Text copied!
Bibles in Malayalam

അപ്പൊ. പ്രവൃത്തികൾ 17:8-22 in Malayalam

Help us?

അപ്പൊ. പ്രവൃത്തികൾ 17:8-22 in മലയാളം ബൈബിള്‍

8 ഇത് കേട്ടിട്ട് പുരുഷാരവും നഗരാധിപന്മാരും അസ്വസ്ഥരായി.
9 പിന്നീട് യാസോൻ മുതലായവരോട് ജാമ്യം വാങ്ങി അവരെ വിട്ടയച്ചു.
10 സഹോദരന്മാർ ഉടനെ, രാത്രിയിൽ തന്നെ, പൗലൊസിനെയും ശീലാസിനെയും ബെരോവയ്ക്ക് പറഞ്ഞയച്ചു. അവിടെ എത്തിയപ്പോൾ അവർ യെഹൂദന്മാരുടെ പള്ളിയിൽ പോയി.
11 അവർ തെസ്സലോനിക്യയിലുള്ളവരേക്കാൾ ഉന്നത ചിന്താശീലം ഉള്ളവർ ആയിരുന്നു. അവർ ശ്രദ്ധിക്കുന്ന വചനം പൂർണ്ണജാഗ്രതയോടെ സ്വീകരിക്കുക മാത്രമല്ല അത് അങ്ങനെ തന്നെയോ എന്ന് ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു.
12 സമൂഹത്തിൽ സ്വാധീനം ഉള്ള ചില മാന്യരായ യവനസ്ത്രീകളിലും പുരുഷന്മാരിലും അനേകരും വിശ്വസിച്ചു.
13 പൗലൊസ് ബെരോവയിലും ദൈവവചനം അറിയിച്ചത് തെസ്സലോനിക്യയിലെ യെഹൂദന്മാർ അറിഞ്ഞ് അവിടെയും വന്ന് പുരുഷാരത്തിനിടയിൽ ഭിന്നത ഉളവാക്കി ഭ്രമിപ്പിച്ചു.
14 ഉടനെ സഹോദരന്മാർ പൗലൊസിനെ സമുദ്രതീരത്തേക്ക് പറഞ്ഞയച്ചു; ശീലാസും തിമൊഥെയോസും അവിടെത്തന്നെ താമസിച്ചു.
15 പൗലൊസിനോടുകൂടെ വഴികാട്ടുവാനായി പോയവർ അവനെ അഥേനയോളം കൊണ്ടുപോയി; ശീലാസും തിമൊഥെയോസും കഴിയുന്ന വേഗത്തിൽ തന്റെ അടുക്കൽ വരേണം എന്നുള്ള കല്പന പൗലൊസിൽനിന്നും വാങ്ങി മടങ്ങിപ്പോന്നു.
16 പൗലൊസ് അഥേനയിൽ അവരെ കാത്തിരിക്കവെ നഗരത്തിൽ ബിംബങ്ങൾ നിറഞ്ഞിരിക്കുന്നത് കണ്ട് ആത്മാവിൽ അവൻ കലങ്ങിപ്പോയി.
17 അതുകൊണ്ട്, അവൻ പള്ളിയിൽവെച്ച് യെഹൂദന്മാരോടും ദൈവഭക്തന്മാരോടും ചന്ത സ്ഥലത്ത് ദിവസേന കണ്ടവരോടും തർക്കിച്ചുപോന്നു.
18 എപ്പിക്കൂര്യരും സ്തോയിക്കരും ആയ തത്വജ്ഞാനികളിൽ ചിലർ അവനോട് വാദിച്ചു: “ഈ വായാടി എന്ത് പറവാൻ പോകുന്നു?” എന്ന് ചിലരും അവൻ യേശുവിനെയും പുനരുത്ഥാനത്തെയും പ്രസംഗിക്കകൊണ്ട്: “ഇവൻ അന്യദേവതകളെ ഘോഷിക്കുന്നവൻ എന്ന് തോന്നുന്നു” എന്നു മറ്റുചിലരും പറഞ്ഞു.
19 പിന്നെ അവനെ പിടിച്ച് അരയോപഗക്കുന്നിന്മേൽ കൊണ്ടുചെന്ന്: “നീ പ്രസ്താവിക്കുന്ന ഈ നവീനോപദേശം ഇന്നത് എന്ന് ഞങ്ങൾക്ക് അറിവുള്ളതോ?
20 നീ അപൂർവങ്ങളായ ചില കാര്യങ്ങളെ ഞങ്ങളുടെ ചെവിയിൽ കടത്തുന്നുവല്ലോ; അത് എന്ത് എന്ന് അറിവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” എന്നു പറഞ്ഞു.
21 (എന്നാൽ അഥേനരും അവിടെ വന്നുപാർക്കുന്ന പരദേശികളും, പുതിയ കാര്യങ്ങൾ വല്ലതും പറയുകയോ കേൾക്കുകയോ ചെയ്യുന്നതിനല്ലാതെ മറ്റൊന്നിനും അവരുടെ സമയം ചിലവഴിച്ചിരുന്നില്ല).
22 പൗലൊസ് അരയോപഗമദ്ധ്യേ നിന്നുകൊണ്ട് പറഞ്ഞത്, “അഥേനപുരുഷന്മാരേ, നിങ്ങൾ എല്ലാറ്റിലും അതിഭക്തന്മാർ എന്ന് ഞാൻ കാണുന്നു.
അപ്പൊ. പ്രവൃത്തികൾ 17 in മലയാളം ബൈബിള്‍