10 അബ്രാഹാം ഹിത്യരോടു വിലയ്ക്കു വാങ്ങിയ നിലത്തു തന്നെ; അവിടെ അബ്രാഹാമിനെയും അവന്റെ ഭാര്യയായ സാറായെയും അടക്കം ചെയ്തു.
11 അബ്രാഹാം മരിച്ചശേഷം ദൈവം അവന്റെ മകനായ യിസ്ഹാക്കിനെ അനുഗ്രഹിച്ചു; യിസ്ഹാക്ക് ബേർലഹയിരോയീക്കരികെ വസിച്ചു.
12 സാറായുടെ ഈജിപ്റ്റുകാരിയായ ദാസി ഹാഗാർ അബ്രാഹാമിനു പ്രസവിച്ച മകനായ യിശ്മായേലിന്റെ വംശപാരമ്പര്യം:
13 അവരുടെ ജനനക്രമം അനുസരിച്ച് പേരുപേരായി യിശ്മായേലിന്റെ പുത്രന്മാരുടെ പേരുകൾ ഇവയാണ്: യിശ്മായേലിന്റെ ആദ്യജാതൻ നെബായോത്ത്,
14 കേദാർ, അദ്ബെയേൽ, മിബ്ശാം, മിശ്മാ, ദൂമാ,
15 മശ്ശാ, ഹദാദ്, തേമാ, യെതൂർ, നാഫീശ്, കേദെമാ.
16 പന്ത്രണ്ടു പ്രഭുക്കന്മാരായ യിശ്മായേലിന്റെ പുത്രന്മാർ അവരുടെ ഗ്രാമങ്ങളിലും പാളയങ്ങളിലും വംശംവംശമായി ഇവർ ആകുന്നു; അവരുടെ പേരുകൾ ഇവ തന്നെ.
17 യിശ്മായേലിന്റെ ആയുഷ്കാലം നൂറ്റി മുപ്പത്തേഴു വർഷം ആയിരുന്നു; അവൻ മരിച്ചു, തന്റെ ജനത്തോടു ചേർന്നു.
18 ഹവീലായിൽ നിന്ന് അശ്ശൂരിലേക്കു പോകുന്ന വഴിയിൽ ഈജിപ്റ്റിനു കിഴക്കുള്ള ശൂർവരെ അവർ പാർത്തിരുന്നു; അവർ ചാർച്ചക്കാരിൽ നിന്നെല്ലാം അകന്നാണു ജീവിച്ചത്.
19 അബ്രാഹാമിന്റെ മകനായ യിസ്ഹാക്കിന്റെ വംശപാരമ്പര്യമാണിത്: അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു.
20 യിസ്ഹാക്കിനു നാല്പതു വയസ്സായപ്പോൾ അവൻ പദ്ദൻ-അരാമിലുള്ള അരാമ്യനായ ബെഥൂവേലിന്റെ പുത്രിയും അരാമ്യനായ ലാബാന്റെ സഹോദരിയുമായ റിബെക്കയെ ഭാര്യയായി സ്വീകരിച്ചു.
21 തന്റെ ഭാര്യ മച്ചിയായിരുന്നതുകൊണ്ട് യിസ്ഹാക്ക് അവൾക്കുവേണ്ടി യഹോവയോടു പ്രാർത്ഥിച്ചു; യഹോവ അവന്റെ പ്രാർത്ഥന കേട്ടു; അവന്റെ ഭാര്യ റിബെക്കാ ഗർഭംധരിച്ചു.
22 അവളുടെ ഉള്ളിൽ ശിശുക്കൾ തമ്മിൽ തിക്കിയപ്പോൾ അവൾ: “ഇങ്ങനെയായാൽ ഞാൻ എങ്ങനെ ജീവിക്കും” എന്നു പറഞ്ഞ്, യഹോവയോടു ചോദിക്കുവാൻ പോയി.
23 യഹോവ അവളോട്: “രണ്ടു വംശങ്ങൾ നിന്റെ ഉദരത്തിൽ ഉണ്ട്. രണ്ടു വംശങ്ങൾ നിന്റെ ഉദരത്തിൽനിന്നു തന്നെ പിരിയും; ഒരു വംശം മറ്റേ വംശത്തിലും ശക്തിപ്പെടും മൂത്തവൻ ഇളയവനെ സേവിക്കും” എന്ന് അരുളിച്ചെയ്തു.
24 അവൾക്കു പ്രസവകാലം തികഞ്ഞപ്പോൾ ഇരട്ടകുട്ടികൾ അവളുടെ ഗർഭത്തിൽ ഉണ്ടായിരുന്നു.
25 ഒന്നാമത്തവൻ ചുവന്നവനായി പുറത്തുവന്നു, ശരീരം മുഴുവനും രോമംകൊണ്ടുള്ള വസ്ത്രംപോലെ ആയിരുന്നു; അവർ അവന് ഏശാവ് എന്നു പേരിട്ടു.
26 പിന്നെ അവന്റെ സഹോദരൻ പുറത്തുവന്നു; അവന്റെ കൈ ഏശാവിന്റെ കുതികാൽ പിടിച്ചിരുന്നു; അവന് യാക്കോബ് എന്നു പേരിട്ടു. അവൾ അവരെ പ്രസവിച്ചപ്പോൾ യിസ്ഹാക്കിന് അറുപതു വയസ്സായിരുന്നു.
27 കുട്ടികൾ വളർന്നു; ഏശാവ് വേട്ടയിൽ സമർത്ഥനും കാനന സഞ്ചാരിയും യാക്കോബ് ശാന്തശീലനും കൂടാരവാസിയും ആയിരുന്നു.
28 ഏശാവിന്റെ വേട്ടയിറച്ചിയിൽ രുചി പിടിച്ചിരുന്നതുകൊണ്ട് യിസ്ഹാക്ക് അവനെ സ്നേഹിച്ചു; റിബെക്കയോ യാക്കോബിനെ സ്നേഹിച്ചു.
29 ഒരിക്കൽ യാക്കോബ് ഒരു പായസം വച്ചു; ഏശാവ് വെളിമ്പ്രദേശത്തുനിന്നു വന്നു; അവൻ വളരെ ക്ഷീണിതനായിരുന്നു.
30 ഏശാവ് യാക്കോബിനോട്: “ആ ചുവന്ന പായസം കുറെ എനിക്കു തരേണം; ഞാൻ വളരെ ക്ഷീണിച്ചിരിക്കുന്നു” എന്നു പറഞ്ഞു. അതുകൊണ്ട് അവന് ഏദോം (ചുവന്നവൻ) എന്നു പേരായി.
31 “നിന്റെ ജ്യേഷ്ഠാവകാശം ഇന്ന് എനിക്കു വില്ക്കുക” എന്നു യാക്കോബ് പറഞ്ഞു.
32 അതിന് ഏശാവ്: “ഞാൻ മരിക്കേണ്ടിവരുമല്ലോ; ഈ ജ്യേഷ്ഠാവകാശം എനിക്ക് എന്തിന് എന്നു പറഞ്ഞു.
33 “ഇന്ന് എന്നോട് സത്യം ചെയ്ക” എന്നു യാക്കോബ് പറഞ്ഞു. അവൻ അവനോട് സത്യം ചെയ്തു; തന്റെ ജ്യേഷ്ഠാവകാശം യാക്കോബിനു വിറ്റു.
34 യാക്കോബ് ഏശാവിന് അപ്പവും പയറുകൊണ്ടുള്ള പായസവും കൊടുത്തു; അവൻ ഭക്ഷിച്ചു പാനം ചെയ്ത്, എഴുന്നേറ്റുപോയി; ഇങ്ങനെ ഏശാവ് ജ്യേഷ്ഠാവകാശത്തെ അലക്ഷ്യമാക്കിക്കളഞ്ഞു