Text copied!
Bibles in Malayalam

അപ്പൊ. പ്രവൃത്തികൾ 13:4-22 in Malayalam

Help us?

അപ്പൊ. പ്രവൃത്തികൾ 13:4-22 in മലയാളം ബൈബിള്‍

4 പരിശുദ്ധാത്മാവ് ബർന്നബാസിനെയും ശൌലിനെയും പറഞ്ഞയച്ചിട്ട് അവർ സെലൂക്യയിലേക്ക് ചെന്ന്; അവിടെനിന്ന് കപ്പൽ കയറി കുപ്രൊസ് ദ്വീപിലേക്ക് പുറപ്പെട്ടു,
5 സലമീസിൽ ചെന്ന് യെഹൂദന്മാരുടെ പള്ളിയിൽ ദൈവവചനം അറിയിച്ചു. യോഹന്നാൻ അവർക്ക് സഹായി ആയിട്ടുണ്ടായിരുന്നു.
6 അവർ മൂവരും ദ്വീപിൽകൂടി പാഫൊസ് വരെ ചെന്നപ്പോൾ ബർയേശു എന്ന് പേരുള്ള യെഹൂദനായ കള്ളപ്രവാചകനായൊരു വിദ്വാനെ കണ്ട്.
7 അവൻ ബുദ്ധിമാനായ സെർഗ്ഗ്യൊസ് പൗലൊസ് എന്ന ദേശാധിപതിയോട് കൂടെ ആയിരുന്നു. സെർഗ്ഗ്യൊസ് പൗലൊസ് ബർന്നബാസിനെയും ശൌലിനെയും വരുത്തി ദൈവവചനം കേൾക്കുവാൻ ആഗ്രഹിച്ചു.
8 എന്നാൽ എലീമാസ് എന്ന ആഭിചാരകൻ (അവന്റെ പേരിന്റെ അർത്ഥം ഇതാണ്) അവരോട് എതിർത്തുനിന്ന് ദേശാധിപതിയുടെ വിശ്വാസം തടുത്തുകളവാൻ ശ്രമിച്ചു.
9 അപ്പോൾ പൗലൊസ് എന്നും പേരുള്ള ശൌൽ പരിശുദ്ധാത്മപൂർണ്ണനായി അവനെ ഉറ്റുനോക്കി:
10 “ഹേ സകലകപടവും സകല ദുഷ്ടതയും നിറഞ്ഞവനേ, പിശാചിന്റെ മകനേ, സർവ്വനീതിയുടെയും ശത്രുവേ, കർത്താവിന്റെ നേർവഴികളെ മറിച്ചുകളയുന്നതിനുള്ള ശ്രമം നീ മതിയാക്കുകയില്ലയോ?
11 ഇപ്പോൾ കർത്താവിന്റെ കരം നിന്നിൽ പതിക്കും; നീ ഒരു സമയത്തേക്ക് സൂര്യനെ കാണാതെ കുരുടനായിരിക്കും” എന്നു പറഞ്ഞു. ഉടൻ തന്നെ ഒരു തിമിരവും ഇരുട്ടും അവന്റെ മേൽ വീണു; കൈപിടിച്ച് നടത്തുന്നവരെ തിരഞ്ഞുകൊണ്ട് അവൻ തപ്പിനടന്നു.
12 ഈ ഉണ്ടായത് ദേശാധിപതി കണ്ടിട്ട് ആശ്ചര്യപ്പെടുകയും കർത്താവിന്റെ ഉപദേശത്തിൽ വിസ്മയിക്കുകയും, വിശ്വസിക്കുകയും ചെയ്തു.
13 പൗലൊസും കൂടെയുള്ളവരും പാഫൊസിൽനിന്ന് കപ്പൽ നീക്കി, പംഫുല്യാദേശത്തിലെ പെർഗ്ഗയ്ക്ക് ചെന്ന്. അവിടെവച്ച് യോഹന്നാൻ അവരെ വിട്ടുപിരിഞ്ഞ് യെരൂശലേമിലേക്കു മടങ്ങിപ്പോയി.
14 അവരോ പെർഗ്ഗയിൽനിന്ന് പുറപ്പെട്ട് പിസിദ്യാദേശത്തിലെ അന്ത്യൊക്യയിൽ എത്തി ശബ്ബത്ത് നാളിൽ യഹൂദന്മാരുടെ പള്ളിയിൽ ചെന്ന് ഇരുന്നു.
15 ന്യായപ്രമാണവും പ്രവാചകപുസ്തകങ്ങളും വായിച്ചുതീർന്നപ്പോൾ പള്ളിപ്രമാണികൾ അവരുടെ അടുക്കൽ ആളയച്ച്: “സഹോദരന്മാരേ, നിങ്ങൾക്ക് ജനത്തോട് സന്ദേശം വല്ലതും പ്രബോധിപ്പാൻ ഉണ്ടെങ്കിൽ അറിയിക്കാം” എന്ന് പറഞ്ഞു.
16 പൗലൊസ് എഴുന്നേറ്റ് ആംഗ്യം കാട്ടി നിർദ്ദേശിച്ചത്: “യിസ്രായേൽ പുരുഷന്മാരും ദൈവഭക്തന്മാരും ആയുള്ളോരേ, ശ്രദ്ധിപ്പിൻ.
17 “യിസ്രായേൽ ജനത്തിന്റെ ദൈവം നമ്മുടെ പിതാക്കന്മാരെ തിരഞ്ഞെടുത്തു, മിസ്രയീംദേശത്തിലെ പ്രവാസകാലത്ത് ജനത്തെ വർദ്ധിപ്പിച്ച്, തന്റെ കയ്യാൽ വീര്യം പ്രവർത്തിച്ചുകൊണ്ട് അവിടെനിന്ന് പുറപ്പെടുവിച്ചു,
18 മരുഭൂമിയിൽ നാല്പത് സംവത്സരകാലത്തോളം അവരുടെ ദുശ്ശാഠ്യം ഉളള സ്വഭാവം സഹിച്ചു,
19 കനാൻദേശത്തിലെ ഏഴ് ജാതികളെ ഒടുക്കി, അവരുടെ ദേശം അവർക്ക് അവകാശമായി വിഭാഗിച്ചുകൊടുത്തു. അങ്ങനെ ഏകദേശം നാനൂറ്റമ്പത് സംവത്സരം കഴിഞ്ഞു.
20 അതിന്റെശേഷം ദൈവം അവർക്ക് ശമൂവേൽ പ്രവാചകൻ വരെ ന്യായാധിപതിമാരെ കൊടുത്തു,
21 അനന്തരം യിസ്രയേൽ ജനം ഒരു രാജാവിനെ ചോദിച്ചു; ദൈവം അവർക്ക് ബെന്യാമിൻ ഗോത്രക്കാരനായ കീശിന്റെ മകൻ ശൗലിനെ നാല്പതാണ്ടേക്ക് നൽകി.
22 അവനെ തള്ളിക്കളഞ്ഞിട്ട് ദാവീദിനെ അവർക്ക് രാജാവായി വാഴിച്ചു: ‘ഞാൻ യിശ്ശായിയുടെ മകനായ ദാവീദിനെ എനിക്ക് ബോധിച്ച പുരുഷനായി കണ്ട്; അവൻ എന്റെ ഹിതം എല്ലാം നിവർത്തിയ്ക്കും’ എന്ന് അവനെക്കുറിച്ച് സാക്ഷ്യം പറഞ്ഞു.
അപ്പൊ. പ്രവൃത്തികൾ 13 in മലയാളം ബൈബിള്‍