്രീയോടു സംസാരിച്ച ആൾ? “എന്ന് ചോദിച്ചപ്പോൾ “ഞാൻ തന്നേ“ എന്ന് ആ ആൾ മറുപടി പറഞ്ഞു.
12 മാനോഹ അവനോട്: “അങ്ങയുടെ വചനം നിവൃത്തിയാകുമ്പോൾ ബാലന്റെ ജീവിതത്തെക്കുറിച്ചും അവന്റെ പ്രവൃത്തിയെക്കുറിച്ചും ഞങ്ങൾ ആചരിക്കേണ്ട ചട്ടങ്ങൾ എന്തെല്ലാമാണ്?“ എന്ന് ചോദിച്ചു.
13 യഹോവയുടെ ദൂതൻ മാനോഹയോട് “ഞാൻ സ്ത്രീയോട് പറഞ്ഞതൊക്കെയും അവൾ സൂക്ഷിച്ചുകൊള്ളട്ടെ.
14 മുന്തിരിവള്ളിയിൽ ഉണ്ടാകുന്ന യാതൊന്നും അവൾ തിന്നരുത്; വീഞ്ഞും മദ്യവും കുടിക്കരുത്; അശുദ്ധമായതൊന്നും തിന്നുകയും അരുത്; ഞാൻ അവളോട് കല്പിച്ചതൊക്കെയും അവൾ ആചരിക്കേണം “എന്ന് പറഞ്ഞു.
15 മാനോഹ യഹോവയുടെ ദൂതനോട്: “ഞങ്ങൾ ഒരു കോലാട്ടിൻകുട്ടിയെ അങ്ങേയ്ക്കായി പാകം ചെയ്യും വരെ താമസിക്കേണമേ “എന്ന് പറഞ്ഞു.
16 യഹോവയുടെ ദൂതൻ മാനോഹയോട്: “നീ എന്നെ താമസിപ്പിച്ചാലും ഞാൻ നിന്റെ ആഹാരം കഴിക്കയില്ല; ഒരു ഹോമയാഗം കഴിക്കുമെങ്കിൽ, അതു യഹോവയ്ക്ക് കഴിച്ചുകൊൾക “എന്ന് പറഞ്ഞു. അവൻ യഹോവയുടെ ദൂതൻ എന്ന് മാനോഹ അറിഞ്ഞിരുന്നില്ല.
17 മാനോഹ യഹോവയുടെ ദൂതനോട്: “ഈ വചനം നിവൃത്തിയാകുമ്പോൾ ഞങ്ങൾ അങ്ങയെ ബഹുമാനിക്കേണ്ടതിന് അങ്ങയുടെ പേരെന്ത്“ എന്ന് ചോദിച്ചു.
18 യഹോവയുടെ ദൂതൻ അവനോട് “എന്റെ പേർ ചോദിക്കുന്നത് എന്ത്? അത് അതിശയമുള്ളത് “എന്ന് പറഞ്ഞു.
19 അങ്ങനെ മാനോഹ ഒരു കോലാട്ടിൻകുട്ടിയെയും ഭോജനയാഗത്തെയും കൊണ്ടുവന്ന് ഒരു പാറമേൽ യഹോവയ്ക്ക് യാഗം കഴിച്ചു; മാനോഹയും ഭാര്യയും നോക്കിക്കൊണ്ടിരിക്കെ യഹോവയുടെ ദൂതൻ ഒരു അതിശയം പ്രവർത്തിച്ചു.
20 അഗ്നിജ്വാല യാഗപീഠത്തിന്മേൽ നിന്ന് ആകാശത്തിലേക്ക് പൊങ്ങിയപ്പോൾ യഹോവയുടെ ദൂതൻ യാഗപീഠത്തിന്റെ ജ്വാലയോടുകൂടെ കയറിപ്പോയി; മാനോഹയും ഭാര്യയും കണ്ടു ,സാഷ്ടാംഗം വീണു.
21 യഹോവയുടെ ദൂതൻ മാനോഹെക്കും ഭാര്യക്കും പിന്നെ പ്രത്യക്ഷനായില്ല; അങ്ങനെ അത് യഹോവയുടെ ദൂതൻ എന്ന് മാനോഹ അറിഞ്ഞു.
22 “ദൈവത്തെ കണ്ടതുകൊണ്ട് നാം മരിച്ചുപോകും “എന്ന് മാനോഹ ഭാര്യയോട് പറഞ്ഞു.
23 ഭാര്യ അവനോട് “നമ്മെ കൊല്ലുവാൻ യഹോവയ്ക്ക് ഇഷ്ടമായിരുന്നു എങ്കിൽ, യഹോവ നമ്മുടെ ഹോമയാഗവും ഭോജനയാഗവും കൈക്കൊൾകയോ, ഇവ ഒക്കെയും നമുക്ക് കാണിച്ചുതരികയോ, ഇപ്പോൾ ഈ കാര്യങ്ങൾ നമ്മെ അറിയിക്കയോ ചെയ്കയില്ലായിരുന്നു“ എന്ന് പറഞ്ഞു.
24 അനന്തരം സ്ത്രീ ഒരു മകനെ പ്രസവിച്ചു, അവന് ശിംശോൻ എന്ന് പേരിട്ടു; ബാലൻ വളർന്നു; യഹോവ അവനെ അനുഗ്രഹിച്ചു.
ന്യായാധിപന്മാർ 13 in മലയാളം ബൈബിള്‍